ഞങ്ങളുടെ മലയാളി മനസ്സിനെ നെഞ്ചേറ്റിയ പ്രേക്ഷകസമക്ഷം ഞങ്ങൾ അവതരിപ്പിക്കുന്ന പുതിയ പരമ്പര –
” മണവാളൻ കുന്നിലെ മഞ്ചാടി മണികൾ “
താഴ്‌വാരങ്ങളുടെ മനോഹാരിതകണ്ട് മതിമറന്ന് മലകളുടെ തലയെടുപ്പിൽ അഭിമാനം കൊള്ളുന്ന മലയാളികൾക്ക് മലയോര ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന മറ്റൊരു പ്രണയ ഹാസ്യ സംഘട്ടനാത്മക കഥ,
” മണവാളൻ കുന്നിലെ മഞ്ചാടി മണികൾ “
അടുത്ത ആഴ്ച്ചമുതൽ (ജൂൺ 01 ഞായർ) ഞങ്ങൾ പ്രസിദ്ധീകരിച്ച് തുടങ്ങുന്നു.
മരതകപ്പട്ടുടുത്ത മലയാളനാട്. വനകാന്തിയിൽ ആലോലമാടുന്ന മാമലകൾ. കുന്നും പുഴകളും തോടുകളും കൗമാരം വിട്ടുമാറാത്ത കാട്ടരുവികളോട് കിന്നാരം പറയുന്ന നാട്. നിറങ്ങളുടെ ഉത്സവമായി പൂക്കളുടെ സൗരഭ്യം നിറയുന്ന നാട്. നന്മതിന്മകളെ വേർതിരിച്ച്, തിന്മകളുടെ ഉടവാളുകൊണ്ട് ഹിംസിക്കുന്നവനെതിരെ ഗർജ്ജിക്കുന്നവനായി നാടിൻ്റെ, സമൂഹത്തിൻ്റെ മാറ്റമായി, വെള്ളാരം കല്ലുകൾ കൊണ്ട് മോഹക്കൊട്ടാരം കെട്ടി സ്നേഹഗാഥകൾ രചിക്കാൻ സൗഹൃദത്തിൻ്റെ പുത്തൻ അദ്ധ്യായങ്ങൾ രചിച്ച രാമഭദ്രൻ്റെ നാട്. ” മണവാളൻ കുന്ന് “.
അവിടെ ആ ഗ്രാമത്തിലെ നമ്മൾ കണ്ടതും കേട്ടതും കേൾക്കാനിടയുള്ളതും, കാണാനിടയുള്ളതുമായ നിരവധി കഥാപാത്രങ്ങളിലൂടെ നമ്മൾ സഞ്ചരിക്കുകയാണ്. ഒരു നാടിൻ്റെ മാറ്റത്തിനുവേണ്ടി കൈക്കൊള്ളുന്ന നിലപാടുകളിൽ നന്മയും തിന്മയും തീർക്കുന്ന പോരാട്ട വീഥികളിൽ സൗഹൃദത്തിൻ്റെ അജയ്യതയുടെ കഥ പറയുകയാണിവിടെ. ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും അപ്പുറം നാടിനെ ശിഥിലമാക്കുന്ന കരിന്തേളുകൾ വിഷം ചീറ്റുന്ന കൂരിരുട്ടിൻ്റെ പിന്നാമ്പുറങ്ങൾ തേടിയൊരു യാത്ര. ബാല്യവും കൗമാരവും കടന്ന് യുവത്വത്തിലേക്ക് പറന്നുയർന്ന മണവാളൻകുന്നിലെ പ്രണയ മഞ്ചാടിമണികളുടെ കഥ..
” മണവാളൻ കുന്നിലെ മഞ്ചാടി മണികൾ “
രചന : രവി കൊമ്മേരി.
വടകര, മടപ്പള്ളി ഗവൺമെൻ്റ് ഹൈസ്ക്കൂളിൽ നിന്ന് സെക്കൻ്ററി വിദ്യാഭ്യാസം പൂർത്തിയാക്കി കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡിഗ്രിയും കരസ്ഥമാക്കി, ജേർണലിസത്തിൽ മാസ്റ്റർ ബിരുദവും നേടി എഴുത്തിലൂടെ വർഷങ്ങൾ താണ്ടിയുള്ള പ്രയാണം. കഥ, കവിത, ഗാനരചന, തിരക്കഥകൾ, നാടകങ്ങൾ, തുടങ്ങിയ നിരവധി സൃഷ്ടികൾ. നിരവധി പുരസ്ക്കാരങ്ങൾ, ഉൾവിളി (കവിതാസമാഹാരം), വജ്രായുധം ( നോവൽ), എൻ്റെ സാംഗി (ചെറുകഥാ സമാഹാരം) തുടങ്ങിയ മൂന്ന് പുസ്തകങ്ങൾ. കൂടാതെ ഇപ്പോൾ യുഎഇ യിൽ പ്രവാസ ജീവിതം നയിക്കുന്ന ശ്രീ. രവി കൊമ്മേരി, മലയാളി മനസ്സ് USAയുടെ യുഎഇ റിപ്പോർട്ടർ കൂടിയാണ്.