വാട്‌സാപ്പില്‍ പുതിയ കസ്റ്റം ചാറ്റ് ലിസ്റ്റ് ഫീച്ചര്‍ എത്തിയേക്കും. ചാറ്റുകളെ ഇഷ്ടാനുസരണം വ്യത്യസ്ത ലിസ്റ്റുകളാക്കി ക്രമീകരിക്കാനാവുന്ന ഫീച്ചര്‍ ആണിത്. വാട്‌സാപ്പ് ഫീച്ചര്‍ ട്രാക്കിങ് വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് ഈ പുതിയ സൗകര്യം സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്. ഉപഭോക്താക്കള്‍ക്ക് ഏറെ പ്രിയപ്പെട്ട ചാറ്റുകള്‍ മാത്രം പ്രത്യേകം വേര്‍തിരിക്കാനും വ്യക്തികളുമായുള്ള ചാറ്റുകളും ഗ്രൂപ്പ് ചാറ്റുകളും വെവ്വേറെ ആക്കാനുമെല്ലാം ഈ സംവിധാനത്തിലൂടെ സാധിക്കും.
നിലവില്‍ അണ്‍റീഡ്, ഫേവറൈറ്റ്‌സ്, ഗ്രൂപ്പ്‌സ് എന്നിങ്ങനെയുള്ള ഫില്‍റ്ററുകള്‍ വാട്‌സാപ്പില്‍ ലഭ്യമാണ്. ഇതിനൊപ്പമാണ് ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം ചാറ്റുകള്‍ വേര്‍തിരിക്കാനുള്ള സൗകര്യം ഒരുക്കുന്നത്. ഈ ഫീച്ചര്‍ എത്തിയാല്‍ പ്രിയപ്പെട്ടവരുടെ ചാറ്റുകള്‍ കണ്ടെത്താന്‍ ചാറ്റ് ലിസ്റ്റില്‍ ഒരുപാട് സ്‌ക്രോള്‍ ചെയ്യേണ്ടി വരില്ല.
വാട്‌സാപ്പ് ബിസിനസ് ഉപഭോക്താക്കള്‍ക്കും ചാറ്റുകള്‍ ആവശ്യാനുസരണം വേര്‍തിരിക്കാന്‍ ആ സൗകര്യം സഹായിക്കും. ഇപ്പോള്‍ നിര്‍മാണ ഘട്ടത്തിലിരിക്കുന്ന കസ്റ്റം ഫില്‍റ്റര്‍ ഫീച്ചര്‍ വാട്‌സാപ്പിന്റെ ഭാവി അപ്‌ഡേറ്റുകളിലായിരിക്കും അവതരിപ്പിക്കപ്പെടുക.