കേരളം: തേക്കടി-കുമളി പട്ടണം
തേക്കടിയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കുമളിയെ അങ്ങനെ തള്ളി പറയാൻ പറ്റില്ല.കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്താണ് കുമളി . തേക്കടിയും കുമളിയും തമ്മിൽ ഏകദേശം 2 – 3 കിലോമീറ്ററിൻ്റെ ദൂരവ്യത്യാസം മാത്രം. തേക്കടി സന്ദർശനകാർക്ക് കുമളിയാണ് താമസ സ്ഥലങ്ങൾ കണ്ടെത്താൻ കഴിയുന്ന ടൗൺ ഏരിയ.കേരളത്തിൻ്റെ സമ്പന്നമായ സുഗന്ധവ്യഞ്ജനങ്ങൾക്ക് പേരുകേട്ടതാണ് ഈ സ്ഥലം.കേരളത്തിലെ പ്രധാന വിനോദസഞ്ചാര വാണിജ്യ കേന്ദ്രങ്ങളിലൊന്നാണ് കുമളി .
സമുദ്രനിരപ്പിൽ നിന്ന് 2,890അടി ഉയരത്തിലുള്ള മലയോരപ്രദേശങ്ങൾ കൂടുതലും ഏലത്തോട്ടങ്ങളാണ്. എന്നാൽ വഴിയിൽ നമ്മളുടെ വരവ് പ്രതീക്ഷിച്ചു കൊണ്ട് കുരങ്ങന്മാർ ധാരാളം ഉണ്ട്. ചില ടൂറിസ്റ്റുകൾ വാഹനം നിറുത്തി ഭക്ഷണം കൊടുക്കുകയും ഫോട്ടോ എടുക്കലും അതിനിടയിലെ കുരങ്ങൻ്റെ പെരുമാറ്റവും എല്ലാമായി അവരുടെ യാത്ര കൂടുതൽ രസകരമാക്കാന്നുണ്ട്.
എന്നാൽ സ്കൂട്ടറിൽ യാത്ര ചെയ്ത്, കുരങ്ങന്മാരെ കാണുമ്പോൾ പഴം എറിഞ്ഞു കൊടുക്കുന്ന ആ മൃഗസ്നേഹികളോട് ഇഷ്ടത്തെക്കാളുമധികം ദേഷ്യമാണ് തോന്നിയത്. ബാഗ് നിറയെ പഴവുമായി സ്കൂട്ടറിൽ യാത്ര ചെയ്യുകയാണ് . കുരങ്ങന്മാരെ കാണുമ്പോൾ പഴം എറിഞ്ഞു കൊടുക്കും. പ്രതീക്ഷിക്കാതെ പഴം കാണുന്നതോടെ പല ഭാഗത്ത് നിന്നും ട്രാഫിക്കൊന്നും നോക്കാതെ കുരങ്ങന്മാർ ഓടികൂടുകയാണ്. പല വാഹനങ്ങൾക്ക് സഡൻ ബ്രേക്കിട്ടാണ്കുരങ്ങന്മാരെ രക്ഷിക്കേണ്ടി വരുന്നത്. ഒരു പക്ഷെ ഗുണത്തെക്കാളും അധികം ദോഷമാണ് അവർ ചെയ്യുന്നത്.
ബ്രിട്ടീഷുകാരുടെ വരവോടെയാണ് ഈ സ്ഥലങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടായത്.അവർ വനപ്രദേശങ്ങളെ തേയില, കാപ്പി, ഏലം, ഇഞ്ചി, കറുവപ്പട്ട, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ തോട്ടങ്ങളാക്കി മാറ്റി. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽ നിന്നും ആളുകളെ തോട്ടങ്ങളിൽ ജോലിക്ക് കൊണ്ടുവന്നു.കുമളിയിലെ ഷോപ്പിംഗിന് ഏറ്റവും മികച്ചത്. ‘സുഗന്ധവ്യഞ്ജനങ്ങളാണ്. അവ സുഗന്ധത്തിനും പാചക മൂല്യത്തിനും പേരുകേട്ടതാണ്.
പച്ച ഏലക്കായ , കറുവപ്പട്ട, ജാതിക്ക, ഗ്രാമ്പൂ…. എല്ലാം വലിയ ചാക്കുകളിൽ നിന്നും നമ്മുടെ ഇഷ്ടപ്രകാരം വാങ്ങിക്കാനായി വച്ചിട്ടുണ്ട്. അതിൽ കറുവപ്പട്ടയുടെ വീതി കണ്ടപ്പോൾ ഞെട്ടി പോയി. പല ടൂറിസ്റ്റുകളും spices ൻ്റെ വില പേശലിൽ തോറ്റു പോകുമ്പോൾ, കടയിലെ പയ്യൻ പറയുന്നത് അമ്മച്ചി പോയിട്ട് അടുത്ത വർഷം വന്ന് നോക്ക് എന്നാണ്. അവൻ്റെ ആ കമൻ്റ് കേട്ട് ചിരിച്ചു കൊണ്ടിരിക്കുന്ന എന്നെ കണ്ടപ്പോൾ നിങ്ങൾ ഹിന്ദിക്കാരല്ലേ എന്ന് സംശയം. എൻ്റെ നാട്ടിൽ വരുമ്പോൾ ഞാൻ എന്തിന് ഹിന്ദി പറയണം എന്നു ഞാനും!
കാശ്മീർ നിന്നുമുള്ളവരുടെ കട എന്നു പറയുമ്പോൾ, ഈ കമ്പിളി വസ്ത്രങ്ങൾക്ക്, കുമളിയിൽ എന്താണ് ഇത്ര പ്രാധാന്യമെന്നു തോന്നാതിരുന്നില്ല. എന്നാൽ കുമളിയിൽ തന്നെ രണ്ടാമത്തെയോ മൂന്നാമത്തേയോ തലമുറ കാരാണിവർ . പല കാർപ്പെറ്റുകളും അവർ അവിടെയിരുന്ന് ഉണ്ടാക്കുന്നതാണ്. വിദേശത്തേക്ക് കയറ്റി അയക്കാനുള്ള ഏതാനും സിൽക്ക് കാർപ്പെറ്റുകളും കാണിച്ചു തന്നു. എല്ലാം നല്ല ഭംഗി. സിൽക്ക് കാർപ്പെറ്റുകൾ ‘ തീ ‘ – -യിനെ പ്രതിരോധിക്കുമത്രേ! ചിലതെല്ലാം സിഗരറ്റ് ലൈറ്റർ വെച്ച് തീ വെച്ചും മറ്റു ചില വലിയ കാർപ്പെറ്റുകൾ ഒരു സാരി മടുക്കുന്നതു പോലെ മടക്കിയും കാണിച്ചു തന്നു.കാർപ്പെറ്റുകളെ കുറിച്ച് കൂടുതലറിയാത്തതുകൊണ്ട് അവർ പറയുന്നതെല്ലാം കേട്ടു കൊണ്ടിരുന്നു എന്നു പറയുന്നതാവും ശരി.
ചിപ്സും ഹലുവയുടേയും കടകൾ കാണുമ്പോൾ, അതെല്ലാം വാങ്ങിക്കാൻ തോന്നാത്ത മലയാളികളുണ്ടോ അല്ലേ? യാത്ര ഡിസംബറിലായതുകൊണ്ട്, വിവിധ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണ്ണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിന് തീർത്ഥാടകരാണ് കുമളി വഴി ശബരിമലയ്ക്ക് വന്നു പോകുന്നത്. അതുകൊണ്ടു തന്നെ കുമളിയിൽ എവിടെ നോക്കിയാലും അയ്യപ്പ ഭക്തരാണ്. ചിപ്സും ഹലുവ കടകൾ അവർക്കായിട്ട് വന്നതാണെന്നും അതൊന്നും നല്ല ക്വാളിറ്റി അല്ല എന്നാണ് വാഹനത്തിൻ്റെ ഡ്രൈവറുടെ അഭിപ്രായം . ജനുവരി ഇരുപത് കഴിഞ്ഞാൽ ഇത്തരത്തിലൊരു കട പോലും ഇവിടെ കാണില്ല എന്നാണ് ഡ്രൈവർ. കേട്ടപ്പോൾ തമാശയായിട്ടാണ് തോന്നിയത്. നല്ല ക്വാളിറ്റി അല്ല എന്നു പറഞ്ഞ കാരണം ഞങ്ങൾ അവിടെ നിന്നും ഒന്നും വാങ്ങിച്ചില്ല. വാങ്ങിച്ച ഭക്തജനങ്ങളെ നോക്കി അതൊന്നും നല്ലതല്ലല്ലോ എന്ന് മനസ്സിലോർത്തു ആശ്വസിച്ചു. എന്നാലും ഈ ഭക്തരെ ഇതുപോലെ പറ്റിക്കാമോ?ദൈവത്തിൻ്റെ ഓരോ തമാശകളെ!
ചിന്തകളും ചിരിയും സമ്മാനിച്ച ചെറിയ പട്ടണം കുമളി !
Thanks