Thursday, April 25, 2024
Homeഇന്ത്യപൊളിഞ്ഞത്‌ മോദി ‘ഗ്യാരന്റി’ ; ഡൽഹി ചലോ മാർച്ചും ഗ്രാമീണ ബന്ദും ബിജെപിക്കും കേന്ദ്രത്തിനും കനത്ത...

പൊളിഞ്ഞത്‌ മോദി ‘ഗ്യാരന്റി’ ; ഡൽഹി ചലോ മാർച്ചും ഗ്രാമീണ ബന്ദും ബിജെപിക്കും കേന്ദ്രത്തിനും കനത്ത തിരിച്ചടി.

ന്യൂഡൽഹി: കർഷകരുടെ ഡൽഹി ചലോ മാർച്ചും ഗ്രാമീണ ബന്ദും ബിജെപിക്കും കേന്ദ്രത്തിനും കനത്ത തിരിച്ചടിയായി. തെരഞ്ഞെടുപ്പ്‌ കാലത്ത്‌ ബിജെപി സർക്കാർ മറച്ചുവയ്‌ക്കാൻ ശ്രമിച്ച ജനകീയപ്രശ്‌നങ്ങൾ രാജ്യവ്യാപകമായി ചർച്ചചെയ്യപ്പെടുന്നതിന് ഈ രണ്ട്‌ പ്രക്ഷോഭവും വഴിയൊരുക്കിയെന്ന്‌ കർഷകസംഘടനകൾ വിലയിരുത്തുന്നു. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരിൽ മുതലെടുപ്പ്‌ നടത്താനുള്ള ശ്രമങ്ങൾ പൊളിയുകയാണ്‌.

രാജ്യത്തെ കാർഷിക–-ഗ്രാമീണ മേഖലകളിൽ കടുത്ത പ്രതിസന്ധിയാണെന്ന്‌ സർക്കാർ കണക്കുകളിൽനിന്ന്‌ വ്യക്തമാണ്‌. 2023 ഒക്‌ടോബർ–-ഡിസംബർ പാദത്തിൽ ഗ്രാമീണ മേഖലയിൽ 20–-24 പ്രായപരിധിയിൽ തൊഴിലില്ലായ്‌മ 43.79 ശതമാനമായിരുന്നെന്ന്‌ സെന്റർ ഫോർ മോണിറ്ററിങ്‌ ഇന്ത്യൻ ഇക്കണോമി റിപ്പോർട്ടിൽ പറയുന്നു. 25–-29 പ്രായപരിധിയിൽ 13.09 ശതമാനവും. തൊഴിലുറപ്പ്‌ പദ്ധതിപ്രകാരം ജോലി തേടുന്നവരുടെ എണ്ണം വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. കർഷകരുടെ വരുമാനം ഇടിഞ്ഞതിനെ തുടർന്ന്‌ ഗ്രാമീണ മേഖലയിലുണ്ടായ തളർച്ചയാണ്‌ തൊഴിലില്ലായ്‌മ പെരുകാൻ കാരണം. ഇതേതുടർന്ന്‌ നഗരങ്ങളിലേയ്ക്ക്‌ കുടിയേറ്റം വർധിച്ചു.

ഇതൊക്കെ ചേർന്ന്‌ സൃഷ്ടിച്ച പ്രശ്‌നങ്ങൾ മൂടിവയ്‌ക്കാൻ ബിജെപി സർക്കാർ വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ചുവരികയാണ്‌. മോദി കി ഗ്യാരന്റി ഇതിന്റെ ഭാഗമാണ്‌.
വിളകൾക്ക്‌ ന്യായവില ആവശ്യപ്പെട്ട്‌ കർഷകർ വീണ്ടും പ്രക്ഷോഭം തുടങ്ങിയതോടെ ഈ ഗ്യാരന്റിയുടെ പൊള്ളത്തരം മറനീക്കി. 2014ലെ തെരഞ്ഞെടുപ്പിൽ ബിജെപി വാഗ്‌ദാനം ചെയ്‌തതാണ്‌ സ്വാമിനാഥൻ കമീഷൻ ശുപാർശ പ്രകാരമുള്ള മിനിമം താങ്ങുവില. മിനിമം താങ്ങുവില പ്രായോഗികമല്ലെന്നും അത്‌ സമ്പദ്‌ഘടനയ്ക്ക്‌ താങ്ങാൻ കഴിയില്ലെന്നുമാണ്‌ അധികാരം കിട്ടിയശേഷമുള്ള നിലപാട്‌. മോദിയുടെ ഉറപ്പ്‌ വിശ്വസിക്കാൻ കഴിയുന്നതല്ലെന്ന്‌ രാജ്യത്തെ ബോധ്യപ്പെടുത്തുന്നതാണ്‌ കർഷകപ്രക്ഷോഭം.

RELATED ARTICLES

Most Popular

Recent Comments