മോസ്‌കോ; റഷ്യയിലെ ജയിലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പ്രതിപക്ഷ നേതാവ് അലക്‌സയ് നവാൽനിയുടെ മൃതദേഹം വിട്ടുനൽകാതെ അധികൃതർ. പ്രസിഡന്റ് വ്‌ളാദിമിർ പുടിനെതിരെ കനത്ത ജനരോഷം ഉയരുന്നു. നവാൽനിയുടെ മൃതദേഹം ഇതുവരെ കുടുംബത്തിന് വിട്ടുനൽകിയില്ലെന്ന് നവാൽനിയുടെ വക്താവ് കിറ യാർമിഷ് പറഞ്ഞു.
മോർച്ചറിക്കുമുന്നിലെത്തിയ നവാൽനിയുടെ അമ്മയോടും അഭിഭാഷകനോടും മൃതദേഹം അവിടെയില്ലെന്നാണ് അധികൃതർ അറിയിച്ചത്. മൃതദേഹം എവിടെയാണെന്ന് വ്യക്തമാക്കാൻ അവർ തയ്യാറാകുന്നില്ല. അന്വേഷണം പൂർത്തിയാകുന്നതുവരെ വിട്ടുനൽകില്ല എന്ന കടുത്തനിലപാടിലാണവർ. നവാൽനിയുടേത് കൊലപാതകമാണെന്നും തെളിവ് നശിപ്പിക്കാൻ വേണ്ടിയാണ് മൃതദേഹം വിട്ടുനൽകാത്തതെന്നും കിറ യാർമിഷ് ആരോപിച്ചു.
അതേസമയം നവാൽനിയുടെ മരണത്തിൽ പ്രതിഷേധിച്ച് റഷ്യയുടെ വിവിധയിടങ്ങളിൽ ജനം തെരുവിലിറങ്ങി. നൂറിലധികംപേരെ പൊലീസ് അറസ്റ്റ് ചെയ്‌തുനീക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധമുയർന്നു. പോളണ്ട് തലസ്ഥാന വാഴ്‌സൊയിലെയും ജോർജിയിലെയും റഷ്യൻ എംബസിക്ക് മുന്നിൽ പ്രതിഷേധമുയര്‍ന്നു. റഷ്യൻ അംബാസിഡറെ ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് വിളിച്ചുവരുത്തി. നവാൽനിയുടെ മരണത്തിൽ അനന്തരഫലമുണ്ടാകുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂൺ പ്രതികരിച്ചു.
ജർമനിയിലെ മൂണികില്‍ സുരക്ഷാ ഉച്ചകോടിയിൽ ജിഏഴ് നേതാക്കൾ നവാല്‍നിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് മൗനം ആചരിച്ചു. അതേസമയം നവാൽനിയുടേത് കൊലപാതകമാണെന്ന ആരോപണം നിഷേധിച്ച് റഷ്യൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഉയരുന്ന ഇത്തരം ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് റഷ്യന്‍ അധികൃതര്‍ പ്രതികരിച്ചു.