അല്‍സ്‌ഹൈമേഴ്‌സ് ഉള്‍പ്പെടെയുള്ള മറവിരോഗങ്ങളെ നാം കഴിക്കുന്ന ഭക്ഷണവും സ്വാധീനിക്കുമെന്ന് പഠനം. സസ്യാധിഷ്ഠിത ഭക്ഷണങ്ങളും മെഡിറ്ററേനിയന്‍ ഡയറ്റും ചൈന, ജപ്പാന്‍, ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ പരമ്പരാഗത ഭക്ഷണങ്ങളും അല്‍സ്‌ഹൈമേഴ്‌സ് സാധ്യത കുറയ്ക്കുമ്പോള്‍ പാശ്ചാത്യ ഭക്ഷണം രോഗസാധ്യത വര്‍ദ്ധിപ്പിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടി. ജേണല്‍ ഓഫ് അല്‍സ്‌ഹൈമേഴ്‌സ് ഡിസീസിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.
ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ പാശ്ചാത്യഭക്ഷണക്രമത്തോട് പ്രിയമേറുന്നത് ഇവിടങ്ങളിലെ അല്‍സ്‌ഹൈമേഴ്‌സ് സാധ്യത വര്‍ദ്ധിപ്പിക്കുന്നതായും ഗവേഷണ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍- സാച്ചുറേറ്റഡ് കൊഴുപ്പ്, മാംസ വിഭവങ്ങള്‍, ഹാംബര്‍ഗറുകള്‍, ബാര്‍ബിക്യൂ, ഹോട്ട് ഡോഗ് പോലുള്ള സംസ്‌കരിച്ച വിഭവങ്ങള്‍, പഞ്ചസാരയും റിഫൈന്‍ ചെയ്ത ധാന്യങ്ങളും ഉയര്‍ന്ന തോതിലുള്ള ഭക്ഷണങ്ങള്‍ എന്നിവയെല്ലാം അല്‍സ്‌ഹൈമേഴ്‌സ് സാധ്യത ഉയര്‍ത്തുന്നതായി ഗവേഷകര്‍ പറയുന്നു.
ശരീരത്തിലെ നീര്‍ക്കെട്ടും ഇന്‍സുലിന്‍ പ്രതിരോധവും ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സും സാച്ചുറേറ്റഡ് കൊഴുപ്പും വര്‍ധിപ്പിച്ചു കൊണ്ടാണ് സംസ്‌കരിച്ച മാംസവിഭവങ്ങള്‍ മറവിരോഗ സാധ്യതയേറ്റുന്നത്.
കഴിക്കാം ഈ ഭക്ഷണങ്ങള്‍- പച്ചിലകള്‍, വിവിധ നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും, പയര്‍ വര്‍ഗ്ഗങ്ങള്‍, നട്‌സ്, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ചേര്‍ന്ന മീന്‍ വിഭവങ്ങള്‍, ഹോള്‍ ഗ്രെയ്‌നുകള്‍ എന്നിവ അല്‍സ്‌ഹൈമേഴ്‌സ് സാധ്യത കുറയ്ക്കുമെന്നും പഠനം പറയുന്നു.
അലസമായ ജീവിതശൈലി ഒഴിവാക്കി വ്യായാമം ഉള്‍പ്പെടുന്ന സജീവ ജീവിതശൈലിയും സന്തുലിത ഭക്ഷണക്രമവും പിന്തുടര്‍ന്നാല്‍ അല്‍സ്‌ഹൈമേഴ്‌സിന്റെ സാധ്യത കുറയ്ക്കാനാകുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.