കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഭാരത് ഭവന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫ്രൈഡേ ഫിലിം സ്‌ക്രീനിംഗിന്റെ ഭാഗമായി 2024 ജനുവരി 19 വെള്ളിയാഴ്ച വിഖ്യാത സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സെസിയുടെ ‘ഹ്യൂഗോ’ പ്രദര്‍ശിപ്പിക്കും. വൈകിട്ട് 6 മണിക്ക് തൈക്കാട് ഭാരത് ഭവനില്‍ നടക്കുന്ന പ്രദര്‍ശനത്തിന് പ്രവേശനം സൗജന്യമായിരിക്കും. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.
2011ല്‍ വിഷ്വല്‍ ഇഫക്റ്റ്‌സ്, ഛായാഗ്രഹണം, കലാസംവിധാനം, ശബ്ദമിശ്രണം, ദൃശ്യസംയോജനം എന്നീ വിഭാഗങ്ങളില്‍ അഞ്ച് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രമാണിത്. ഈ ചിത്രം സ്‌കോര്‍സെസിക്ക് മികച്ച സംവിധായകനുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡും നേടിക്കൊടുത്തു.
ചലച്ചിത്രചരിത്രത്തിലെ ആദ്യ സയന്‍സ് ഫിക്ഷന്‍ സിനിമയായ ‘എ ട്രിപ് റ്റു ദ മൂണ്‍’ എന്ന ദൃശ്യവിസ്മയം സൃഷ്ടിച്ച സംവിധായകന്‍ ജോര്‍ജെ മെലിയസിന്റെ കഥ ഒരു കുട്ടിയുടെ കാഴചപ്പാടില്‍ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തില്‍.
1930കളിലെ പാരീസിലാണ് ചിത്രം തുടങ്ങുന്നത്. ഒരു ട്രെയിന്‍ സ്റ്റേഷനിലെ ഘടികാരങ്ങളെ എണ്ണയിട്ടു പരിപാലിക്കുകയാണ് 12 കാരനായ ഹ്യൂഗോ കാബ്രറ്റിന്റെ ജോലി. അച്ഛന്‍ ജോലി ചെയ്തിരുന്ന മ്യൂസിയത്തിലുണ്ടായിരുന്ന പേന കൊണ്ട് എഴുതാന്‍ കഴിയുന്ന യന്ത്രമനുഷ്യനെ റിപ്പയര്‍ ചെയ്‌തെടുക്കാന്‍ അവനും അച്ഛനും ശ്രമിച്ചിരുന്നു. അച്ഛന്‍ തീപ്പിടുത്തത്തില്‍ മരിച്ചതിനുശേഷം ഹ്യൂഗോ അച്ഛന്റെ നോട്ടുബുക്ക് നോക്കി അത് വീണ്ടും റിപ്പയര്‍ ചെയ്യാനൊരുങ്ങുന്നു. അതിനായി ഒരു കളിപ്പാട്ടക്കടയില്‍നിന്ന് പാര്‍ട്‌സ് മോഷ്ടിക്കുന്നതിനിടെ കടയുടമയായ ജോര്‍ജെ മെലിയസ് അവനെ പിടികൂടുന്നു. കടയില്‍ ജോലി ചെയ്യാന്‍ ഹ്യൂഗോ നിര്‍ബന്ധിതനാവുന്നു. മെലിയസിന്റെ പേരക്കുട്ടി ഇസബെല്ല അണിഞ്ഞ ഹൃദയാകൃതിയിലുള്ള താക്കോലുപയോഗിച്ച് യന്ത്രമനുഷ്യനെ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ അത് ആദ്യം വരയ്ക്കുന്നത് ‘ദ ട്രിപ്പ് റ്റു ദ മൂണ്‍’ എന്ന ചിത്രത്തിലെ ഒരു ദൃശ്യമാണ്.
തുടര്‍ന്ന് ചലച്ചിത്ര ചരിത്രത്തെപ്പറ്റിയുള്ള ഒരു പുസ്തകത്തില്‍നിന്ന് മെലിയസിന്റെ സംഭാവനകളെക്കുറിച്ച് അവര്‍ക്ക് അറിവു കിട്ടുന്നു. ഒന്നാംലോക മഹായുദ്ധത്തിനുശേഷം കടം കയറി ചലച്ചിത്രരംഗത്തു നിന്ന് തന്റെ സിനിമകള്‍ക്കൊപ്പം അപ്രത്യക്ഷനായ മെലിയസ് ഒരു കളിപ്പാട്ടക്കടക്കാരനായി ആരോരുമറിയാതെ കഴിയുന്ന വിവരം കുട്ടികള്‍ ആ ഗ്രന്ഥകര്‍ത്താവിനെ അറിയിക്കുന്നു. തുടര്‍ന്ന് മെലിയസിന്റെ സിനിമകള്‍ കണ്ടെടുക്കപ്പെടുന്നു.
126 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.