ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി. 18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ മൂന്നാം ഘട്ടത്തിൽ 10 സംസ്ഥാനങ്ങളിലും 1 കേന്ദ്രഭരണ പ്രദേശത്തുമായി 94 മണ്ഡലങ്ങളിൽ പോളിംഗ് നടക്കുന്നു. രാവിലെ 7 മണി മുതൽ ആരംഭിച്ച പോളിംഗ് വൈകിട്ട് 5 മണി വരെ തുടരും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്തി. ആദ്യ രണ്ട് ഘട്ട വോട്ടെടുപ്പിൽ ഒന്നാം ഘട്ടത്തിൽ (ഏപ്രിൽ 19) 66.14 ശതമാനവും രണ്ടാം ഘട്ടത്തിൽ (ഏപ്രിൽ 26) 66.71 ശതമാനവും പോളിങ് രേഖപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ 9 മണി വരെയുള്ള കണക്ക് പ്രകാരം 10.57% പോളിംഗാണ് രേഖപ്പെടുത്തിയത്. അസം 10.12%, ബീഹാർ 10.03%, ഛത്തീസ്ഗഡ് 13.24%, ദാദ്ര & നഗർ ഹവേലി, ദാമൻ & ദിയു 10.13%, ഗോവ 12.35%, ഗുജറാത്ത് 9.87%, കർണാടക 9.45%, മധ്യപ്രദേശ് 14.22%, മഹാരാഷ്ട്ര 6.64%, ഉത്തർപ്രദേശ് 11.63%, പശ്ചിമ ബംഗാൾ 14.60% എന്നിങ്ങനെയാണ് പോളിംഗ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ മൂന്നാം ഘട്ടത്തിൽ അസം (4 സീറ്റുകൾ), ബീഹാർ (5 സീറ്റുകൾ), ഛത്തീസ്ഗഡ് (7 സീറ്റുകൾ), ഗോവ (2 സീറ്റുകൾ), ഗുജറാത്ത് (26 സീറ്റുകൾ), കർണാടക (14 സീറ്റുകൾ) എന്നിവ ഉൾപ്പെടുന്നു. മധ്യപ്രദേശ് (8 സീറ്റുകൾ), മഹാരാഷ്ട്ര (11 സീറ്റുകൾ), ഉത്തർപ്രദേശ് (10 സീറ്റുകൾ), പശ്ചിമ ബംഗാൾ (4 സീറ്റുകൾ), ജമ്മു കശ്മീർ (1 സീറ്റ്), ദാദ്ര ആൻഡ് നഗർ ഹവേലി, ദാമൻ ആൻഡ് ദിയു (2 സീറ്റുകൾ).
ഗുജറാത്തിലെ ഗാന്ധിനഗർ, മധ്യപ്രദേശിലെ ഗുണ, വിദിഷ, രാജ്ഗഡ്, മഹാരാഷ്ട്രയിലെ ബാരാമതി, ഉത്തർപ്രദേശിലെ മെയിൻപുരി, കർണാടകത്തിലെ ധാർവാഡ് എന്നിവയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ മൂന്നാം ഘട്ടത്തിലെ പ്രധാന മണ്ഡലങ്ങൾ. 1351 സ്ഥാനാർത്ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. പ്രമുഖ പാർട്ടി നേതാക്കളായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്, പ്രഹ്ളാ ജോഷി, ശിവരാജ് സിംഗ് ചൗഹാൻ, എസ് പി നേതാവ് ഡിമ്പിൾ യാഥവ്, സുപ്രിയ സുലെ എന്നി പ്രമുഖരും ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്.