Monday, September 16, 2024
Homeകേരളംകോഴിക്കോട്ട് നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ്‌ ; ക്ലാസുകൾ നാളെമുതൽ.

കോഴിക്കോട്ട് നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ്‌ ; ക്ലാസുകൾ നാളെമുതൽ.

കോഴിക്കോട്‌: സംസ്ഥാന സർക്കാരിന്റെ നോർക്ക റൂട്ട്സ്‌ നേതൃത്വത്തിൽ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ്‌ (എൻഐഎഫ്എൽ) കേന്ദ്രം കോഴിക്കോട്ട് തുടങ്ങി. ചിന്താവളപ്പിലെ സി എം മാത്യു സൺസ് കെട്ടിടത്തിലുള്ള കേന്ദ്രം മേയർ ബീന ഫിലിപ്പ് ഉദ്ഘാടനംചെയ്തു. നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ അധ്യക്ഷനായി. ലാംഗ്വേജ് ലാബിന്റെ ഉദ്ഘാടനവും ശിലാഫലകത്തിന്റെ അനാച്ഛാദനവും അദ്ദേഹം നിർവഹിച്ചു.

ഇംഗ്ലീഷിൽ ഒഇടി, ഐഇഎൽടിഎസ്‌, ജർമനിൽ സിഇഎഫ്‌ആർ എ -1, എ -2, ബി -1, ലെവൽ വരെയുള്ള കോഴ്‌സുകളാണ് ഇവിടെ ആദ്യഘട്ടത്തിലുണ്ടാവുക. രാവിലെ ഒമ്പത് മുതൽ പകൽ ഒന്നുവരെയും ഒന്നുമുതൽ വൈകിട്ട് അഞ്ചുവരെയും രണ്ട് ബാച്ചുകളായാണ് ക്ലാസ്. ഒരു ബാച്ചിൽ 100 വിദ്യാർഥികളുണ്ടാകും. ക്ലാസ്‌ തിങ്കളാഴ്ച തുടങ്ങും. നോർക്ക റൂട്ട്സ് സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി, വാർഡ്‌ കൗൺസിലർ പി കെ നാസർ, ഹോം ഒതന്റിക്കേഷൻ ഓഫീസർ എസ്‌ സുഷമാഭായി എന്നിവർ സംസാരിച്ചു.

വിദേശ തൊഴിൽദാതാവുമായി നേരിട്ട് അഭിമുഖം.
ഓഫ്‌ലൈൻ കോഴ്സുകളിൽ ബിപിഎൽ, എസ്‌സി, എസ്‌ടി വിഭാഗക്കാർക്ക് പഠനം സൗജന്യമാണ്. എപിഎൽ, ജനറൽ വിഭാഗക്കാർക്ക് 75 ശതമാനം സബ്സിഡി ലഭിക്കും. മൈഗ്രേഷൻ ഫെസിലിറ്റേഷൻ സെന്ററായി കേന്ദ്രം പ്രവർത്തിക്കും. പഠനം പൂർത്തിയാക്കുന്നവർക്ക് നോർക്കവഴിയുള്ള വിദേശ റിക്രൂട്ട്മെന്റിൽ മുന്തിയ പരിഗണന ലഭിക്കും. വിദേശ തൊഴിൽദാതാവുമായി അഭിമുഖം, അന്താരാഷ്ട്ര തലത്തിലുള്ള അഭിമുഖങ്ങളിൽ പങ്കെടുക്കാനുള്ള പരിശീലനം എന്നിവയും നൽകും. ആധുനിക സൗകര്യങ്ങളുള്ള നാല് സൗണ്ട് പ്രൂഫ് ക്ലാസ്‌ മുറികൾ എന്നിവയാണ് നോർക്കയുടെ രണ്ടാമത്തെ എൻഐഎഫ്എൽ കേന്ദ്രമായ കോഴിക്കോട് ഒരുക്കിയത്. കഴിഞ്ഞ മാർച്ചിൽ തിരുവനന്തപുരത്താണ് ആദ്യ കേന്ദ്രം തുടങ്ങിയത്. മൂന്നാമത് കേന്ദ്രം കോട്ടയത്ത് തുടങ്ങും.

RELATED ARTICLES

Most Popular

Recent Comments