Friday, December 27, 2024
Homeഇന്ത്യഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വീണ്ടും തിഹാർ ജയിലേക്ക് മടങ്ങി.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വീണ്ടും തിഹാർ ജയിലേക്ക് മടങ്ങി.

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) കൺവീനറുമായ അരവിന്ദ് കെജ്രിവാൾ ജാമ്യ കാലാവധി അവസാനിച്ചതോടെ തിഹാർ ജയിലേക്ക് മടങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനായി സുപ്രീം കോടതി അനുവദിച്ച 21 ദിവസത്തെ ഇടക്കാല ജാമ്യം അവസാനിച്ചതോടെയാണ് കെജ്രിവാൾ ജയിലിലേക്ക് മടങ്ങിയത്. ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം നീട്ടണമെന്ന ആവശ്യവുമായി കെജ്രിവാൾ വിചാരണാ കോടതിയെ സമീപിച്ചെങ്കിലും വിധി പറയുന്നത് ജൂൺ അഞ്ചിലേക്ക് മാറ്റിയിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനായി മേയ് 10നാണ് സുപ്രീം കോടതി കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ജയിലിൽ കീഴടങ്ങുന്നതിന് മുന്നോടിയായി ഭാര്യ സുനിത കെജ്രിവാൾ, ഡൽഹിയിലെ മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ്, കൈലാഷ് ഗെഹ്‍ലോട്ട്, മറ്റ് എഎപി നേതാക്കൾ എന്നിവ‍ർക്കൊപ്പം ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ട് സന്ദർശിച്ചു. തലേന്ന്, പാ‍ർട്ടി യോഗത്തിലും ഇന്ത്യ സഖ്യത്തിൻ്റെ യോഗത്തിലും കെജ്രിവാൾ പങ്കെടുത്തിരുന്നു.

ജയിലിലേക്ക് മടങ്ങുന്നതിനു മുന്നോടിയായി പാ‍ർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത കെജ്രിവാൾ, എക്സിറ്റ് പോൾ ഫലം വ്യാജമാണെന്ന് അഭിപ്രായപ്പെട്ടു. വോട്ടെണ്ണലിന് മൂന്ന് ദിവസം മുൻപ് എക്സിറ്റ് പോൾ ഫലം പുറത്തുവിട്ടത് വോട്ടിങ് മെഷീനിൽ കൃത്യമം കാട്ടാനാണെന്നും കെജ്രിവാൾ ആരോപിച്ചു.

എക്സിറ്റ് പോളുകളെല്ലാം വ്യാജമാണ്. ഒരു എക്‌സിറ്റ് പോൾ രാജസ്ഥാനിൽ ബിജെപിക്ക് 33 സീറ്റുകൾ നൽകിയപ്പോൾ അവിടെ 25 സീറ്റുകൾ മാത്രമാണുള്ളത്. വോട്ടെണ്ണലിൻ്റെ മൂന്ന് ദിവസം മുൻപ് അവർ എന്തിനാണ് വ്യാജ എക്‌സിറ്റ് പോൾ നടത്തിയത്. അത് വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടത്താനാണ്”- കെജ്രിവാൾ ആരോപിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീം കോടതി തനിക്ക് 21 ദിവസത്തെ ജാമ്യം അനുവദിച്ച കോടതിയോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഇന്ന് താൻ വീണ്ടും തിഹാർ ജയിലിലേക്ക് പോകുകയാണ്. 21 ദിവസങ്ങളിൽ ഒരു മിനിറ്റ് പോലും താൻ പാഴാക്കിയില്ല. എഎപിക്ക് വേണ്ടി മാത്രമല്ല വിവിധ പാർട്ടികൾക്കുവേണ്ടിയാണ് താൻ പ്രചാരണം നടത്തിയത്. മുംബൈ, ഹരിയാന, യുപി, ജാർഖണ്ഡ് എന്നിവിടങ്ങളിൽ പോയി. ആം ആദ്മി പാർട്ടി അല്ല, രാജ്യമാണ് പ്രധാനം. താൻ വീണ്ടും ജയിലിൽ പോകുന്നത് അഴിമതി നടത്തിയതുകൊണ്ടല്ല, ഏകാധിപത്യത്തിനെതിരെ ശബ്ദമുയർത്തിയതുകൊണ്ടാണെന്ന് ഡൽഹിയിലെ ജനങ്ങളോട് പറയാൻ ആഗ്രഹിക്കുന്നുവെന്നും കെജ്രിവാൾ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments