ഉദയം തിളയ്ക്കും മുഖകാന്തിയോടെ
കഴുതപ്പുറത്തായ് ജനവീഥിയൂടെ
വചനം വിതച്ചും ചെറുപുഞ്ചിരിപ്പൂ
സദയംപൊഴിച്ചും വരവായ് മഹേശൻ.
പുരുമോദമാളും പുരുഷാരമെല്ലാം
വരരാജനൊപ്പം വഴിതിങ്ങി നീങ്ങി,
പുരവീഥിയൊറ്റക്കടലായി മാറീ
തിരതല്ലിയോശാനയുണർന്നു പാടി .
സ്വരഘോഷമേളങ്ങളുമൊത്തു ചേർന്നു
വരവേറ്റു കൈയിൽത്തളിരാഞ്ഞു
വീശി
നിറശോഭപെയ്യും നവസൂര്യനപ്പോൾ
കരുണാകടാക്ഷം പകരും നിലാവായ്.
അലമേലേയാടും
ചെറുതോണിയുള്ളിൽ
അലറും കടല്ക്കോളിലുറങ്ങിയോനേ
അലിവുള്ള വാക്കിന്റെ മരുന്നിനാലെ
കലിവെന്തൊരുള്ളങ്ങളുണർത്തിയോ
നേ
ഇരുളാം മിഴിയ്ക്കും പുതുകാഴ്ചയായും
ഇടറുന്ന കാലിൽത്തുടുജീവനായും
ഇനിവോടെ രോഗത്തിനു വൈദ്യനായും
ഇനിയും വരേണം തവ പുണ്യകാലം
ഗിരിയോളമെത്തും കടലോളമാഴും
കരുണയ്ക്കു നീയേ സുവിശേഷമായി
അറിവേ വിതയ്ക്കും പുതുവിത്തു
വീണെൻ
വയലേലകൊയ്ത്തിന്നു
വിളഞ്ഞിടേണം.
കരുണാനിധേ നിൻ
സ്തുതിഗീതിപാടാൻ
കരതാരിലീശാ തളിരോലയേന്താം
വരവേറ്റിടാം,നീ വരികെന്റെയുള്ളിൽ
മഴപോലെ പെയ്യാൻ
സുവിശേഷമേഘം.
പാപ്പച്ചൻ കടമക്കുടി✍