ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് തിരിച്ചടിയായി കൊഴിഞ്ഞുപോക്ക്. മുതിർന്ന കോൺഗ്രസ് നേതാവും പാർടി ദേശീയ സെക്രട്ടറിയും മൂന്ന് തവണ എംഎൽഎയുമായിരുന്ന അജയ് കപൂറും അമരീന്ദർ സിങ്ങിന്റെ ഭാര്യയും മന്ത്രിയുമായിരുന്ന പ്രിനീത് കൗറും ബിജെപിയിൽ ചേർന്നു.
കഴിഞ്ഞ 37 വർഷക്കാലം കോൺഗ്രസിനുവേണ്ടി ആത്മാർഥമായാണ് പ്രവർത്തിച്ചതെന്നും എന്നാൽ ഇന്ന് രാജ്യത്തിന്റെ പുരോഗതിക്കായി എല്ലാവരും മോദിയുടെ കുടുംബത്തിൽ ചേരണമെന്നും അജയ് പ്രതികരിച്ചു. കോൺഗ്രസിനുള്ളിൽ കൂട്ടായ്മയും ഏകോപനവുമില്ലെന്നും വർഷങ്ങളായി പ്രവർത്തകർ അസ്വസ്ഥരാണെന്നും അജയ് മാധ്യമങ്ങളോട് പറഞ്ഞു. കാൻപുരിൽനിന്ന് ബിജെപി ടിക്കറ്റിൽ അജയ് മത്സരിക്കുമെന്നാണ് സൂചന.
പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ ഭാര്യയായ പ്രിനീത് കൗർ ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പാർടി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കൗർ മത്സരിക്കുമെന്നും സൂചനയുണ്ട്. അമരീന്ദർ സിങ്ങും മകൾ ജയ് ഇന്ദർ കൗറും മകൻ റാണിന്ദർ സിങ്ങും നേരത്തെ ബിജെപിയിൽ ചേർന്നിരുന്നു.
കഴിഞ്ഞ വർഷം പ്രിനീത് കൗറിനെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. 1999 മുതൽ പ്രിനീത് പട്യാല ലോക്സഭാ സീറ്റിൽനിന്ന് മത്സരിച്ച് വിജയിച്ചിരുന്നു. 2014– 17 കാലയളവിൽ പഞ്ചാബ് എംഎൽഎയും 2009 12 കാലയളവിൽ മന്ത്രിയുമായിരുന്നു. 2022 സെപ്തംബറിലാണ് അമരീന്ദർ ബിജെപിയിലെത്തിയത്.