ഇടവിട്ടുള്ള ഉപവാസം പ്രമേഹ രോഗികളുടെ ഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കുമെന്ന് പഠനം. ഷിക്കാഗോയിലെ ഇലിനോയ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്.
ആറു മാസം നീണ്ട പഠനകാലത്ത്, 75 പ്രമേഹ രോഗികളെ മൂന്നു സംഘങ്ങളായി തിരിച്ചു. ഇതില്‍ ആദ്യ സംഘം ഉച്ചയ്ക്ക് 12നും രാത്രി എട്ടിനും ഇടയിലുള്ള എട്ടു മണിക്കൂറില്‍ മാത്രം ഭക്ഷണം കഴിച്ചു. രണ്ടാമത്തെ സംഘം ആറ് മാസക്കാലയളവില്‍ അവര്‍ കഴിക്കുന്ന പ്രതിദിന കലോറിയുടെ അളവ് 25 ശതമാനം കുറച്ചു. മൂന്നാമത്തെ സംഘം പ്രത്യേകിച്ച് മാറ്റമൊന്നും വരുത്താത്ത കണ്‍ട്രോള്‍ ഗ്രൂപ്പായിരുന്നു.
ഓരോ സംഘത്തിലുള്ളവരുടെയും ഭാരവും അരക്കെട്ടിന്റെ വ്യാസവും രക്തത്തിലെ പഞ്ചസാരയുടെ തോതും മറ്റ് ആരോഗ്യ സൂചകങ്ങളും രേഖപ്പെടുത്തിക്കൊണ്ടിരുന്നു. ഇതില്‍നിന്ന്, ആദ്യ സംഘത്തില്‍പ്പെട്ടവര്‍ക്ക് രണ്ടാമത്തെ സംഘത്തെ അപേക്ഷിച്ച് കൂടുതല്‍ ഭാരം നിയന്ത്രിക്കാന്‍ സാധിച്ചതായി ഗവേഷകര്‍ നിരീക്ഷിച്ചു.
എച്ച്ബിഎ1സി പരിശോധന ഉപയോഗിച്ച് നടത്തിയ പ്രമേഹ പരിശോധനയില്‍ രണ്ട് സംഘങ്ങളുടെയും രക്തത്തിലെ പഞ്ചസാരയുടെ തോതില്‍ കുറവ് കണ്ടെത്തി. സമയബന്ധിതമായ ഭക്ഷണക്രമത്തിലൂടെ പ്രമേഹ രോഗികള്‍ക്ക് ഭാരവും രക്തത്തിലെ പഞ്ചസാരയുടെ തോതും കൂടുതല്‍ കാര്യക്ഷമമായി നിയന്ത്രിക്കാന്‍ സാധിക്കുന്നതായി ജാമാ നെറ്റ് വര്‍ക്ക് ഓപ്പണില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.