Friday, January 10, 2025
Homeഅമേരിക്കറിട്രീറ്റ് സെന്റർ: കർമനിരതയോടെ ബഹുദൂരം മുന്നിൽ -പുരോഗതിയുടെ പാതയിൽ, പുത്തൻ പ്രതീക്ഷയോടെ..

റിട്രീറ്റ് സെന്റർ: കർമനിരതയോടെ ബഹുദൂരം മുന്നിൽ -പുരോഗതിയുടെ പാതയിൽ, പുത്തൻ പ്രതീക്ഷയോടെ..

-ജോർജ് തുമ്പയിൽ

ഡാൽട്ടൻ (പെൻസിൽവേനിയ): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ചിരകാല അഭിലാഷമായ റിട്രീറ്റ് സെന്റർ പെൻസിൽവേനിയയിൽ. ഡാൽട്ടണിലെ (ഫാത്തിമ സെന്ററിൽ) വിപുലവും ആധുനിക സജ്ജീകരണങ്ങളോടും കൂടിയ സെന്റർ സ്ഥാപിക്കാനുള്ള നിശ്ചയം ഏറെക്കാലമായി സഭയുടെ വലിയൊരു ആഗ്രഹമായിരുന്നു സ്വന്തമായി ഒരു റിട്രീറ്റ് സെന്റർ എന്നത്. ഇതിനു വേണ്ടി പലതവണ യോഗങ്ങൾ ചേർന്നു. ഒടുവിൽ 2015 ജൂണിൽ മേരിലന്റിലെ ബാൾട്ടിമൂറിൽ ചേർന്ന ഭദ്രാസന പൊതുയോഗമാണ് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന് ഒരു റിട്രീറ്റ് സെന്റർ വേണമെന്ന ആവശ്യം ഉയർത്തിയത്. തുടർന്ന് അനുയോജ്യമായ സ്ഥലം കണ്ടെത്താനും സെന്ററിന്റെ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുവാനും ഭദ്രാസന കൗൺസിലിനെ ചുമതലപ്പെടുത്തി. മൂന്നു വർഷക്കാലം ന്യൂ യോർക്ക് , ന്യൂ ജേഴ്‌സി ,പെൻസിൽവേനിയ എന്നിവിടങ്ങളിൽ സ്ഥലങ്ങൾ അന്വേഷിച്ചു. ഒടുവിൽ അനുയോജ്യമായ ഇടമായി പെൻസിൽവേനിയയിലെ ഫാത്തിമ റിന്യൂവൽ സെന്ററായിരുന്നു കണ്ടത്. മുൻപ് ഇത് പെൻസിൽവേനിയ സ്ക്രാൻടൺ റോമൻ കാത്തലിക് രൂപതയുടെ കീഴിലുണ്ടായിരുന്ന സെന്റ് പയസ് ടെൻത് റോമൻ കാത്തലിക് സെമിനാരിയായിരുന്നു. 2016 മെയിൽ സഫേണിൽ ചേർന്ന ഭദ്രാസന പൊതുയോഗത്തിൽ ഫാത്തിമ റിട്രീറ്റ് സെന്റർ വാങ്ങാൻ തീരുമാനിച്ചു. ഫിലഡൽഫിയയിൽ നിന്നും ന്യൂയോർക്കിൽ നിന്നും 2 മണിക്കൂർ യാത്ര മാത്രമാണ് പെൻസിൽവേനിയയിലെ ഡാൽട്ടൻ ട്രാൻസ് ഫിഗറേഷൻ റിട്രീറ്റ് സെന്ററിലേക്കുള്ളു . ഔട്ട് ഡോർ മെഡിറ്റേഷന് പറ്റിയ അന്തരീക്ഷമാണ് ഇവിടെയുള്ളത്. 350 ഏക്കർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഇവിടെ മനോഹരമായ ഒരു തടാകവും അതിനോട് ചേർന്ന് പച്ച പിടിച്ച പുൽമെത്തകളും ഒപ്പം മരങ്ങളുടെയും ചെറിയ ചെടികളുടെയുമൊക്കെ ഒരു വലിയ കേദാരവുമുണ്ട് . ചാപ്പൽ, ലൈബ്രറി, കോൺഫറൻസ് മുറികൾ, ഓഫീസുകൾ എന്നിവയെല്ലാം റിട്രീറ്റ് സെന്ററിലുണ്ട്. ഇരുനൂറോളം അതിഥികളെ താമസിപ്പിക്കാൻ കഴിയുന്ന വിധത്തിലുള്ള രണ്ട് ഡോർമെറ്ററികൾ, ജിംനേഷ്യം, 800 പേർക്ക് ഇരിപ്പിടമൊരുക്കുന്ന വിശാലമായ ഓഡിറ്റോറിയം എന്നിവയെല്ലാം തന്നെ ഇവിടെയുണ്ട്. ഭദ്രാസനത്തിന് മാത്രമല്ല സഭയ്ക്കാകമാനം തന്നെ അഭിമാനിക്കാവുന്ന നേട്ടമാണ് ഇതെന്ന് അഭിവന്ദ്യ സക്കറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത പറഞ്ഞു. 4.50 മില്യൺ ഡോളറിനാണ് റിട്രീറ്റ് സെന്റർ സഭ സ്വന്തമാക്കിയത്. ഇത് കേവലമൊരു പദ്ധതിയായി കാണരുതെന്നും ദൈവവുമായുള്ള മനുഷ്യന്റെ അകലം കുറയ്ക്കാനുള്ള ഒരു ഇടമായി ഇതിനെ കാണണമെന്നും മാർ നിക്കോളോവോസ് പറഞ്ഞു.

കോവിഡിന് മുൻപാണ് തുടങ്ങിയതെങ്കിലും പ്രോഗ്രസീവ് ആയി ഇടപെട്ടതുകൊണ്ട്, എല്ലാ വൈതരണികളെയും പിന്നിട്ട് കൊണ്ട് പുത്തൻ പ്രതീക്ഷകളോടെ, ശുഭാപ്തിചിന്തകൾക്ക് വഴിതെളിഞ്ഞു . 2023 ൽ മാത്രം 35 ഇവന്റുകളാണ് HTRC ൽ അരങ്ങേറിയത്. പാൻഡമിക്ക് വർഷങ്ങളെ അപേക്ഷിച്ച് അഭൂതപൂർവമായ വളർച്ചയാണ് ഈ വർഷം ഉണ്ടായത്. 2023-2024 വർഷം 121,000 ഡോളറാണ് ഈയിനത്തിൽ കിട്ടിയത് . HTRC ബോട്ട് ഹൗസ് പ്രോജക്റ്റും നന്നായി നടന്നുവരുന്നു. ഈ പ്രോജക്ടിന്റെ ഭാഗമായി ഇവിടെയുള്ള sweeney pond ൽ കയാക്കിങ് , ഫിഷിങ് മുതലായ പരിപാടികൾ ഈ വര്ഷം തന്നെ പൂർത്തിയാകും. ഈ വർഷം നടന്ന പരിപാടികൾ: മെയ് 29,30 തീയതികളിൽ ഭദ്രാസന ലീഡര്ഷിപ് റിട്രീറ്റ് ജൂൺ 13-16: മർത്ത മറിയം വനിതാ സമാജം റിട്രീറ്റ് ജൂൺ 26-29: സമ്മർ സമ്മിറ്റ് കോളജ് ക്യാമ്പ് നടക്കുവാൻ പോകുന്ന പരിപാടികൾ ജൂലൈ 7-12 ICON പെയിന്റിങ് ക്യാമ്പ് ജൂലൈ 12-14 സ്ക്രാൻടൺ രൂപതയുടെ ”അപ് ആൻഡ് ഓവർ റിട്രീറ്റ്”, ജൂലൈ 21-24 വരെ സ്ക്രാൻടൺ രൂപതയുടെ ‘ISIL’ റിട്രീറ്റ് ജൂലൈ 26 -27 ഗ്രേറ്റർ ഗ്രിഗോറിയോസ് SGMOC മെൻസ് അഡ്വഞ്ചർ . ഡയറക്ടർ ആയി ഫാ.ഷിബു വേണാട് മത്തായി, പ്രോഗ്രാം കോ ഓർഡിനേറ്റർ ആയി ഗാരി ഡേവിസ് എന്നിവരും സേവനമനുഷ്ഠിക്കുന്നു. തിരുമേനി, ഭദ്രാസന സെക്രട്ടറി, കൗൺസിൽ, എക്സിക്യൂട്ടീവ് ഓഫീസ് എന്നിവരോടൊപ്പം ജോസഫ് എബ്രഹാം , ഡോ .സാക്ക് സഖറിയാ എന്നിവരുടെയും സേവനങ്ങൾ HTRC ക്ക് ലഭിക്കുന്നുണ്ട്. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലും അതിന് പുറത്തും എച്ച് ടി ആർ സി (HTRC) പ്രവർത്തനം

വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തുന്നു. റിട്രീറ്റ് സെന്റർ ഇതിനായി നിരവധി പദ്ധതികൾ സ്വീകരിച്ചിട്ടുണ്ട്. എച്ച്‌ടിആർസി മൂലധനം വർധിപ്പിക്കുന്ന പദ്ധതികൾക്കായി വിവിധ ഫൗണ്ടേഷനുകളിൽ നിന്നും സ്റ്റേറ്റ് ലവലിലും ഗ്രാൻ്റുകൾക്കായി അപേക്ഷിച്ച ഗ്രാൻ്റ് റൈറ്ററെ നിയമിക്കുന്നത് ഉൾപ്പെടെ നിരവധി യത്നങ്ങൾ റിട്രീറ്റ് സെൻ്റർ ഇതിനായി സ്വീകരിച്ചു. കൂടാതെ, അടുത്തിടെ നടന്നതും നിലവിൽ നടക്കുന്നതുമായ റിട്രീറ്റുകളും മറ്റ് പരിപാടികളും ഷെഡ്യൂൾ ചെയ്ത ഭാവി പരിപാടികളും ഔട്ട്റീച്ച് പ്രോഗ്രാമുകളും പ്രധാനമായി ഉൾപ്പെടുത്തിക്കൊണ്ടുള്ള HTRC ന്യൂസ് ലെറ്റർ പ്രസിദ്ധീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. മുൻകാല റിട്രീറ്റ് സെൻ്റർ ഫെസിലിറ്റേറ്റർമാരുമായി നടത്തുന്ന സെയിൽസ് കോളുകളിലൂടെയും , മത-ആത്മീയ നേതാക്കളുമായുള്ള നെറ്റ്‌വർക്കിംഗ്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പ്രയോജനപ്പെടുത്തൽ, കമ്മ്യൂണിറ്റി അധിഷ്‌ഠിത ഗ്രൂപ്പുകളുമായി ഇടപഴകൽ എന്നിവയിലൂടെയും പ്രവർത്തന മേഖല വിപുലപ്പെടുത്തുന്നു. റിട്രീറ്റ് സെന്ററിലെ സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിന് നിരവധി പ്രോജക്റ്റുകൾ നടന്നുവരുന്നു. 2023 നെ സംബന്ധിച്ച് ഏറ്റവും ശ്രദ്ധേയമായത് മുന്നൂറിലേറെ പേരെ പങ്കെടുപ്പിച്ച് എച്ച് ടി ആർ സിയിൽ ജൂലൈയിൽ നടന്ന ഫാമിലി കോൺഫറൻസാണ്. പ്ലംബിംഗ് , ഇലക്ട്രിക്കൽ ഹീറ്റിംഗ് സിസ്റ്റത്തിലും കൂടുതൽ നവീകരണ പ്രവർത്തനങ്ങളും റിപ്പയർ വർക്കുകളും നടന്നു. NEAD ഭദ്രാസന ഫാമിലി കോൺഫറൻസിനോടനുബന്ധിച്ച് 8 വലിയ സീലിംഗ് ഫാനുകൾ കൂടി ഘടിപ്പിക്കുകയുണ്ടായി. ജിം -റിക്രിയേഷൻ സെന്ററിലും ലൈറ്റിംഗ് സജ്ജീകരണങ്ങൾ വിപുലപ്പെടുത്തുകയുണ്ടായി. കഴിഞ്ഞ വർഷത്തെ ‘ഗിവിങ് ട്യുസ്‌ഡേ’ യോടനുബന്ധിച്ച് സെന്ററിലെ സൗകര്യങ്ങളും എനർജി കപ്പാസിറ്റിയും മെച്ചപ്പെടുത്തുന്നതിലേക്കായി 28,000 ഡോളറിലേറെ സമാഹരിച്ചു. ഗ്യാസ് , ഇലക്ട്രിക് സർവീസ് റേറ്റുകൾ 20 ശതമാനം കുറയ്ക്കുകയുണ്ടായി. പുതിയ വോളിബാൾ കോർട്ടും സജ്ജീകരിക്കുകയുണ്ടായി. എച്ച് ടി ആർ സി ക്യാമ്പസിന്റെ മനം മയക്കുന്ന പ്രകൃതിഭംഗി ഇവിടെയെത്തുന്നവരെ ഏറെ ആകർഷിക്കുന്നു. ബോട്ട് ഹൗസും തടാകവും കൂടുതൽ മോടിപിടിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.

2020 ൽ കടബാധ്യത 2.7 മില്യൺ ആയിരുന്നു. ബാങ്കിലെ പലിശനിരക്ക് 9.5 ശതമാനമായതിന്റെ പശ്ചാത്തലത്തിൽ അത് മുഴുവൻ കൊടുത്തുതീർക്കുവാൻ കൗൺസിൽ തീരുമാനിച്ചു. 2020-2024 കാലയളവിൽ 30 വർഷത്തെ മോർട്ഗേജായ 2,143,464 ഡോളറും 4 വർഷം കൊണ്ട് അടച്ചുതീർത്തു. വ്യക്തിഗത കടങ്ങൾ ഇപ്പോഴും ബാക്കിയാണ്. ഇതിനായി, പുതിയതായി ചാർജ് എടുത്ത ഭദ്രാസന സെക്രട്ടറി വറുഗീസ് എം ഡാനിയേലിനൊപ്പം എല്ലാവരും ഒത്തുചേർന്നു. ഒട്ടനവധി പേരെ സമീപിച്ചു. എല്ലാവരും സഹായ വാഗ്ദാനങ്ങൾ നൽകി. അടുപ്പങ്ങൾക്ക് പുതിയ മാനങ്ങൾ നൽകി എല്ലാവരും സഹകരിച്ചു. ഭദ്രാസനത്തിൽ തലമുറകളെ ബന്ധിപ്പിക്കുന്നതിനും വർധിച്ചുവരുന്ന ആവശ്യങ്ങൾ പരിഗണിച്ചും വിവിധ ആവശ്യങ്ങൾക്കുതകുന്ന HTRC പോലെയുള്ള ഒരു സെന്ററിന്റെ വളർച്ച പരിപൂർണതയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ആത്മീയമായ സംഘടനകളുടെ പ്രവർത്തനങ്ങൾ കാലികമായി വളർന്നുകൊണ്ടിരിക്കുകയാണെന്നും 95 ശതമാനം പള്ളികൾക്കും സ്വന്തമായി കെട്ടിടങ്ങൾ ഉണ്ടായി എന്നതും നോർത്ത് ഈസ്റ്റ് ഭദ്രാസനത്തിന്റെ വളർച്ചയുടെ പന്ഥാവുകൾ വീക്ഷിക്കുന്നവർക്ക് എളുപ്പം മനസിലാവുന്ന സംഗതി മാത്രമാണ്.

-ജോർജ് തുമ്പയിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments