വിവാഹത്തിന് മുമ്പ് ചിരി നന്നാക്കാനുള്ള ശസ്ത്രക്രിയക്കിടെ യുവാവ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ലക്ഷ്മി നാരായണ വിൻജം (28) വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പ് മരിച്ചത്. യുവാവ് ശസ്ത്രക്രിയയ്ക്ക് വിധേയനായത് വീട്ടുകാരെ അറിയിക്കാതെയായിരുന്നു.
ഹൈദരാബാദ് ജൂബിലി ഹിൽസിലെ എഫ്.എം.എസ് ഇന്റർനാഷനൽ ദന്തൽ ക്ലിനിക്കിനെതിരെയാണ് യുവാവിൻ്റെ കുടുംബം സംഭവത്തിൽ പരാതി നൽകിയിരിക്കുയത്. അനസ്തേഷ്യയിലെ പിഴവാണ് മരണകാരണമെന്ന് പിതാവ് രാമുലു വിൻജം ആരോപിച്ചു.
ശസ്ത്രക്രിയക്കിടെ മകന് ബോധക്ഷയമുണ്ടായതിനെ തുടർന്ന് ജീവനക്കാർ വിളിച്ച് ക്ലിനിക്കിലേക്ക് വരാൻ പറഞ്ഞു. ഞങ്ങളെത്തി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
ശാരീരിക പ്രയാസങ്ങളൊന്നുമില്ലാത്തതിനാൽ മകൻ ശസ്ത്രക്രിയയുടെ വിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ലെന്നും മരണത്തിന് ഉത്തരവാദികൾ ഡോക്ടർമാരാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിന്റെ പരാതിയിൽ ക്ലിനിക്കിനെതിരെ കേസെടുത്തിട്ടുണ്ട്.