ഗുവാഹത്തി; പ്രളയം രൂക്ഷമായി തുടരുന്ന അസമിൽ അച്ഛനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവെ മൂടിയില്ലാത്ത ഓടയിൽവീണ എട്ടുവയസുകാരന്റെ മൃതദേഹം നാലു ദിവസത്തിനുശേഷം കണ്ടെത്തി. ഗുവാഹത്തിയിലെ ജ്യോതി നഗറിൽ വ്യാഴാഴ്‌ച അപകടത്തിൽപ്പെട്ട അഭിനാഷ് സർക്കാരിന്റെ മൃതദേഹം നാല് കിലോമീറ്റർ അകലെ രാജ്‌ഗഡ് മേഖലയിൽനിന്നാണ് ഞായറാഴ്‌ച കണ്ടെത്തിയത്.
വീട്ടിലേക്ക് പോകുന്നതിനിടെ സ്‌കൂട്ടറിൽനിന്ന് പിടിവിട്ട് കുട്ടി ഓടയിൽവീഴുകയായിരുന്നു. അഭിനാഷിന്റെ അച്ഛൻ ഓടയിലിറങ്ങി മകനെ തിരയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതേസമയം, ബ്രഹ്മപുത്ര അടക്കം പ്രധാന നദികളിലെ ജലനിരപ്പ് അപകടകരമായി ഉയർന്ന നിലയിൽ തുടരുന്നു. ശനിയാഴ്‌ച ആറുപേർകൂടി മരിച്ചതോടെ മരണസംഖ്യ 58 ആയി. ഇതോടെ, ഈ വർഷം സംസ്ഥാനത്ത് പ്രളയ അനുബന്ധ അപകടങ്ങളിൽ 70 പേരാണ് മരിച്ചത്. 29 ജില്ലകളിലായി 24 ലക്ഷം പേർ ദുരിതത്തിലാണെന്ന് അധികൃതർ അറിയിച്ചു.
ധുബ്രി ജില്ലയിൽ മാത്രം 7.9 ലക്ഷംപേരെ പ്രളയം ബാധിച്ചു. 577 ദുരിതാശ്വാസ ക്യാമ്പുകളിലായി 53,000ൽ ഏറെപേർ അഭയംതേടി. കാസിരംഗ ദേശീയ ഉദ്യാനത്തിൽ 114 മൃഗങ്ങൾ ചത്തു. ബിഹാർ, പശ്ചിമബംഗാൾ, മഹാരാഷ്‌ട്ര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ മഴ ശക്തമായതോടെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.