Saturday, December 28, 2024
Homeഅമേരിക്ക"ലോകം പോയ വാരം" ✍സ്റ്റെഫി ദിപിൻ

“ലോകം പോയ വാരം” ✍സ്റ്റെഫി ദിപിൻ

സ്റ്റെഫി ദിപിൻ

1. ഇസ്രയേല്‍ പ്രാദേശിക സമയം രാവിലെ 6.30. ഇസ്രയേലിന്റെ ഇന്റലിജന്‍സ് സംവിധാനങ്ങളുടെയും വ്യോമാക്രമണ പ്രതിരോധ കവചമായ അയണ്‍ ഡോമിന്റെയും കണ്ണുവെട്ടിച്ച് ടെല്‍ അവീവില്‍ ഹമാസിന്റെ ആക്രമണം. ‘ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്ലഡ്’ എന്ന പേരില്‍ നടത്തിയ ആക്രമണത്തിന്റെ ഭാഗമായി ഇസ്രയേലിലേക്ക് ഹമാസ് തൊടുത്തത് അയ്യായിരത്തോളം റോക്കറ്റുകള്‍. ആക്രമണത്തില്‍ 1,200 ലേറെ ഇസ്രയേല്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. 251 പേരെ ഹമാസ് ബന്ദികളാക്കി ഗാസയിലേക്കു കടത്തി. അപ്രതീക്ഷിത ആക്രമണത്തില്‍ പതറിയെങ്കിലും ‘ഹമാസ് ചെയ്ത വലിയ തെറ്റിന് പകരംവീട്ടു’മെന്ന് പ്രഖ്യാപിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ പ്രതികരണം തൊട്ടുപിന്നാലെയെത്തി. തൊട്ടടുത്ത ദിവസം തന്നെ സ്വോര്‍ഡ്‌സ് ഓഫ് അയണ്‍ എന്ന പേരില്‍ ഇസ്രയേല്‍ ഗാസയെ ലക്ഷ്യമിട്ട് വ്യോമാക്രമണം തുടങ്ങി. ഓപ്പറേഷൻ അൽ അഖ്സ സ്റ്റോമിന്റെ ഒന്നാം വാർഷികത്തിൽ എത്തി നിൽക്കുകയാണ്. ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിക്കുമ്പോള്‍ നെതന്യാഹു മുന്നോട്ടവച്ചത് 3 ലക്ഷ്യങ്ങളായിരുന്നു. ഹമാസിനെ ഉന്മൂലനം ചെയ്യുക, ബന്ദികളെ സുരക്ഷിതരായി തിരികെയെത്തിക്കുക, ഇനിയൊരു ഭീഷണിയുണ്ടാകാത്തവിധം അതിര്‍ത്തി സുരക്ഷിതമാക്കുക. യുദ്ധം ഒരു വര്‍ഷം പിന്നിടുമ്പോള്‍, മൂന്നു ലക്ഷ്യങ്ങളില്‍ ഒന്നുപോലും പൂര്‍ണമായും നേടാന്‍ ഇസ്രയേലിന് ആയിട്ടില്ല എന്നതാണ് യാഥാർഥ്യം. ഹമാസ് പ്രസ്ഥാനത്തെ പൂര്‍ണമായും ഇല്ലാതാക്കുക എന്നത് സാധ്യമായ കാര്യമല്ലെന്ന് ഇസ്രയേല്‍ സൈന്യത്തിന്റെ വക്താവ് ഡാനിയല്‍ ഹഗാരി ഓഗസ്റ്റില്‍ തുറന്നു സമ്മതിച്ചിരുന്നു. ബന്ദികളുടെ മോചനവും അനിശ്ചിതമായി തുടരുകയാണ്. 97 പേര്‍ ഇപ്പോഴും ഹമാസിന്റെ തടവിലുണ്ട്. ഇതില്‍ 33 പേര്‍ കൊല്ലപ്പെട്ടെന്ന് കരുതുന്നുവെന്ന് ഇസ്രയേല്‍ തന്നെ പറയുന്നു. ബന്ദി മോചനത്തിനായുള്ള ചര്‍ച്ചകളോട് മൃദുസമീപനം പുലര്‍ത്തുന്നില്ലെന്നും യുദ്ധം നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നെന്നും നെതന്യാഹുവിനെതിരെ ഇതിനകം ഇസ്രയേലില്‍നിന്നുതന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ബന്ദി മോചനക്കരാര്‍ വൈകുന്നതിന് നെതന്യാഹു പഴിചാരുന്നത് ഹമാസിനെയാണ്. ബന്ദികളെ വിട്ടുനല്‍കുന്നതിനു പകരമായി, ഇസ്രയേല്‍ ജയിലില്‍ കഴിയുന്ന തങ്ങളുടെ പ്രവര്‍ത്തകരെ വിട്ടുനല്‍കണമെന്നാണ് ഹമാസിന്റെ ആവശ്യം. അതിനൊപ്പം വെടിനിര്‍ത്തലും ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ യുഎസും ഈജിപ്തും ഖത്തറും മധ്യസ്ഥരായി നടത്തിയ ചര്‍ച്ചകളൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ല. ഇസ്രയേല്‍ അതിര്‍ത്തി സുരക്ഷിതമാക്കുകയെന്ന നെതന്യാഹുവിന്റെ മൂന്നാം ലക്ഷ്യവും ഒരു വര്‍ഷം പിന്നിടുമ്പോള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയാണ് ചെയ്തതെന്ന് കാണാം.
പടിഞ്ഞാറൻ അതിർത്തിയിൽ ഗാസയിലെ ഹമാസുമായാണ് ഇസ്രയേല്‍ യുദ്ധം ആരംഭിച്ചതെങ്കിലും നിലവില്‍ നാലുദിക്കില്‍നിന്നും ആക്രമണം നേരിടുന്ന അവസ്ഥയാണ്. യുദ്ധം തുടങ്ങി ഉടന്‍ തന്നെ വടക്കന്‍ അതിര്‍ത്തിയില്‍ ലബനനിലെ ഹിസ്ബുല്ലയും ഇറാനും ഇസ്രയേലിനെതിരെ രംഗത്തെത്തിയിരുന്നു. ലബനനില്‍ ഇസ്രയേല്‍ നടത്തിയ പേജര്‍ ആക്രമണങ്ങളില്‍ ഹിസ്ബുല്ല നേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്നുണ്ടായ ആക്രമണ-പ്രത്യാക്രമണങ്ങളില്‍ ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ലയുള്‍പ്പെടെ വധിക്കപ്പെടുകയും ചെയ്തു.

ആ സാഹചര്യത്തില്‍ ഹമാസിനേക്കാള്‍ ഉപരി ലബനനില്‍നിന്നും ഇറാനില്‍നിന്നുമുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാനും പ്രത്യാക്രമണം നടത്താനുമായി ഇസ്രയേലിന്റെ ശ്രദ്ധ മാറിയിട്ടുണ്ട്. യെമനില്‍നിന്നുള്ള ഹൂതി വിമതരുടെ ആക്രമണവും ഇസ്രയേലിനു ഭീഷണിയായി തുടരുന്നു. ഹമാസിനു പിന്തുണ പ്രഖ്യാപിച്ച ഹൂതികള്‍ ചെങ്കടലിലൂടെ പോകുന്ന, ഇസ്രയേലുമായി ബന്ധപ്പെട്ട കപ്പലുകള്‍ക്കുനേരെ നിരന്തരം ആക്രമണം നടത്തുന്നുണ്ട്. ഒരു വര്‍ഷമായി ആരുമാരും ജയിക്കാതെ തുടരുന്ന യുദ്ധത്തില്‍ കുരുതി കൊടുക്കപ്പെടുന്നത് ഗാസയിലെ സാധാരണ ജനങ്ങളാണ്. യുദ്ധത്തില്‍ കൊല്ലപ്പെടുന്നതിനു പുറമെ, ആളുകള്‍ തിങ്ങിനിറഞ്ഞ അഭയാര്‍ഥി ക്യാംപുകളില്‍ പടരുന്ന പകര്‍ച്ചവ്യാധികളും ഗാസയിലെ ജനങ്ങള്‍ക്ക് വലിയ ഭീഷണിയാണ്. ഹെപ്പറ്റൈറ്റിസ് എ, മെനിഞ്ചൈറ്റിസ് തുടങ്ങി പോളിയോ ഭീഷണി വരെ ഗാസ നേരിടുന്നതായി ലോകാരോഗ്യ സംഘടന പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യം തുടര്‍ന്നാല്‍ ഗാസയിലെ ജനങ്ങളെ കൊന്നൊടുക്കാന്‍ യുദ്ധം വേണ്ടിവരില്ലെന്നും പകര്‍ച്ചവ്യാധികള്‍ അവരുടെ ജീവനെടുക്കുമെന്നുമാണ് ലോകാരോഗ്യ സംഘടന വേദനയോടെ ലോകത്തോടു പറഞ്ഞത്.

പുനര്‍നിര്‍മിക്കാനാകാത്തവിധം ഒരു വര്‍ഷംകൊണ്ട് ഗാസ തകര്‍ന്നടിഞ്ഞു കഴിഞ്ഞു. പ്രാഥമിക ചികില്‍സാവസ്തുക്കള്‍ പോലും ഗാസയില്‍ ലഭിക്കുന്നില്ലെന്ന് യുഎന്നിന്റെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. മറുവശത്ത് രാഷ്ട്രീയമായും ഗാസ തകര്‍ന്നുകഴിഞ്ഞു. യുദ്ധത്തോടെ മഹമൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള പലസ്തീന്‍ അതോറിറ്റിയുടെ ജനപ്രീതി നിലംപരിശായിട്ടുണ്ട്. പേരിനു മാത്രമൊരു ഭരണസംവിധാനമായി നിലകൊള്ളുകയാണ് പലസ്തീന്‍ അതോറിറ്റി. യുഎസിനെയും സുന്നി അറബ് രാജ്യങ്ങളെയും നേരിടാന്‍ ഇറാന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ആക്‌സസ് ഓഫ് റെസിസ്റ്റന്‍സ് ഇസ്രയേലിനെതിരെയുള്ള യുദ്ധത്തില്‍ കാര്യമായ ഫലം ചെയ്തിട്ടില്ല. ആക്‌സസ് ഓഫ് റസിസ്റ്റന്‍സ് പ്രതിരോധത്തിനെത്തുമെന്ന ആത്മവിശ്വാസത്തിന്റെ കൂടി പുറത്താകണം ഒരു വര്‍ഷം മുമ്പ് ഹമാസ് ഇസ്രയേല്‍ ആക്രമണത്തിന് തുനിഞ്ഞതെങ്കിലും വേണ്ട രീതിയില്‍ പ്രതിരോധം സൃഷ്ടിക്കാനായില്ലെന്നു മാത്രമല്ല, അച്ചുതണ്ടിലെ പ്രമുഖ അംഗമായ ഹിസ്ബുല്ലയ്ക്ക് കനത്ത തിരിച്ചടിയാണുണ്ടായതും. ഹസന്‍ നസ്‌റല്ലയ്ക്കു പുറമെ, നസ്‌റല്ലയുടെ പിന്‍ഗാമിയാകുമെന്ന് കരുതിയിരുന്ന ഹാഷിം സഫിയുദ്ദീനെയും ഇസ്രയേല്‍ വധിച്ചതായാണ് റിപ്പോര്‍ട്ട്. ഹിസ്ബുല്ലയെ തിരിച്ചുവരവില്ലാത്ത വിധം തകര്‍ക്കാനാണ് ഇസ്രയേല്‍ പദ്ധതിയിടുന്നതെന്ന് നീക്കങ്ങളില്‍നിന്ന് വ്യക്തം.

2. യുദ്ധം അവസാനിക്കാതെ പലസ്തീൻ. ഗാസയിലെ പള്ളിയിലും സ്കൂളിലും ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിൽ 26 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അഭയം നല്‍കിയിരുന്ന പള്ളിയിലും സ്കൂളിലുമാണ് ആക്രമണം ഉണ്ടായതെന്നാണ് പലസ്തീന്‍ ആരോഗ്യമന്ത്രാലയം പറയുന്നത്. ഇസ്രയേലിന്‍റെ ക്രൂരത വ്യക്തമാക്കുന്നതാണ് സ്കൂളിനും പള്ളിക്കും നേരെ നടത്തിയ ആക്രമണമെന്ന് ആരോഗ്യമന്ത്രാലയം അഭിപ്രായപ്പെട്ടു. അതേസമയം, മേഖലയിലെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഹമാസ് അംഗങ്ങൾക്കു നേരെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്‍റെ പ്രതികരണം. ഭീകരരെ മാത്രമാണ് ലക്ഷ്യമിട്ടതെന്നും സാധാരണക്കാർക്ക് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും ഇസ്രയേൽ പറഞ്ഞു. ലബനനിലും ഇസ്രയേൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ലബനന്റെ വടക്കൻ മേഖലയിലെ ട്രിപ്പോളി നഗരത്തിനടുത്ത് പലസ്തീൻ അഭയാർഥികളുടെ ക്യാംപിൽ ഇതാദ്യമായുണ്ടായ ബോംബാക്രമണത്തിൽ ഹമാസിന്റെ സായുധവിഭാഗമായ അൽ ഖസം ബ്രിഗേഡ്സ് അംഗം സയീദ് അത്തല്ല അലിയും ഭാര്യയും 2 പെൺമക്കളും കൊല്ലപ്പെട്ടു. ബെക്കാ താഴ്‌വരയിലെ ആക്രമണത്തിൽ ഹമാസ് നേതാവ് മുഹമ്മദ് ഹുസൈനും കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ ബെയ്റൂട്ടിന്റെ പ്രാന്തപ്രദേശങ്ങളിൽ 12 തവണ വ്യോമാക്രമണമുണ്ടായി. എമിറേറ്റ്സ് എയർലൈൻ വിമാനങ്ങളിൽ പേജറും വാക്കിടോക്കിയും നിരോധിച്ചു. എല്ലാ സെക്ടറുകളിലെയും വിമാനങ്ങളിൽ നിരോധനം ബാധകമാണ്. ഹാൻഡ് ബാഗേജിലോ ലഗേജിലോ ഇവ കണ്ടെത്തിയാൽ പിടിച്ചെടുക്കും. ലബനനിലെ പേജർ, വാക്കിടോക്കി സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

ഇതേസമയം ഇറാന്റെ ഖുദ്സ് സേനയുടെ തലവൻ ബ്രിഗേഡിയർ ജനറൽ ഇസ്മായിൽ ഖാനിയെ കാണ്മാനില്ല എന്ന് റിപ്പോർട്ട്‌. ഇറാനിലെ മാധ്യമങ്ങളിൽ‌ ഇക്കാര്യം ചർച്ചയാണ്. ഇറാന്റെ പുറത്തുള്ള ഓപ്പറേഷനുകൾക്ക് നേതൃത്വം നൽകുന്നത് ഖുദ്സ് സേനയാണ്. ഇറാഖിലെയും സിറിയയിലെയും സായുധ സംഘങ്ങൾക്കും ലബനനിലെ ഹിസ്ബുല്ലയ്ക്കും യെമനിലെ ഹൂതികൾക്കും ഗാസയിലെ ഹമാസിനും പരീശീലനവും ആയുധവും നൽകുന്നത് ഖുദ്സ് സേനയാണ്. ഇസ്രയേലിന്റെ ലബനനിലെ ആക്രമണത്തിനുശേഷമാണ് ജനറൽ ഖാനിയെക്കുറിച്ചുള്ള ചർച്ചകൾ ഉയർന്നത്. ഇസ്രയേലി ആക്രമണത്തിൽ ജനറൽ ഖാനി കൊല്ലപ്പെടാനോ പരുക്കേൽക്കാനോ സാധ്യതയുണ്ടെന്ന തരത്തിൽ ചില അറബ് മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഇറാൻ സൈന്യം ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
ഇതേസമയം ഗാസ യുദ്ധം ഒരു വർഷം പിന്നിടുന്ന ഒക്ടോബർ 7 നും ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ. ഹമാസ് വീണ്ടും സംഘം ചേരുന്നു എന്നാരോപിച്ച് ഗാസയിൽ കരയിൽനിന്നും ആകാശത്തുനിന്നും ഇസ്രായേൽ ആക്രമണം അഴിച്ചുവിട്ടു. വടക്ക് ജബാലിയയിലും തെക്ക് ഖാൻ യൂനിസിലും അവശേഷിക്കുന്ന ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. വാർഷികദിനത്തിലെ ആക്രമണങ്ങളിൽ 52 പലസ്തീൻകാർ കൊല്ലപ്പെട്ടു.

വെള്ളിയാഴ്ച്ച മധ്യഗാസയിലെ ദെയ്റൽ ബലാഹിൽ അഭയകേന്ദ്രമായ സ്കൂളിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ കുട്ടികളും സ്ത്രീകളുമടക്കം 28 പലസ്തീൻകാർ കൊല്ലപ്പെട്ടു. 54 പേർക്കു പരുക്കേറ്റു. മരണസംഖ്യ ഉയർന്നേക്കുമെന്നാണു സൂചന. കഴിഞ്ഞയാഴ്ച പുനരാരംഭിച്ച വടക്കൻ ഗാസയിലെ ആക്രമണം ശക്തമാക്കിയ ഇസ്രയേൽ സൈന്യം, 3 ആശുപത്രികളിലെ രോഗികളടക്കം എല്ലാവരോടും 24 മണിക്കൂറിനകം ഒഴിയാനും ആവശ്യപ്പെട്ടു. വടക്കൻ ഗാസയിലെ ഇന്തൊനീഷ്യൻ, അൽ ഔദ, കമൽ അദ്വാൻ ആശുപത്രികളാണു ബലമായി ഒഴിപ്പിക്കുന്നത്. ആശുപത്രികളിൽ കമാൻഡ് സെന്റർ ഉണ്ടെന്ന ഇസ്രയേൽ ആരോപണം ഹമാസ് നിഷേധിച്ചു. ഹമാസ് വീണ്ടും സംഘംചേരുന്നതു തടയാനാണ് ഇപ്പോഴത്തെ ആക്രമണങ്ങളെന്നാണ് ഇസ്രയേലിന്റെ വാദം. നാലുഭാഗത്തുനിന്നും ഇസ്രയേൽ സൈന്യത്താൽ വളയപ്പെട്ട ജബാലിയയിൽ നാലുലക്ഷത്തിലേറെ പലസ്തീൻകാർ കുടുങ്ങിക്കിടക്കുന്നുവെന്ന് യുഎൻ വ്യക്തമാക്കി.

ഒഴിഞ്ഞുപോകുന്നവരെയെല്ലാം ചോദ്യം ചെയ്യുന്ന സൈന്യം ഒട്ടേറെപ്പേരെ അറസ്റ്റ് ചെയ്യുന്നതായും റിപ്പോർട്ടുണ്ട്. കൊടുംപട്ടിണിയിൽ വീണ്ടും പലായനം ആരംഭിച്ചെന്നും സുരക്ഷിതമായ ഒരിടവും ഗാസയിൽ ശേഷിക്കുന്നില്ലെന്നും യുഎൻ പലസ്തീൻ അഭയാർഥി ഏജൻസിയുടെ (യുഎൻആർഡബ്ല്യൂഎ) മേധാവി ഫിലിപ്പി ലസ്സാറിനി രക്ഷാസമിതിയിൽ പറ‍ഞ്ഞു.

3. ഗാസയിലെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു ലണ്ടനിൽ 40,000 ഏറെപ്പേർ പങ്കെടുത്ത റാലി നടന്നു. ന്യൂയോർക്ക് സിറ്റി, വാഷിങ്ടൻ, പാരിസ്, ബർലിൻ, റോം, മനില, മെക്സിക്കോ സിറ്റി, ‌‌ കേപ് ടൗൺ, ജക്കാർത്ത, ടോക്കിയോ, സിഡ്നി തുടങ്ങിയ നഗരങ്ങളിലും പലസ്തീൻ അനുകൂല റാലികൾ നടന്നു. ഗാസയ്ക്കെതിരെ പ്രയോഗിക്കാനായി ഇസ്രയേലിന് ആയുധം നൽകുന്നത് ഉടൻ നിർത്തണമെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ആവശ്യപ്പെട്ടു. അടിയന്തര വെടിനിർത്തൽ വേണമെന്നും ഇസ്രയേലിനു ഫ്രാൻസ് ആയുധം നൽകുന്നില്ലെന്നും ഫ്രഞ്ച് റേഡിയോയ്ക്കു നൽകിയ അഭിമുഖത്തിൽ മക്രോ വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡന്റിന്റെ നിലപാട് അപമാനകരമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രതികരിച്ചു. ലബനനിലും ഗാസയിലും ഉടൻ വെടിനിർത്തണമെന്നു ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു. തെക്കൻ ലബനനിൽ പലായനം ചെയ്യുന്ന ജനങ്ങൾക്കുവേണ്ടി പ്രാർഥിക്കാനും വിശ്വാസികളോട് പറഞ്ഞു.

4. 2024 ലെ നൊബേൽ സമ്മാനങ്ങൾ പ്രഖ്യാപിച്ചു. വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം അമേരിക്കൻ ശാസ്ത്രജ്ഞൻ വിക്ടർ ആംബ്രോസും അമേരിക്കൻ മോളിക്യുലർ ബയോളജിസ്റ്റ് ഗാരി റവ്കിനും പങ്കിട്ടു. മൈക്രോ ആർഎൻഎയുടെ കണ്ടുപിടിത്തത്തിനാണ് പുരസ്കാരം. പ്രോട്ടീൻ ഉത്പാദിപ്പിക്കാനുള്ള ജീനുകളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നതിൽ മൈക്രോ ആർഎൻഎയ്ക്കുള്ള പങ്കിനെക്കുറിച്ചുള്ള കണ്ടുപിടിത്തത്തിനാണു പുരസ്കാരം. പ്രോട്ടീൻ നിർമാണത്തിൽ പങ്കെടുക്കുന്ന വലിയ ആർഎൻഎ തന്മാത്രകൾ കൂടാതെ ശരീരകോശങ്ങളിൽ കാണുന്ന ചെറു ആർഎൻഎകളിൽ ഒരു വിഭാഗമാണ് മൈക്രോ ആർഎൻഎ. കോവിഡ് വൈറസിനെതിരെ എംആർഎൻഎ വാക്സിൻ വികസിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ കണ്ടെത്തിയ ഡോ. കാറ്റലിൻ കാരിക്കോ, ഡോ. ഡ്രൂ വൈസ്മൻ എന്നിവർക്കായിരുന്നു 2023 ലെ വൈദ്യശാസ്ത്ര പുരസ്കാരം. 8.3 കോടി രൂപയോളം ആണ് പുരസ്കാരത്തിനൊപ്പം ലഭിക്കുക.

2024ലെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനായ ജോൺ ജെ.ഹോപ്ഫീൽഡും ബ്രിട്ടിഷ്–കനേഡിയൻ കംപ്യൂട്ടർ സയന്റിസ്റ്റ് ജെഫ്രി ഇ.ഹിന്റണും പങ്കിട്ടു. ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്‌വർക്ക് ഉപയോഗിച്ച് മെഷീൻ ലേണിങ് സാധ്യമാക്കുന്ന അടിസ്ഥാനപരമായ കണ്ടെത്തലുകൾക്കാണു പുരസ്കാരം. യുഎസിൽ പ്രിൻസ്റ്റൻ സർവകലാശാലയിൽ ഗവേഷകനാണ് ഹോപ് ഫീൽഡ്. കാനഡയിലെ ടൊറന്റോ സർവകലാശാലയിൽ ഗവേഷകനാണ് ജെഫ്രി. ഇന്നത്തെ ചാറ്റ്‌ ജിപിടി പോലുള്ള ഭാഷാ മോഡലുകളിൽ പ്രധാനമാണ് ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്‌വർക്കുകളിലും മെഷീനുകളെ പഠിക്കാൻ അനുവദിക്കുന്ന അടിസ്ഥാന അൽഗോരിതങ്ങളിലുമുള്ള ഇവരുടെ പ്രവർത്തനം. മനുഷ്യന്റെ തലച്ചോറിൽ ചിത്രങ്ങൾ പോലെ കാര്യങ്ങളെങ്ങനെ ശേഖരിക്കപ്പെടുന്നോ അതുപോലെ കംപ്യൂട്ടറിന് ഓർമിച്ചു വയ്ക്കാൻ പറ്റുന്ന മെമ്മറി വികസിപ്പിച്ച് എടുത്തത് ജോൺ ഹോപ്‌ഫീൽഡ് ആണ്. അസോഷ്യേറ്റഡ് മെമ്മറി എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ചിത്രങ്ങളിലെ തിരിച്ചറിയാവുന്ന വസ്തുക്കൾ ഡേറ്റയായി ഓർമിച്ചു വയ്ക്കാൻ കംപ്യൂട്ടറിനെ സഹായിക്കുന്ന മാതൃകകൾ നിർമിച്ചത് ജെഫ്രി ഹിന്റനാണ്. ഇവരുണ്ടാക്കിയ മാതൃകകളാണ് മെഷീനുകളെ തീരുമാനങ്ങളെടുക്കാൻ പ്രാപ്തരാക്കുന്നത്. സയൻസ്, എൻജിനീയറിങ് തുടങ്ങി ദൈനംദിന ജീവിതത്തിൽവരെ വലിയ മാറ്റങ്ങളുണ്ടായേക്കാവുന്ന കണ്ടുപിടിത്തങ്ങളാണ്. ഇന്ന് ഫോണിൽ ഉപയോഗിക്കുന്ന സിരി, ഗൂഗിൾ അസിസ്റ്റന്റ് പോലുള്ള വോയ്‌സ് റെക്കഗ്നിഷൻ സർവീസുകൾ; നെറ്റ്ഫ്ലിക്സ്, ആമസോൺ, സ്പോട്ടിഫൈ തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ സിനിമകളും പാട്ടുകളും ഉപഭോക്താവിന്റെ ഇഷ്ടത്തിന് അനുസരിച്ച് റെക്കമെൻഡ് ചെയ്യുക; ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പേരിൽ വരുന്ന വ്യാജ, സ്പാം കോളുകൾ തിരിച്ചറിഞ്ഞ് തടയുക തുടങ്ങിയവ നിത്യജീവിതത്തിൽ മെഷീൻ ലേണിങ് വച്ച് ഉപയോഗിക്കുന്നവയിൽ ചിലതു മാത്രമാണ്.

എഐയുടെ തലതൊട്ടപ്പൻ എന്നാണ് പ്രഫ. ഹിന്റനെ വിശേഷിപ്പിക്കുന്നത്. മെഷീനുകൾ മനുഷ്യരെ മറികടക്കുമെന്നും അപകടസാധ്യതയുണ്ടെന്നും മുന്നറിപ്പു നൽകിയ ആളാണ് 2023ൽ ഗൂഗിളിൽനിന്ന് രാജിവച്ചിറങ്ങിപ്പോയ ഹിന്റൻ.
രസതന്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം മൂന്നുപേർക്ക്. ഡേവിഡ് ബേക്കർ, ഡെമിസ് ഹസ്സാബിസ്, ജോൺ എം. ജംബർ എന്നിവരാണ് പുരസ്കാരം പങ്കിട്ടിരിക്കുന്നത്. പ്രോട്ടീന്റെ ഘടനയും മറ്റുമടങ്ങുന്ന ഗവേഷണങ്ങൾക്കാണു പുരസ്കാരം. കംപ്യൂട്ടേഷനൽ പ്രോട്ടീൻ ഡിസൈനുമായി ബന്ധപ്പെട്ട ഗവേഷണത്തിനാണ് ബേക്കറിന് പുരസ്കാരം. പ്രോട്ടീനിന്റെ ഘടനാ പ്രവചനവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കാണ് ഹസ്സാബിസിനും ജംബർക്കും പുരസ്കാരം. സിയാറ്റയിലെ യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടനിൽ പ്രവർത്തിക്കുകയാണ് ബേക്കർ, ഹസ്സാബിസും ജംബറും ലണ്ടനിലെ ഗൂഗിൾ ഡീപ്‌മൈൻ‍ഡിൽ ജോലി ചെയ്യുന്നു. 2003ലാണ് ബേക്കർ പുതിയ പ്രോട്ടീൻ ‍ഡിസൈൻ ചെയ്തത്. അദ്ദേഹത്തിനു കീഴിലുള്ള ഗവേഷക സംഘം സാങ്കൽപ്പിക പ്രോട്ടീൻ ഒന്നിനു പിന്നാലെ ഒന്നായി സൃഷ്ടിച്ചു. മരുന്നുകളിലും വാക്സീനുകളിലും നാനോമെറ്റീരിയലുകളിലും ചെറിയ സെൻസറുകളിലും ഉപയോഗിക്കാവുന്നവയാണിത്. ഗവേഷകർ കണ്ടെത്തിയ 200 മില്യൻ പ്രോട്ടീനുകളുടെ ഘടന പ്രവചിക്കാൻ നിർമിതബുദ്ധി ഉപയോഗിച്ചുണ്ടാക്കിയ ഒരു മോഡൽ രൂപപ്പെടുത്തിയതാണ് ഹസ്സാബിസിനെയും ജംബറിനെയും പുരസ്കാരത്തിന് അർഹരാക്കിയത്.

ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിനാണ് ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം. ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിന്റെ ദുർബലത തുറന്നുകാട്ടുകയും ചെയ്യുന്ന തീവ്രമായ എഴുത്തിനാണ് പുരസ്കാരം. ‘‘ശരീരവും ആത്മാവും, ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ഹാൻ കാങ്ങിനു അവബോധം ഉണ്ട്. സോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സിൽ അധ്യാപികയാണ് ഹാൻ കാങ്. മാൻ ബുക്കർ പുരസ്കാരം, യങ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ്, കൊറിയന്‍ ലിറ്ററേച്ചര്‍ നോവല്‍ അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ ഹാന്‍ കാങ് നേടിയിട്ടുണ്ട്.
ഇക്കൊല്ലത്തെ സമാധാന നൊബേൽ ലഭിച്ചത് ജപ്പാനിൽ നിന്നുള്ള സന്നദ്ധ സംഘടനയ്ക്ക്. നിഹോങ് ഹിദ്യാൻക്യോ എന്ന സംഘടനയ്ക്കാണ് പുരസ്കാരം. സംഘടനയുടെ ആണവായുധ വിമുക്ത ലോകത്തിനായുള്ള പ്രവർത്തനങ്ങളാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ഹിരോഷിമ നാഗസാക്കി അതിജീവിതരുടെ സംഘടനയാണ് നിഹോങ് ഹിദ്യാൻക്യോ. ഹിബാകുഷ എന്നും സംഘടന അറിയപ്പെടുന്നു. ആണവായുധങ്ങളില്ലാത്ത ഒരു ലോകം നേടാനുള്ള ശ്രമങ്ങള്‍ക്കും ആണവായുധങ്ങള്‍ ഇനിയൊരിക്കലും ഉപയോഗിക്കരുതെന്നുമുള്ള ആഹ്വാനത്തോടെയുമാണ് സംഘടന പ്രവർത്തിക്കുന്നത്.

5. പാക്കിസ്ഥാനിലെ ഏറ്റവും തിരക്കേറിയ കറാച്ചി ജിന്ന രാജ്യാന്തര വിമാനത്താവളത്തിനു സമീപം ഞായറാഴ്ച രാത്രിയുണ്ടായ ചാവേർ സ്ഫോടനത്തിൽ 2 ചൈനക്കാർ കൊല്ലപ്പെട്ടു. ഒരു ചൈനക്കാരൻ ഉൾപ്പെടെ 17 പേർക്ക് പരുക്കേറ്റു. പ്രധാന ടെർമിനലിന് ഒരു മൈലിനുള്ളിൽ നടന്ന സ്ഫോടനത്തെത്തുടർന്നുണ്ടായ തീപിടിത്തത്തിൽ ഓയിൽ ടാങ്കർ ഉൾപ്പെടെ 10 വാഹനങ്ങൾ കത്തിനശിച്ചു. ചൈനീസ് ഇലക്ട്രിക് പവർ കമ്പനിയുടെ ഉദ്യോഗസ്ഥന്മാരുമായി പോയ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടായിരുന്നു ചാവേർ സ്ഫോടനം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ഏറ്റെടുത്തിട്ടുണ്ട്. പാക്കിസ്ഥാന്റെ പ്രകൃതി സമ്പത്ത് ചൈനയ്ക്ക് അടിയറ വയ്ക്കുന്നതായി ആരോപിച്ച് സമീപകാലത്ത് ബിഎൽഎ ചൈനയുടെ പൗരന്മാരെ ലക്ഷ്യമിട്ട് ആക്രമണം വർധിപ്പിച്ചിട്ടുണ്ട്. 6000 കോടി ഡോളറിന്റെ ചൈന–പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി പദ്ധതിയിൽ ആയിരക്കണക്കിനു ചൈനക്കാർ പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്നുണ്ട്.

6. പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടി ഡി–ചൗക്കിൽ കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ പൊലീസ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പാർട്ടി നേതാവും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാനെതിരെ പുതിയ കേസ്. കൊലപാതകശ്രമത്തിനുള്ളതു കൂടാതെ ഭീകരവിരുദ്ധ വകുപ്പുകളും ചുമത്തിയുള്ള കേസിൽ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയുടെ മുഖ്യമന്ത്രി അലി അമിൻ ഗണ്ഡപുരും പ്രതിയാണ്. ഒരു വർഷത്തിലേറെയായി ഇമ്രാൻ അഡിയാല ജയിലിലാണ്. വെള്ളിയാഴ്ചത്തെ റാലി തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥരുമായി പിടിഐ പ്രവർത്തകർ ഏറ്റുമുട്ടിയപ്പോഴാണ് കോൺസ്റ്റബിൾ അബ്ദുൽ ഹമീദ് കൊല്ലപ്പെട്ടത്. ഇതേ പ്രകടനത്തിൽ പങ്കെടുത്ത ഇമ്രാന്റെ 2 സഹോദരിമാർ പൊലീസ് കസ്റ്റഡിയിലാണ്.

7. അതിതീവ്ര ചുഴലിക്കാറ്റ് മിൽട്ടൻ കരതൊട്ടു. ഫ്ലോറിഡയിലെ സിയെസ്റ്റ കീ നഗരത്തിലാണ് മിൽട്ടനെത്തിയത്. 250 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയത്. ഫ്ളോറിഡയുടെ തീരപ്രദേശത്ത് കനത്ത മഴയ്ക്ക് കാരണമായി. 16 പേർ മരണപ്പെട്ടു. ലക്ഷക്കണക്കിന് ആളുകൾ വീടൊഴിഞ്ഞു സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി. ആറ് വിമാനത്താവളങ്ങൾ അടച്ചു. വിമാന സർവീസുകളും റദ്ദാക്കിയിരുന്നു.സെന്റ് പീറ്റേഴ്സ്ബർഗിൽ പെയ്ത 41 സെന്റിമീറ്റർ മഴ പ്രളയമുണ്ടാക്കി. ഹിൽസ്ബറ, പിനെലസ്, സരസുട്ട, ലീ കൗണ്ടികളിലാണ് കൂടുതൽ നാശം.
ഒട്ടേറെ മരങ്ങൾ കടപുഴകി. കെട്ടിടങ്ങൾ തകർന്നു. വെള്ളപ്പൊക്കത്തിൽ റോഡുകളും പാലങ്ങളും മുങ്ങി. ഗതാഗതം തകരാറിലായി. പലയിടത്തും വൈദ്യുതി വിതരണം ഭാഗികമായി. 112 കിലോമീറ്റർ വേഗത്തിൽ സിയെസ്റ്റ കീയിൽ തീരംതൊട്ട മിൽട്ടൻ മഴയും കാറ്റുമായി നാശംവിതച്ചശേഷം പിൻവാങ്ങി.
നൂറ്റാണ്ടുകണ്ട ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റായിരിക്കും മിൽട്ടനെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയിരുന്നു.

8. പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ കൽക്കരി ഖനിയിൽ നടന്ന വെടിവയ്പ്പിൽ 20 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒട്ടേറെ പേർക്ക് പരുക്കേറ്റു. 6 പേരുടെ നില ഗുരുതരമാണ്. പുലർച്ചെ അക്രമി സംഘം ഖനിയിൽ കടന്ന് വെടിയുതിർക്കുകയായിരുന്നു. ഒരു സംഘം ആയുധധാരികളായ ആളുകൾ ഡുക്കി പ്രദേശത്തെ ജുനൈദ് കൽക്കരി കമ്പനിയുടെ ഖനികളിലാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥർ‌ പറഞ്ഞു. ഖനികൾക്ക് നേരെ റോക്കറ്റുകളും ഗ്രനേഡുകളും പ്രയോഗിച്ചെന്നും ഉദ്യോഗസ്ഥർ പറയുന്നു.

9. ലോകത്തെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ സഹാറ മരുഭൂമിയിൽ വെള്ളപ്പൊക്കം. തെക്കുകിഴക്കൻ മൊറോക്കോയിൽ രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയ്ക്ക് പിന്നാലെയാണ് സഹാറ മരുഭൂമിയുടെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടായത്. അരനൂറ്റാണ്ടായി വരണ്ടു കിടക്കുന്ന ഇറിക്വി തടാകം നിറഞ്ഞതും ഈന്തപ്പനകൾ വെള്ളത്തിൽ മുങ്ങിയ കാഴ്ചകളുമെല്ലാം നാസയുടെ ഉപഗ്രഹ ദൃശ്യങ്ങളിൽ പതിഞ്ഞു. പ്രതിവര്‍ഷ ശരാശരിയേക്കാൾ കൂടുതൽ മഴയാണ് ഈ മേഖലയില്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകൾ. മൊറോക്കോയുടെ തലസ്ഥാനമായ റബാറ്റില്‍ നിന്ന് 450 കിലോമീറ്റര്‍ മാറിയുള്ള ടാഗൗണൈറ്റ് എന്ന പ്രദേശത്ത് 24 മണിക്കൂറിനുള്ളില്‍ 100 മില്ലീ മീറ്ററിലധികം മഴയാണ് സെപ്റ്റംബറിൽ ലഭിച്ചതെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. എക്‌സ്ട്രാ ട്രോപ്പിക്കല്‍ കൊടുങ്കാറ്റെന്നാണ് വിദഗ്ധർ ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്. ഈ പ്രതിഭാസം വരും വർഷങ്ങളിലും പ്രദേശത്തെ ബധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. വായു കൂടുതൽ ഈർപ്പമുള്ളതായി മാറുമെന്നും അത് ഉയര്‍ന്ന ബാഷ്പീകരണത്തിനും കൊടുങ്കാറ്റിനും കാരണമാകുമെന്നുമാണ് റിപ്പോർട്ടുകൾ.

ഇത്രയും വലിയ മഴ സഹാറ മരുഭൂമിയിൽ ലഭിച്ചിട്ട് 30–50 വർഷം വരെയായെന്ന് കാലാവസ്ഥ വകുപ്പിലെ ഉദ്യോഗസ്ഥൻ രാജ്യാന്തര മാധ്യമത്തോട് പറഞ്ഞു.

✍സ്റ്റെഫി ദിപിൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments