സിഡ്‌നി: ഓസ്ട്രേലിയയിൽ സിഡ്‌നിക്കു സമീപം ഡുബ്ബോയിൽ വീടിന് തീപിടിച്ച് മലയാളി നഴ്സിന് ദാരുണാന്ത്യം. മുംബൈയിൽ താമസിക്കുന്ന, പെരുമ്പുഴ പുന്നവിള കുടുംബാംഗം പുനക്കന്നൂർ ഷാരോൺ ഭവനിൽ അലക്‌സാണ്ടർ എബ്രഹാമിന്റെയും എൽസി അലക്‌സാണ്ടറുടെയും മകൾ ഷെറിൻ ജാക്സൺ (34) ആണ് മരണമടഞ്ഞത്.
മാർച്ച് 21 ന് പുലർച്ചെയായിരുന്നു അപകടം സംഭവിച്ചത്. പൊള്ളലിനെക്കാളേറെ പുക ശ്വസിച്ച് ഗുരുതരാവസ്ഥയിലായ നിലയിലാണ് ഷെറിനെ, ഷെറിൻ ജോലിചെയ്‌തിരുന്ന ഡുബ്ബോ ഹോസ്പിറ്റലിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. മാർച്ച് 22 ന് മരണം സംഭവിച്ചു. രക്ഷാപ്രവർത്തനത്തിന് എത്തിയ അഗ്നിശമന സേനാംഗവും പരിക്കേറ്റ് ചികിത്സയിലാണ്. ഡുബ്ബോ ആശുപത്രിയിൽ നഴ്സ് യൂണിറ്റ് മാനേജർ ആയിരുന്നു ഷെറിൻ. വർഷങ്ങളായി സിഡ്‌നിയിലായിരുന്നു താമസം.
സംഭവം നടക്കുമ്പോൾ ഭർത്താവ് ജാക്‌സൺ ജോലിക്ക് പോയതിനാൽ രണ്ടു നിലയുള്ള വീട്ടിൽ ഷെറിൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ടെക്സ്റ്റൈൽ എൻജിനീയറായ ജാക്സൺ പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിയാണ്. തീപിടിത്തം എങ്ങനെയുണ്ടായി എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിനു കാരണമെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ഷെറിൻ തോമസാണ് ഏക സഹോദരി. സംസ്കാരം പിന്നീട് .