കോട്ടയ്ക്കൽ. സംസ്ഥാനത്തെ മികച്ച ആരോഗ്യകേന്ദ്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ കോട്ടയ്ക്കൽ നഗരസഭാ കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നതു ഒട്ടേറെ പരിമിതികൾക്കു നടുവിലെന്നു പരാതി. സ്‌റ്റാഫ് പാറ്റേൺ പരിഷ്ക്കാരം നടപ്പാക്കാത്തതിനാൽ പദവി ഉയർത്താനോ മറ്റോ കഴിയുന്നില്ല.
ദീർഘകാലം പ്രാഥമികാരോഗ്യ കേന്ദ്രമായി പ്രവർത്തിച്ചതിനുശേഷമാണ് സാമൂഹികാരോഗ്യ കേന്ദ്രമായത്. 6 വർഷം മുൻപ് കുടുംബാരോഗ്യ കേന്ദ്രമായി. എന്നാൽ, പ്രാഥമികാരോഗ്യ കേന്ദ്രം ആയിരുന്ന സമയത്തെ സ്‌റ്റാഫ് പാറ്റേൺ തന്നെയാണ് ഇപ്പോഴുമുള്ളത്. പാറ്റേൺ പരിഷ്ക്കരിച്ചു കിടത്തിചികിത്സയും മറ്റും സൗകര്യങ്ങളും ഒരുക്കണമെന്നത് ദീർഘകാലത്തെ ആവശ്യമാണ്. കിടത്തിചികിത്സയ്ക്കു ആവശ്യമായ കെട്ടിടങ്ങൾ ആരോഗ്യകേന്ദ്രത്തിലുണ്ട്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നാഷനൽ ക്വാളിറ്റി അഷുറൻസ് സ്‌റ്റാൻഡേഡിൽ 99 ശതമാനം സ്കോറാണ് അടുത്തിടെ ആരോഗ്യകേന്ദ്രം നേടിയത്. അതേസമയം, ആരോഗ്യകേന്ദ്രത്തിന്റെ ഉന്നമനത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നു മന്ത്രി വീണാജോർജ് നിയമസഭയിൽ അറിയിച്ചു. കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു മന്ത്രി.
— – – – – – –