ഇസ്ലാമാബാദ്; പാകിസ്ഥാൻ പീപ്പിൾസ് പാർടി സഹ ചെയർമാൻ ആസിഫ് അലി സർദാരിയെ വീണ്ടും പാകിസ്ഥാൻ പ്രസിഡന്റായി തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് ആസിഫ് അലി സർദാരി പ്രസിഡന്റാകുന്നത്. ദേശീയ അസംബ്ലിയിലെയും നാല് പ്രവിശ്യ അസംബ്ലികളിലെയും അംഗങ്ങളുടെ ഇലക്ടറല്‍ കോളേജാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. ഞായറാഴ്‌ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ടി –-പാകിസ്ഥാന്‍ മുസ്ലിംലീഗ്- നവാസ് സഖ്യത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയായിരുന്നു. സുന്നി ഇത്തഹാദ് കൗണ്‍സിൽ സ്ഥാനാർഥിയായി പഷ്തൂൺഖ്വ മില്ലി അവാമി പാർടിയുടെ തലവനായ മഹമൂദ് ഖാൻ അചക്‌സായിയും ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർടിയുടെ പിന്തുണയോടെ മത്സരിച്ചിരുന്നു. സര്‍ദാരിക്ക് 255 വോട്ടും മഹമ്മൂദ് ഖാന് 119 വോട്ടും ലഭിച്ചു.
പാകിസ്ഥാന്റെ 14–ാമത്തെ പ്രസിഡന്റാണ് ആസിഫ് അലി സർദാരി. കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ ഭർത്താവാണ്. 2008 മുതൽ 2013 വരെ പാകിസ്ഥാൻ പ്രസിഡന്റായിരുന്നു. ആദ്യമായാണ് സൈനികനല്ലാത്ത ഒരാൾ രണ്ടു തവണ പാകിസ്ഥാൻ പ്രസിഡന്റ് ആകുന്നത്.