അടിവയറ്റില്‍ കൊഴുപ്പടിഞ്ഞ് അരവണ്ണം കൂടുന്നത് പ്രമേഹം, ഹൃദ്രോഗം പോലെ ഗുരുതരമായ പല ശാരീരിക പ്രശ്നങ്ങളെയും കുറിച്ചുള്ള മുന്നറിയിപ്പാണ്. പുരുഷന്മാരില്‍ 90 സെന്റിമീറ്ററും സ്ത്രീകളില്‍ 80 സെന്റിമീറ്ററുമാണ് പരമാവധി ആകാവുന്ന അരവണ്ണം. ഇതിന് മുകളിലേക്കുള്ള അരയുടെ വണ്ണം ഉയര്‍ന്ന കൊളസ്ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, ഹൃദ്രോഗം പോലെ പല ആരോഗ്യ പ്രശ്നങ്ങളുടെയും സാധ്യത വര്‍ധിപ്പിക്കും.
ശരീരത്തില്‍ ഇന്‍സുലിന്‍ പ്രതിരോധം വളരുന്നതിന്റെയും ലക്ഷണമാണ് അടിവയറ്റിലെ കൊഴുപ്പ്. അമിതമായ കൊഴുപ്പ് സൈറ്റോകീനുകള്‍, അഡിപ്പോസൈറ്റോകീനുകള്‍ പോലുള്ള പലതരം കെമിക്കലുകളുടെ സംഭരണിയാണ്. ഇതിലെ അഡിപ്പോസൈറ്റോകീനുകള്‍ ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകുന്നു.
ഇന്‍സുലിന്‍ സംവേദനത്വം മെച്ചപ്പെടുത്തുകയും പ്രമേഹം നിയന്ത്രിക്കുകയും ചെയ്യുന്ന മറ്റൊരു കെമിക്കലായ അഡിപ്പോനെക്റ്റിന്റെ തോത് അടിവയറ്റില്‍ കൊഴുപ്പ് അടിയും തോറും കുറഞ്ഞു കൊണ്ടിരിക്കും. ഇന്‍സുലിന്‍ പ്രതിരോധം പ്രമേഹത്തിന് കാരണമാകുക മാത്രമല്ല കൊളസ്ട്രോളിന്റെ ചയാപചയത്തെയും ബാധിക്കും. ഇത് ശരീരത്തില്‍ ചീത്ത കൊളസ്ട്രോളിന്റെ തോത് ഉയരാന്‍ കാരണമാകും.
ജീവിതശൈലീ മാറ്റങ്ങളിലൂടെ അരവണ്ണം ഫലപ്രദമായി കുറയ്ക്കാന്‍ സാധിക്കും. ആരോഗ്യപ്രദമായ ഭക്ഷണക്രമം, നിത്യവുമുള്ള വ്യായാമം, പുകവലി ഉപേക്ഷിക്കല്‍ എന്നിവ ഗുണം ചെയ്യും. ടൈപ്പ് 2 പ്രമേഹ രോഗികള്‍ മെറ്റ്ഫോര്‍മിന്‍ കഴിക്കുന്നത് അരവണ്ണം കുറയാന്‍ സഹായിക്കും.