വാഷിങ്ടൺ; ഗാസയിലെ ഇസ്രയേല്‍ കൂട്ടക്കൊലയില്‍ ഇരട്ടത്താപ്പുമായി വീണ്ടും അമേരിക്ക. ഒരുവശത്ത് വെടിനിർത്തലിന് ആഹ്വാനം ചെയ്യുമ്പോള്‍ പിന്‍വാതിലിലൂടെ റാഫയെ തകര്‍ക്കാന്‍ ഇസ്രയേലിനെ ആയുധമണിയിക്കുന്നു. ഉഗ്രപ്രഹരശേഷിയുള്ള എംകെ 82 ബോംബുകളും നേരിട്ടുള്ള ആക്രമണം ദ്രുതഗതിയിലാക്കുന്ന അത്യാധുനിക ഉപകരണങ്ങളും ഉടന്‍ അമേരിക്ക ഇസ്രയേലിന് കെെമാറുകയെന്ന് വാൾസ്ട്രീസ്റ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
ജറുസലേമിലെ യുഎസ് എംബസി തയ്യാറാക്കിയ റിപ്പോർട്ടുപ്രകാരമാണ് ആയുധങ്ങൾ കെെമാറുന്നത്. പ്രാദേശിക ഭീഷണി നേരിടാൻ ഇസ്രയേലിനെ സജ്ജമാക്കുന്നതിന്റെ ഭാഗമായി ഉഗ്രസ്ഫോടനശേഷിയുള്ള ഉപകരണങ്ങൾ നൽകണമെന്നാണ് യുഎസ് എംബസി ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തേയും ഇത്തരത്തിൽ നൽകിയിട്ടുണ്ട്. ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതിനുപിന്നാലെ വന്‍തോതില്‍ ആയുധങ്ങള്‍ അമേരിക്ക ഇസ്രയേലിന് കെെമാറി. സ്ത്രീകളും കുട്ടികളുമടക്കം 28,000 പലസ്തീൻകാരാണ് ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത്. പതിനായിരത്തിലധികം പേർ ഭവനരഹിതരായി.