ന്യൂഡൽഹി: ശത്രുരാജ്യത്തെ നേരിടുന്നതുപോലെയാണ് ബിജെപി ഭരിക്കുന്ന ഹരിയാനയിലെ പൊലീസ് ശംഭു അതിർത്തിയിൽ ആക്രമിച്ചതെന്ന് ‘ഡൽഹി ചലോ’ മാർച്ചിൽ പങ്കെടുക്കുന്ന കർഷകർ. രാജ്യത്ത് ആദ്യമായി ഡ്രോൺ ഉപയോഗിച്ച് കണ്ണീർവാതകം തൊടുത്തതിനു പുറമെ കർഷകർക്കുനേരെ റബർ വെടിയുണ്ടകളും പെല്ലറ്റും പ്രയോഗിച്ചു. പഞ്ചാബിൽനിന്ന് എത്തിയ ഒട്ടേറെ കർഷകർ ശംഭു അതിർത്തിയിലുണ്ടായ പൊലീസ് അതിക്രമങ്ങളിൽ പരിക്കേറ്റ് ആശുപത്രികളിലാണ്.
ക്രൂരമായ ആക്രമണമാണ് നേരിട്ടതെന്ന് കാലിന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായ ജസ്‌പാൽ സിങ് (71) പറഞ്ഞു.ഇരുപത്തിനാലുകാരനായ രഞ്‌ജീത് സിങ്ങിന് ദേഹമാസകലം പരിക്കേറ്റു. ശത്രുരാജ്യത്തുനിന്ന് വന്നവരോട് എന്നപോലെയാണ് പൊലീസ് പെരുമാറിയത്. ശംഭു അതിർത്തി ഇന്ത്യ പാകിസ്ഥാൻ അതിർത്തിയാണോയെന്നും രഞ്‌ജീത് സിങ് ചോദിച്ചു. കാഴ്‌ചശക്തി നഷ്ടപ്പെടുത്തുന്ന വിധത്തിലാണ് ഡ്രോൺ ഉപയോഗിച്ച് കണ്ണീർവാതകം പ്രയോഗിച്ചത്. മൂന്നു പേർക്ക് കാഴ്‌ചശക്തി നഷ്ടമായിട്ടുണ്ട്. ഹരിയാന പൊലീസ് 4500ഓളം കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചതായാണ് കണക്ക്.
കണ്ണീർവാതക ഷെൽ പൊട്ടി മൻമീന്ദർ സിങ് എന്ന കർഷകന്റെ കാലിലുണ്ടായ മുറിവിൽ പതിനഞ്ചോളം തുന്നലിടേണ്ടി വന്നു. രാജ്‌പുര ആശുപത്രിയിൽമാത്രം പരിക്കേറ്റ അറുപതിൽപ്പരം കർഷകരെ പ്രവേശിപ്പിച്ചു. തലയിലും കണ്ണിലും ഗുരുതരമായി പരിക്കേറ്റവരെ പാട്യാല ആശുപത്രിയിലേക്ക് മാറ്റി. ഖനൗരി അതിർത്തിയിൽനിന്ന് പാട്യാല ആശുപത്രിയിൽ 20ൽപ്പരം കർഷകരെ കൊണ്ടുവന്നു.
ആഴത്തിലുള്ള മുറിവുള്ളവരും കൈകാലുകൾ ഒടിഞ്ഞവരുമുണ്ട്. തങ്ങളുടെ അതിർത്തിയിൽ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതിനെതിരെ പഞ്ചാബ് സർക്കാർ ഹരിയാനയ്‌ക്ക് കത്ത് നൽകിയിട്ടുണ്ട്. കശ്‌മീരിൽ പ്രതിഷേധക്കാർക്കുനേരെ ഉപയോഗിച്ച് വൻ വിവാദമായ പെല്ലറ്റുകളും കർഷകർക്കുനേരെ പ്രയോഗിച്ചു. പ്രക്ഷോഭങ്ങൾ നേരിടാൻ പെല്ലറ്റുകൾ ഉപയോഗിക്കുന്നതിനെതിരെ ആംനെസ്‌റ്റി ഇന്റർനാഷണൽ പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.