Sunday, December 22, 2024
Homeഇന്ത്യവരുണ്‍ഗാന്ധി ഇല്ലാത്ത പിലിഭിത്തില്‍ മത്സരം കടുപ്പിക്കാന്‍ എസ്.പി.

വരുണ്‍ഗാന്ധി ഇല്ലാത്ത പിലിഭിത്തില്‍ മത്സരം കടുപ്പിക്കാന്‍ എസ്.പി.

ലഖ്‌നൗ: ‘വരുണ്‍ ഗാന്ധിയെ അവര്‍ (ബി.ജെ.പി) വെട്ടിയത് അവര്‍ക്ക് തിരിച്ചടിയാവും. ഇവിടെ മനേക ഗാന്ധിയും വരുണ്‍ ഗാന്ധിയും മാറിമാറി ജയിച്ചുവന്ന മണ്ഡലമാണ്. കഴിഞ്ഞ ദിവസം നിങ്ങള്‍ കണ്ടില്ലേ, പ്രധാനമന്ത്രിയുടെ റാലിയില്‍ പോലും ഇരുവരെയും കണ്ടില്ല. മാത്രമല്ല, ഇവിടത്തെ പ്രബലസമുദായമായ കുര്‍മിയില്‍ പെട്ട ഗാങ്വാറുകളെ പൂര്‍ണമായും തഴഞ്ഞു. അവരെല്ലാം ഇത്തവണ എസ്.പിക്കായി നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ‘- പിലിഭിത്ത് പട്ടണത്തിലെ നക്തദാന സ്‌ക്വയറിലുള്ള സമാജ് വാദി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലിരുന്ന് സ്ഥാനാര്‍ഥി ഭഗവദ് ശരണ്‍ ഗാങ്വാറിന്റെ സെക്രട്ടറി യോഗേഷ് യാദവ് ആവേശം കൊണ്ടു.

നല്ലയളവില്‍ മുസ്ലിങ്ങളും തൊട്ടുപിന്നില്‍ കുര്‍മികളുമുള്ള പിലിഭിത്തില്‍ ഇവരെല്ലാം ഇന്ത്യാ മുന്നണിക്കായി ഒരുമിച്ച് നില്‍ക്കുമെന്നാണ് എസ്.പിയുടെ കണക്കുകൂട്ടല്‍. യാദവരടക്കമുള്ള ഒ.ബി.സി പിന്തുണയുമുറപ്പാക്കുമ്പോള്‍ വിജയമുറപ്പെന്ന് പല കണക്കുകൂട്ടലുകളിലൂടെ എസ്.പി പ്രവര്‍ത്തകര്‍ ഉറപ്പിക്കുന്നു.

രാവിലെ ഏഴ് മണിക്കുതന്നെ പാര്‍ട്ടി ഓഫീസിലേക്ക് പ്രവര്‍ത്തകരെത്തിത്തുടങ്ങി. ഒമ്പത് മണിയായപ്പോഴേക്കും ഓഫീസും പരിസരത്തും നിറഞ്ഞുകവിഞ്ഞ ആള്‍ക്കൂട്ടം. പുറത്ത് സൈക്കിള്‍ ചിഹ്നത്തിന്റെ ഫ്‌ളക്‌സുകള്‍ പതിപ്പിച്ച വാഹനത്തില്‍ നിന്ന് അനൗണ്‍സ്മെന്റ് പറപറക്കുന്നു. ‘ഹമാരാ പ്രത്യാശി ഭഗവദ് ശരണ്‍ ഗാങ്വാര്‍…’

ഗാങ്വാറെത്തിയപ്പോള്‍ ഒമ്പത് മണി പിന്നിട്ടു. പ്രവര്‍ത്തകര്‍ താണുവണങ്ങുന്നു. കാല്‍ തൊട്ടു വന്ദിക്കുന്നു. സാധാരണക്കാര്‍ തൊട്ട് പ്രമാണിമാര്‍ വരെയുണ്ട് കൂട്ടത്തില്‍. ചിലരെല്ലാം പരിഭവങ്ങള്‍ പങ്കുവച്ച് ഒപ്പം ചേര്‍ന്ന് നടക്കുന്നു. പട്ടണത്തില്‍ നിന്ന് 40 കി.മീ. അകലെയുള്ള ഫുരന്‍പൂരിലേക്ക് സ്ഥാനാര്‍ഥി പുറപ്പെടുമ്പോള്‍ ഏറെക്കുറെ പന്ത്രണ്ട് മണിയായി. വെള്ളിയാഴ്ച എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഇവിടെ പ്രചരണത്തിനെത്തുന്നുണ്ട്. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പിലിഭിത്തിന് പാര്‍ട്ടി അതീവപ്രാധാന്യം ഇക്കുറി കല്പിക്കുന്നതിന്റെ തെളിവ് കൂടിയാണ് ഈ വരവെന്ന് പ്രവര്‍ത്തകര്‍.

‘ബി.ജെ.പി സ്ഥാനാര്‍ഥിയായ ജിതിന്‍ പ്രസാദ് വരത്തനാണ്. ഷാജഹാന്‍പൂരില്‍ നിന്നുവന്നയാള്‍. ഗാങ്വാര്‍ തൊട്ടടുത്തുള്ള ബറേലിയിലുള്ളയാള്‍. പക്ഷേ അദ്ദേഹത്തിന് ചുമതല പിലിഭിത്തിലാണ് കുറേക്കാലമായി ‘- യോഗേഷ് യാദവ് പറഞ്ഞു. മുന്‍ മന്ത്രി കൂടിയാണ് ഗാങ്വാര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments