Sunday, December 8, 2024
Homeസിനിമമറന്നിട്ടുമെന്തിനോ...മനസില്‍ തുളുമ്പുന്നു'... മലയാളം മറക്കാത്ത ഗായകന് ഇന്ന് എൺപതാം പിറന്നാൾ.

മറന്നിട്ടുമെന്തിനോ…മനസില്‍ തുളുമ്പുന്നു’… മലയാളം മറക്കാത്ത ഗായകന് ഇന്ന് എൺപതാം പിറന്നാൾ.

‘മറന്നിട്ടുമെന്തിനോ…മനസില്‍ തുളുമ്പുന്നു’….. പി ജയചന്ദ്രന്റെ പാട്ടുകളും അങ്ങനെയാണ്. മറന്നാലും മനസില്‍ നിന്നും മായില്ല. കേട്ടുമറന്ന ഒരു ഈണം എപ്പോഴും മനസില്‍ പ്രണയം പോലെ മേല്‍പരപ്പിലേക്ക് വരാം. മാര്‍ച്ച് മൂന്നിന് 80 വയസ് പൂര്‍ത്തിയാക്കുകയാണ് മലയാളത്തിന്റെ പ്രിയ പ്രണയ ഗായകന്‍.

പ്രണയത്തിന് ജയചന്ദ്രനോളം ചേരുന്നൊരു സംഗീത സാധ്യതയുണ്ടോ മലയാളത്തില്‍ എന്ന് ഓര്‍ത്തു പോകും. ‘ആരാരും കാണാതെ ആരോമല്‍ തൈമുല്ല പിന്നെയും പൂവിടുമോ’ എന്ന പാട്ടു കേള്‍ക്കുമ്പോള്‍, കണ്ണും നട്ട് കാത്തിരുന്നിട്ടും എന്റെ കരളിലെ കരിമ്പ് തോട്ടം…. എന്ന് ഹൃദയം തകര്‍ന്ന് നില്‍ക്കുമ്പോള്‍ അതിന് ജയചന്ദ്രന്റെ ശബ്ദമാണ്. നോവ് പോലെ വിരഹം പോലെയാണത്.

‘വിഘ്‌നേശ്വര ജന്മനാളികേരം നിന്റെ…’ എന്നിങ്ങനെ ഭക്തിയും പ്രണയാര്‍ദ്രമായ അര്‍പ്പണമായി ജയചന്ദ്രന്റെ ആലാപനത്തിന് വ്യത്യസ്ത ഭാവ ചാരുതയാണ്. ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ… … ജയചന്ദ്രന്‍ പാടുമ്പോള്‍, ‘ഒന്നിനി’ എന്ന വാക്ക് കഴിഞ്ഞുള്ള മാത്രയിലെ നിശ്ശബ്ദതയും ആഴത്തില്‍ സംഗീതമായി കേള്‍വിക്കാരുടെ മനസില്‍ മുദ്രിതമാവും.

ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇക്കുറി ആഘോഷങ്ങളില്ല. കൂട്ടുകാര്‍ ചേര്‍ന്ന് ആഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നെങ്കിലും ആരോഗ്യം വീണ്ടെടുത്ത് വീണ്ടും പാടാനിറങ്ങുമ്പോള്‍ മതി ആഘോഷമെന്നാണ് പ്രതികരണം.

1944 മാര്‍ച്ച് മൂന്നിന് സംഗീതജ്ഞനായ തൃപ്പൂണിത്തുറ രവിവര്‍മ്മ കൊച്ചനിയന്റെയും സുഭദ്രക്കുഞ്ഞമ്മയുടെയും മകനായി പാലിയത്ത് ജയചന്ദ്രക്കുട്ടന്‍ എന്ന പി ജയചന്ദ്രന്‍ ജനിച്ചു. എറണാകുളം ജില്ലയിലെ രവിപുരത്ത് നിന്ന് പിന്നീട് കുടുംബം തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി.

കഥകളി, മൃദംഗം ചെണ്ടവായന, പൂരം,പാഠകം,ചാക്യാര്‍കൂത്ത് തുടങ്ങി കാലതാത്പര്യം ചെറുപ്പത്തിലെ ഉറച്ചു. പി ജയചന്ദ്രന്‍ സ്‌കൂള്‍തലത്തില്‍ തന്നെ ലളിതസംഗീതത്തിനും മൃദംഗവാദനത്തിനും നിരവധി സമ്മാനങ്ങള്‍ നേടി. 1958ലെ ആദ്യത്തെ സ്‌കൂള്‍ യുവജനോത്സവത്തില്‍ ലളിത സംഗീതത്തിനും മൃദംഗത്തിനും സമ്മാനം കരസ്ഥമാക്കി. അന്ന് ശാസ്ത്രീയസംഗീതത്തില്‍ ഒന്നാംസ്ഥാനക്കാരനായത് കെ ജെ യേശുദാസ് ആയിരുന്നു. ഇരുവരും വിദ്യാലയത്തില്‍ സമകാലകിരാണ്.

1965 ല്‍ ഡിഗ്രിയെടുത്ത ശേഷം ജോലിക്കായി മദിരാശിയിലെത്തി. ഇന്ത്യാ- പാക് യുദ്ധഫണ്ടിനായി എം.ബി.ശ്രീനിവാസന്‍ നടത്തിയ ഗാനമേളയില്‍ യേശുദാസിന് പകരക്കാരനായി ‘പഴശ്ശിരാജ’ യിലെ ‘ചൊട്ട മുതല്‍ ചുടല വരെ’ പാടിയത് വഴിത്തിരിവായി. മനുഷ്യ ജന്മങ്ങളുടെ ആഴത്തിൽ മുഴങ്ങുന്ന സങ്കടങ്ങളിൽ കോർത്തു വെച്ച പാട്ടാണത്. വരികളും ഈണവും ആലാപനത്തിൻ്റെ ഓരോ ഘട്ടവും മനപ്പാഠമാണ് മലയാളത്തിന്.

തുടർന്ന് ചന്ദ്രതാരയുടെ ‘കുഞ്ഞാലിമരയ്ക്കാര്‍’ സിനിമയില്‍ പാടാന്‍ ക്ഷണം കിട്ടി. ”മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി” ”അനുരാഗഗാനം പോലെ..” _’_പിന്നെയും ഇണക്കുയില്‍ ..’ ”കരിമുകില്‍ കാട്ടിലെ..’ തുടങ്ങിയ ഗാനങ്ങള്‍ സിനിമായ ഗാന രംഗത്തെ കരിയറില്‍ നിര്‍ണായകമായി.

മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി ഭാഷകളിലായി 15000ലധികം ഗാനങ്ങള്‍ ആലപിച്ചു. മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അഞ്ചുതവണ പി ജയചന്ദ്രനു ലഭിച്ചു. തമിഴ് ചലച്ചിത്ര സംഗീതത്തിന് നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമെന്ന നിലയില്‍ 1997 ല്‍ തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡിന് അര്‍ഹനായി. അഭിനയത്തിലും ജയചന്ദ്രന്റെ സാന്നിധ്യമുണ്ട്. ഹരിഹരന്റെ’നഖക്ഷതങ്ങള്‍’,ഓ രാമദാസിന്റെ ”കൃഷ്ണപ്പരുന്ത്” വി കെ പ്രകാശ് സംവിധാനം ചെയ്ത ‘ ട്രിവാന്‍ഡ്രം ലോഡ്ജ്’ എന്നീ സിനിമകളിലും സംഗീത ആല്‍ബങ്ങളിലും പി ജയചന്ദ്രന്‍ അഭിനയിച്ചിട്ടുണ്ട്.

ലളിതയാണ് ഭാര്യ. മക്കളായ ലക്ഷ്മിയും ദിനനാഥും ഗായകരാണ്. ലക്ഷ്മി മ്യൂസിക് ആല്‍ബങ്ങളില്‍ പാടുകയും ദിനനാഥ് രണ്ട് മലയാള ചലച്ചിത്രങ്ങളില്‍ പിന്നണി പാടുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments