Saturday, December 28, 2024
HomeKeralaഅർബുദത്തിന്‌ റോബോട്ടിക്‌ ശസ്‌ത്രക്രിയ ; സർക്കാർ ആശുപത്രികളിൽ ആദ്യം.

അർബുദത്തിന്‌ റോബോട്ടിക്‌ ശസ്‌ത്രക്രിയ ; സർക്കാർ ആശുപത്രികളിൽ ആദ്യം.

തിരുവനന്തപുരം:അർബുദ ചികിത്സാ രംഗത്ത് വൻമാറ്റം സൃഷ്‌ടിക്കാൻ തിരുവനന്തപുരം ആർസിസിയിൽ റോബോട്ടിക്‌ ശസ്‌ത്രക്രിയാ സംവിധാനം. പദ്ധതി 15ന്‌ പകൽ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. സർക്കാർ മേഖലയിലെ ആദ്യ റോബോട്ടിക്‌ ചികിത്സാ സംവിധാനമാണിത്‌.

ഇന്ത്യയിലും വിദേശത്തുമുള്ള വൻകിട ആശുപത്രികളിൽ മാത്രം ലഭ്യമായിരുന്ന റോബോട്ടിക്‌ ശസ്‌ത്രക്രിയ യൂണിറ്റാണ്‌ ആർസിസിയിലും ഒരുക്കുന്നത്‌. പ്രവർത്തനസജ്ജമായ റോബോട്ടിക് സർജറി യൂണിറ്റ്, ഹൈപെക് ചികിത്സാ സംവിധാനം, പേഷ്യന്റ് വെൽഫയർ ആൻഡ്‌ സർവീസ് ബ്ലോക്ക്, ക്ലിനിക്കൽ ലബോറട്ടറി ട്രാക്കിങ്‌ സംവിധാനം എന്നിവയുടെ ഉദ്ഘാടനമാണ്‌ മുഖ്യമന്ത്രി നിർവഹിക്കുക. ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷയാകും.

സർജിക്കൽ റോബോട്ടിന്റെ സഹായത്തോടെ നടത്തുന്ന ശസ്ത്രക്രിയയാണ്‌ റോബോട്ടിക്‌ ശസ്‌ത്രക്രിയ. വിവിധ തരത്തിലുള്ള അർബുദങ്ങളുടെ ചികിത്സയ്ക്ക് ഈ രീതി ഫലപ്രദമാണ്. വേദന കുറയ്ക്കുക, സാധാരണ ജീവിതത്തിലേക്ക് വേഗത്തിൽ തിരിച്ചുകൊണ്ടു വരിക, ശസ്ത്രക്രിയക്കിടയിലുള്ള രക്തസ്രാവം കുറയ്ക്കുക എന്നിവയാണ് പ്രധാന ഗുണങ്ങൾ. ശസ്ത്രക്രിയ വേളയിൽ അർബുദബാധിത ഭാഗത്ത് കീമോതെറാപ്പി നൽകാൻ 1.32 കോടി രൂപ ചെലവഴിച്ചുള്ള ഹൈപെക് അഥവാ ഹൈപ്പർ തെർമിക് ഇൻട്രാ പെരിറ്റോണിയൽ കീമോതെറാപ്പി സംവിധാനവും ആർസിസിയിൽ സജ്ജമാണ്‌.
രോഗീസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് പേഷ്യന്റ് വെൽഫയർ ആൻഡ്‌ സർവീസ് ബ്ലോക്ക് സജ്ജമാക്കിയത്. ക്ലിനിക്കൽ ലാബിലെ പരിശോധനകൾ പൂർണമായും ഓട്ടോമേറ്റഡ് ആക്കുകയും അത് തത്സമയം നിരീക്ഷിക്കാനും സഹായിക്കുന്നതാണ് പുതിയ ക്ലിനിക്കൽ ലബോറട്ടറി ട്രാക്കിങ്‌ സംവിധാനം. കേരളത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. മലബാർ ക്യാൻസർ സെന്ററിലും റോബോട്ടിക് ശസ്‌ത്രക്രിയ ഉടൻ സജ്ജമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments