Thursday, December 26, 2024
Homeലോകവാർത്തഇങ്ങനൊരു വിവാഹാഘോഷം ലോകം കണ്ടിട്ടില്ല; ഗാനമേളക്ക് മാത്രം 76 കോടി; ചുവടുകള്‍വെച്ച് അംബാനി ദമ്പതികള്‍.

ഇങ്ങനൊരു വിവാഹാഘോഷം ലോകം കണ്ടിട്ടില്ല; ഗാനമേളക്ക് മാത്രം 76 കോടി; ചുവടുകള്‍വെച്ച് അംബാനി ദമ്പതികള്‍.

ലോകത്തെ ഏറ്റവും വലിയ ആഡംബര വിവാഹങ്ങളിലൊന്നായി മാറി റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനിയും രാധിക മെര്‍ച്ചന്റും തമ്മിലുള്ള വിവാഹം. ഡിസംബറിലാണ് വിവാഹമെങ്കിലും മൂന്നു ദിവസമായി ഗുജറാത്തിലെ ജാം നഗറില്‍ വിവാഹ പൂര്‍വ ആഘോഷങ്ങള്‍ തിമര്‍ക്കുകയാണ്. ലോക മാധ്യമങ്ങളെല്ലാം ഈ വിവാഹത്തിന്റെ വാര്‍ത്തകളാല്‍ നിറഞ്ഞിരിക്കുന്നു. വെള്ളിയാഴ്ച തുടങ്ങിയ വിവാഹ പൂര്‍വ ആഘോഷത്തിന് ഞായറാഴ്ച തിരശ്ശീല വീണു. മാര്‍ക്ക് സക്കര്‍ബര്‍ഗ്, ബില്‍ ഗേറ്റ്‌സ് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സെലിബ്രിറ്റികളാണ് അതിഥികളായെത്തിയത്.

മൂന്ന് വ്യത്യസ്ത തീമുകളിലാണ് വിവാഹ പൂര്‍വആഘോഷം. വെള്ളിയാഴ്ച ‘എവര്‍ലാന്‍ഡിലൊരു സായാഹ്നം’ എന്നതായിരുന്നു തീം. എലഗന്റ് കോക്ക്‌ടെയ്ല്‍ ഡ്രസ്സ് കോഡാണ് ഇതിന് സെലിബ്രിറ്റികള്‍ തെരഞ്ഞെടുത്തത്. ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണ്‍, സോനം കപൂര്‍, ശ്രദ്ധ കപൂര്‍, ജനീലിയ ഡിസൂസ, കിയാര അദ്വാനി, ക്രിക്കറ്റ് താരം എംഎസ് ധോനിയുടെ ഭാര്യ സാക്ഷി ധോനി, ഫെയ്‌സ്ബുക്ക് സ്ഥാപകനും മെറ്റ സി.ഇ.ഒയുമായ സക്കര്‍ബര്‍ഗിന്റെ ഭാര്യ പ്രിസില്ല ചാന്‍ എന്നിവരെല്ലാം കറുപ്പ് ഔട്ട്ഫിറ്റുകളാണ് ധരിച്ചത്. സാക്ഷി ലെഹങ്ക തെരഞ്ഞെടുത്തപ്പോള്‍ ബാക്കിയെല്ലാവരും ഗൗണ്‍ ധരിച്ചാണെത്തിയത്.

പോപ്പ് ഗായിക റിഹാനയുടെ ഗാനമേളയായിരുന്നു ആ ദിവസത്തെ പ്രത്യേകത. പ്രത്യേകം ഒരുക്കിയ വേദിയില്‍ റിഹാനയും സംഘവും തകര്‍ത്താടി. അംബാനി കുടുംബത്തിനൊപ്പവും ബോളിവുഡ് താരങ്ങള്‍ക്കൊപ്പവും റിഹാന നൃത്തച്ചുവടുകള്‍വെച്ചു. അതിനുശേഷം താരം ജാംനഗര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വകാര്യ എയര്‍ബസില്‍ നാട്ടിലേക്ക് തിരിച്ചുപോയി. ഏകദേശം 76 കോടി രൂപയാണ് റിഹാനയെ ഇന്ത്യയിലെത്തിക്കാന്‍ അംബാനി കുടുംബം ചെലവഴിച്ചത്.

രണ്ടാമത്തെ ദിവസം ബോളിവുഡ് താരങ്ങളായിരുന്നു പരിപാടിയുടെ ശ്രദ്ധാകേന്ദ്രം. ജംഗിള്‍ ഫീവര്‍ തീമിലുള്ള ഡ്രസ് കോഡിലാണ് താരങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. വിവിധ മൃഗങ്ങളും പക്ഷികളും മരങ്ങളുമെല്ലാം പ്രിന്റ് ചെയ്ത ഔട്ട്ഫിറ്റുകളാണ് അധികപേരും തെരഞ്ഞെടുത്തത്. ജംഗിള്‍ വിസിറ്റിലൂടെയായിരുന്നു ഈ പരിപാടിക്ക് തുടക്കം കുറിച്ചത്. ആലിയയും മകള്‍ റാഹയും ഒരേ ഔട്ട്ഫിറ്റിലാണെത്തിയത്. ബ്രൗണും വൈറ്റും നിറങ്ങള്‍ ചേര്‍ന്ന ഫ്‌ളോറല്‍ കോഓര്‍ഡ് ഡ്രസ്സായിരുന്നു ആലിയയുടെ വേഷം. ഇതേ നിറത്തില്‍ ഫ്‌ളോറല്‍ ഡിസൈന്‍ വരുന്ന ഫ്രോക്കാണ് റാഹ ധരിച്ചത്. ആലിയ റാഹയെ ആനന്ദ് അംബാനിക്ക് പരിചയപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ജംഗിള്‍ സഫാരിക്ക് ശേഷം വൈകുന്നേരം ട്രഡീഷണല്‍ വസ്ത്രത്തിലാണ് ബോളിവുഡ് താരങ്ങള്‍ വേദിയില്‍ തകര്‍ത്താടിയത്. ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവരെല്ലാം ഒരുമിച്ച് വേദിയിലെത്തി. തെന്നിന്ത്യയില്‍ നിന്ന് സാന്നിധ്യമായി രാംചരണും ഭാര്യ ഉപാസനയും രജനീകാന്തുമുണ്ടായിരുന്നു. ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് അനുസരിച്ച് വേദിയില്‍ രാംചരണിനൊപ്പം ഷാരൂഖും ആമിറും സല്‍മാനും നൃത്തച്ചുവടുകള്‍വെച്ചു.

‘ജയ് ശ്രീറാം, ദൈവം നിങ്ങളെയെല്ലാവരേയും അനുഗ്രഹിക്കട്ടെ’ എന്ന് അഭിസംബോധന ചെയ്താണ് ഷാരൂഖ് വേദിയിലെത്തിയത്. തുടര്‍ന്ന് അംബാനി കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളെ കിംഗ് ഖാന്‍ പരിചയപ്പെടുത്തി. ‘പവര്‍ഗേള്‍സ്’, ‘അംബാനിയുടെ മാലാഖമാര്‍’, ‘ജാംനഗറിലെ സ്‌പൈസ് ഗേള്‍സ്’ എന്നിങ്ങനെയാണ് മുതിര്‍ന്ന അംഗങ്ങളെ ഷാരൂഖ് വിശേഷിപ്പിച്ചത്. സരസ്വതി, ലക്ഷ്മി, പാര്‍വതി ദേവിമാരെപ്പോലെയാണ് അംബാനി കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകളെന്നും അവരുടെ പ്രാര്‍ഥനയും അനുഗ്രഹവുമാണ് കുടുംബത്തെ ഒരുമിച്ചു നിര്‍ത്തുന്നതെന്നും ഷാരൂഖ് പറയുന്നുണ്ട്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തുടര്‍ന്ന് പഠാനിലെ ഗാനത്തിന് അനുസരിച്ച് താരം നൃത്തച്ചുവടുകള്‍വെച്ചു.

ഇതിന് പിന്നാലെ രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും വേദിയിലെത്തി. താരജോഡികളായ രണ്‍ബീറും ആലിയ ഭട്ടും ഒരുമിച്ച് നൃത്തം ചെയ്തു. ബോളിവുഡിലെ പുതുതലമുറ സുഹാന ഖാന്‍, ജാന്‍വി കപൂര്‍, ഖുശി കപൂര്‍, നവ്യ നവേലി നന്ദ, അനന്യ പാണ്ഡെ തുടങ്ങിയവര്‍ ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയ്‌ക്കൊപ്പം ചുവടുകള്‍വെച്ചു. റൊമാന്റിക് കപ്പ്ള്‍ ഡാന്‍സുമായി മുകേഷ് അംബാനിയും നിത അംബാനിയും അതിഥികളെ കൈയിലെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments