ഒരു ജംഗിൾ ക്യാമ്പിൽ പങ്കെടുക്കാൻ ആകസ്മികമായി അനുമതി കിട്ടുക ! 2023 നവംബറിലെ ഭാഗ്യമായിരുന്നു അത് . പെരിയാർ ടൈഗർ റിസർവിലെ കെ ടി ഡി സി യും ഫോറസ്റ്റ് ഡി പാർട്ട്മെൻ്റും ചേർന്ന് നടത്തുന്ന ജംഗിൾ ക്യാമ്പിൽ രണ്ട് പേർക്ക് താമസിക്കാവുന്ന ടെൻ്റായതു കൊണ്ടാണത് സാദ്ധ്യമായത്. ആദ്യം ഒരാൾ എന്നാണ് പറഞ്ഞതെങ്കിലും ഒരാളായാലും രണ്ടുപേരായാലും റേറ്റിൽ വ്യത്യാസം വരുന്നില്ല . 11-ാം തീയതി ഉച്ചയ്ക്ക് 2.15 ന് ക്യാമ്പിൽ റിപ്പോർട്ട് ചെയ്യണം എന്നായിരുന്നു അറിയിച്ചിരുന്നത് . തീയതി സമയം അടുത്തുവരുന്തോറും വനമല്ലേ /ടെൻ്റല്ലേ മോളൊറ്റയ്ക്കല്ലേ എന്ന ചിന്തയിൽ എന്നിലെ മാതാവ് അസ്വസ്ഥയായി . രണ്ട് പകൽ കുഴപ്പമില്ല . കൃത്യമായി മരുന്നും ഭക്ഷണവും കഴിച്ചു കൊള്ളാം .ഒരു രാത്രി വീട്ടിൽ തനിച്ചു നിൽക്കാമെന്ന് ഗൃഹനാഥൻ തന്ന ധൈര്യമാണ് മകളോടൊപ്പം ജംഗിൾ ക്യാമ്പിന് പോകാൻ പെട്ടെന്ന് ഞാനും ഒരുങ്ങിയത് .
പതിനൊന്നാം തീയതി പത്തുമണിയോടെ മുണ്ടക്കയംവഴി 2 -3 മണിക്കൂർ ഡ്രൈവിൽ മുണ്ടക്കയം – കുട്ടിക്കാനം- പീരുമേട് വണ്ടിപ്പെരിയാർ – സ്ത്രം വഴി പിന്നീട് ഫോറസ്റ്റ് ചെക്ക് പോസ്റ്റിലേക്ക് .ഇടയ്ക്ക് കരടിക്കുഴി എന്നൊരു ബോർഡും കണ്ടു. പണ്ട് കരടികൾ ധാരളമായി പാർത്ത കാടോ കരടി വീണ കുഴിയോ എന്ന് ഞങ്ങൾ പരസ്പരം പറഞ്ഞ് ചിരിച്ചു. ചിലപ്പോൾ ഇപ്പോഴും കരടി കാണാനും സാദ്ധ്യതയുണ്ട്. ഒരു ചെറിയകലുങ്കും വളവും തേയിലത്തോട്ടവുംകുറ്റിക്കാടും അതിനുള്ള സാദ്ധ്യത കൂട്ടി.
ഇടയ്ക്ക് സത്രം എന്ന പേര് കണ്ടപ്പോൾ പെട്ടെന്ന് മകളോട് പറഞ്ഞു ഇത് ശബരിമലയ്ക്കുള്ള റൂട്ടു കൂട്ടുകൂടിയാണ് . ഇതു വഴി അടുത്തയാഴ്ച മുതൽ കാൽ നടയായും മറ്റും ആളുകൾ പോയിത്തുടങ്ങും.
ഒരോ വ്യൂപോയിൻ്റുകളിൽ സഞ്ചാരികൾ കൂട്ടം കൂടിനിൽക്കുന്നിടത്ത് ഇറങ്ങി സമയം കളഞ്ഞില്ല. വഴിയിൽ ചൂട് പായസം വിൽക്കുന്ന രണ്ടിടത്തുനിന്നും മുളയരി പായസം / അടപായസം എന്നിവയും രസിച്ചു കുടിച്ചായിരുന്നു യാത്ര. വണ്ടിപ്പെരിയാറിൽ നിന്നും ഊണ് കഴിക്കാനും മറന്നില്ല അത് പക്ഷേ പ്രതീക്ഷിച്ചതിലും മോശമായി. അവിടെ ഒരു സിനിമാ സംവിധായകൻ – നടൻ സുഹൃത്തിനെയും കൂട്ടുകാരെയും അപ്രതീക്ഷിതമായി കണ്ടുമുട്ടിയത് സന്തോഷം ഇരട്ടിപ്പിച്ചു. പ്രകൃതിദൃശ്യങ്ങളുടെ വശ്യതയും ഇടയ്ക്കിടെ ചെയ്യുന്ന മഴയും ആസ്വദിച്ച് ആശങ്കയൊഴിഞ്ഞ മനസ്സോടെ നേരെ ചെക്പോസ്റ്റിലെത്തി ജംഗിൾ ക്യാമ്പിലേക്കെടുത്ത ടിക്കറ്റ് കാണിച്ച് അകത്തേക്ക് കയറി.
തേയിലതോട്ട കാഴ്ച മാറി വനത്തിൻ്റെ ലക്ഷണങ്ങൾ തുടക്കത്തിൽ തന്നെ അനുഭവപ്പെട്ടു. ഇടയ്ക്കിടെയുള്ള ജീപ്പു റോഡുകൾ വഴിതെറ്റി തെറ്റിക്കാതിരിക്കാൻ ഒരു സഹായിയെ കൂടി ഒപ്പം വിട്ടു. ‘വനപർവ്വം ‘ എന്ന സൂചനാ ബോർഡിനപ്പുറം മരപ്പാലത്തിനടയിൽ കൂടി ഞാനൊന്നുമറിഞ്ഞില്ലേന്ന മട്ടിൽ ഒരു ചെറിയ പുഴയൊഴുകുന്നുണ്ട്. കരിയിലകളും മരക്കൊമ്പുകളും ഉണങ്ങി വീണ് വഴിയ്ക്കിരുപുറവും കണ്ണത്താ ദൂരത്തോളം കാട് വളർന്നു കിടക്കുന്നു . മഴപെയ്തതിന്റെ ബാക്കി മരപ്പെയ്ത്തിന്റെ താളം കൂടെ വന്നു. ഒപ്പം ഒളിച്ചും പാത്തും വാനരപ്പടകളും. വീടുകൾ ക്രമേണ അപ്രത്യക്ഷമായി . തമിഴ്‌സംസ്കാരമാണ് ഏറെയും കാണാൻ സാധിച്ചത്. അവരുടെ മാദ്ധ്യമവും തമിഴാണെന്ന് തോന്നി. നിരന്തരമായ സമ്പർക്കം മൂലം മലയാളം പഠിച്ചിട്ടുണ്ട് . തമിഴ് ചുവ സംസാരിക്കുന്ന മലയാളത്തിലും കേൾക്കുന്നത് ഇമ്പമുള്ളതായി അനുഭവപ്പെട്ടു .
ക്യാമ്പിന് വരുന്നവർക്കും ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും വേണ്ടിയുള്ള കാൻറീന്റെ കോൺക്രീറ്റ് ചെയ്ത വിശാലമായ മുറ്റത്ത് യാത്ര അവസാനിച്ചു.കാൻറീനോട് ചേർന്ന് ഒരു ചെറിയ ഓഫീസ് മുറിയുണ്ട് .അവിടെ ടിക്കറ്റും മറ്റു രേഖകളും കാണിച്ചു . രജിസ്റ്ററിൽ പേരെഴുതി ഒപ്പിട്ടു. കാൻറീൻ നടത്തുന്ന സ്ത്രീ തൊഴിലാളികൾ സ്നേഹത്തോടെ പരിചയപ്പെട്ടു . ചായയും ലഘുകടിയും തന്ന് സൽക്കരിച്ചു. ഭക്ഷണത്തിൻറെ സമയവും നമ്മുടെ ഭക്ഷണരീതിയും ചോദിച്ചറിഞ്ഞു . തൊട്ടപ്പുറത്ത് കാണുന്ന സാമാന്യം വലിയ ഇരു നിലസർക്കാർ കെട്ടിടത്തിലാണ് ട്രെയിനിങ്ങിനു വരുന്നവരും ഫോറസ്റ്റ് ജീവനക്കാരും താമസിക്കുന്നതും, ഇടയ്ക്ക് മറ്റ് മീറ്റിങ്ങുകളും ചർച്ചകളും നടക്കുന്നത് . ഞങ്ങളെ കൂടാതെ നോർത്തിന്ത്യയിൽ നിന്നു വന്ന പത്തു പേരടങ്ങുന്ന ഒരു സംഘം കൂടി അന്ന് ജംഗിൾ ക്യാമ്പിന് ഉണ്ടാകുമെന്നാണറിഞ്ഞത് . അതും ഒരു ധൈര്യമായിരുന്നു . ഒന്നുമില്ലെങ്കിലും തൊട്ടടുത്തുള്ള ടെൻ്റിൽ ആളുണ്ടല്ലോ എന്ന് ധൈര്യം . വൈകിപ്പോയോ എന്ന ആശങ്ക അസ്ഥാനത്താക്കി കൂടെയുള്ള സംഘാംഗങ്ങൾ എത്തിയില്ല എന്നുള്ളത് ആശ്വാസം പകർന്നു. അതിനിടയിൽ താമസിക്കേണ്ട ടെൻ്റിലേക്ക് ഒരു ഉദ്യോഗസ്ഥൻ ഞങ്ങളെ നയിച്ചു.
കിടങ്ങുകൾ എന്ന് തോന്നിക്കുന്ന ഒന്ന് രണ്ട് തോട് മുറിച്ചു കടക്കാൻ മുള ചീന്തിയ പാലങ്ങളാണ് ഉപയോഗിച്ചിരുന്നത് . പേരറിയാത്ത ധാരാളം മരങ്ങളും വള്ളികളും ചേർന്ന് അപ്പോൾ തന്നെ വനം അതിൻറെ സൗമ്യമായ മുഖം പേടിപ്പിക്കാതെ കാണിച്ചു . എട്ടു പത്ത് ടെൻ്റുകൾ . തൊട്ടു തൊട്ടല്ല . അത്ര തന്നെ ശുചിമുറികളും .
ഇടയ്ക്ക് ഇരിക്കാനും കാഴ്ചകൾ കാണാനും വേണ്ടിയുളള
മേൽക്കൂരയും ഇരിപ്പിടവും ക്രമീകരിച്ച നിർമിതികളും ഉണ്ട് . വാനരൻമാർ മരച്ചല്ലുകളിലൂടെ ടെൻ്റിന് മുകളിലൂടെ ഓടിനടന്നു ഓരോ ഗോഷ്ഠി കാണിച്ചു ശ്രദ്ധയാകർഷിച്ചു . കുറച്ച് മാറിയുള്ള ശുചിമുറികളിലെ വെളിച്ചവും വാതിലും അകവും പുറവും ഞങ്ങൾ പരിശോധിച്ചുറപ്പിച്ചു.. . ചിലതിന്റെ വാതിൽ ഇളകിയതാണ്. സർക്കാർ ഫണ്ട് സമയത്തിന് കിട്ടാതെ കൃത്യമായ പുനർനിർമ്മാണം മുടങ്ങുന്നുണ്ടാകും!
കൂടെ വന്നയാൾ ഞങ്ങൾക്കുള്ള ടെൻ്റ് കാട്ടിത്തന്ന് മടങ്ങി. ഈ രാത്രിയിൽ കാടിനുള്ളിൽ ഈ ടെൻ്റിലാണ് എന്നോർത്തപ്പോൾ സാഹസീകതയും ശുചിമുറിക്ക് നാലു വാരഅപ്പുറമുള്ള ചെറിയ കിടങ്ങും,രാത്രി 7 മണി കഴിഞ്ഞാൽ ഇലക്ട്രിഫൈഡ് വേലിയാണെന്ന ഗാർഡിൻ്റെ ധൈര്യവും കൂട്ടായെങ്കിലും പലപ്പോഴും ആനകൾ ഇത്തരം വേലികളെ വിദഗ്ധമായി ന്യൂട്രലാക്കി കടന്നുവരുന്ന വീഡിയോ കണ്ടതും ഓർത്തു പോയി.
മൂന്നടി തറനിരപ്പ് കഴിഞ്ഞ് അരയാൾ പൊക്കത്തിൽ (അരമതിലു പോലെ) സമചതുരത്തിൻ്റെ മുൻവശം നടുക്ക് തകര വാതിലും കൊളുത്തും. അതിനകത്താണ് ടെൻ്റ് ക്രമീകരിച്ചിരിക്കുന്നത്. സിപ്പുകൾ കൊണ്ട് തുറക്കുകയും അടയ്ക്കുകയും ചെയ്യാവുന്ന വാതിലും ചെറുജനാലകളും. രണ്ട് സ്ലീപ്പിംഗ് ബാഗുകൾ.
അകത്ത് കയറി സുരക്ഷിതത്വം പരീക്ഷിച്ച് വീണ്ടും പുറത്തിറങ്ങി പരിസരം നോക്കി .കുറച്ചകലെ ഒരു തടാകം പോലെ ജലാശയം. താമരയിലകളിൽ കിളികൾ! കരയിൽ പീലിപ്പന, മുളങ്കൂട്ടങ്ങൾ, ആൽമരം, കൂറ്റൻ വൃക്ഷങ്ങൾ. ഒറ്റപ്പെട്ടവനത്തിൽ കാടുകളിപ്പിക്കുമെന്ന് തോന്നിയപ്പോൾ ട്രഞ്ചി നപ്പുറത്തേക്ക് പോയില്ല. വലിയൊരു ഇല്ലിക്കാടും മുളപ്പാലവും ഇടയ്ക്ക് അടർന്നു കിടക്കുന്നത് കണ്ടപ്പോഴാണ് ആദ്യം വന്ന വഴിയല്ലന്ന് തിരിച്ചറിഞ്ഞത്. രണ്ടു പേരും വേഗം തിരിച്ചു പോയി പാലം കടന്നു..ശ്ശോ ! ഇത്തവണയും വഴി മാറി. ബാഗിൽ നിന്നും വേഗം ഫോണെടുത്ത് പെട്ടന്നെടുക്കാവുന്നിടത്ത് വച്ചു.. കാൻ്റിൻ കെട്ടിട്ടത്തിനെ നോക്കി കൈ കോർത്ത് നടക്കുമ്പോൾ തന്നെ ഓഫീസിൽ നിന്നും വിളിയെത്തി ട്രക്കിംഗിന് സമയമായി ..
കൂട്ടുകക്ഷികൾക്ക് ദിശമാറി . ഗവിയെത്തി.. അവർ വന്നു കൊണ്ടിരിക്കുന്നു.. എന്നറിഞ്ഞു.
കാൻ്റിൻ വരാന്തയിലെത്തിയപ്പോൾ ദാ.. അട്ട ;കാലിൽ! നിന്ന നിലയിൽ ഒച്ചവച്ച് തുള്ളിയത് കാഴ്ചക്കാരിൽ ചിരിപടർത്തി. അടുക്കളിയിൽ നിന്നും ഉപ്പുപൊടി കൊണ്ടുവന്ന് വിതറി.. അട്ട പരലോകം പൂകി. കാലിൽ രക്തമൊഴുകി നിന്നു..
മഴക്കാലത്ത് അട്ടയുണ്ടാകുമെന്ന് മനസ്സിലായി .പക്ഷേ സാദാ ഷൂസിലായിരുന്നു ഞങ്ങൾ.. തൊട്ടടുത്ത മാനംമുട്ടിമല ചൂണ്ടി ഗൈഡ് പറഞ്ഞു. അവിടെയ്ക്കാണ് . നല്ല വ്യൂ. ഭാഗ്യമുണ്ടെങ്കിൽ ആനക്കൂട്ടവും കാട്ടുപോത്തും പിന്നെ എന്തെങ്കിലുമൊക്കെ കാണും.. കൊതുകിനെ നുള്ളിക്കളയുന്ന ലാഘവത്തോടെ അട്ടയെ നുള്ളിയെറിയാനും പേടി മാറാനും ആ യാത്ര സഹായിച്ചു.. പുല്ലിലേക്ക് ചേർന്ന് നടക്കരുത്.. അവിടത്തെ കന്നുകാലികളും കുട്ടികളും വലിയവരും സാധാരണ പോലെ കഴിയുന്നു. അട്ടയെ അവർ പേടിക്കുന്നതേയില്ല.. എങ്കിലും ഞങ്ങളുടെ ഉൾബോധം “അട്ട !അട്ട!” എന്ന് മന്ത്രിച്ചു കൊണ്ടിരുന്നത് എന്താണന്നറിയില്ല.. കൈയ്യിൽ വടിയും മറ്റൊരാൾ തോക്കുമായി മൂന്ന് പേരാണ് ഒപ്പം വന്നത്. അപ്പോഴേക്കും കൂട്ടുകക്ഷികൾ പത്തു പേരും കിതച്ചെത്തി.
മഴക്കാർ മൂടിക്കിടന്ന കാരണം മാനംമുട്ടി മലയിൽ അസ്തമനം കണ്ടില്ല. ദൂരെയൊരു റിസർവോയറിൻ്റെ കാഴ്ചയും ശബരിമല പാതയും പുൽമേടും കണ്ട് തിരിച്ചിറങ്ങുമ്പോഴേക്കും മിന്നായം പോലെ മഴയുമെത്തി. പിന്നെ കുറച്ചു വിശ്രമിച്ച് ഭക്ഷണവും കഴിഞ്ഞാണ് ടെൻ്റിലേക്ക് പോയത്. പരിസരവും ടെൻ്റിൻ്റെ ചുറ്റും വെളിച്ചത്തിൻ്റെ പ്രളയം… പേടി മാറി
നേരത്തേ ടോയ്ലറ്റിൽ പോകാം. നേരം നന്നായി വെളുത്തിട്ട് പുറത്തിറങ്ങിയാൽ മതിയെന്ന് ഞങ്ങൾ തീരുമാനിച്ചു. ടെൻ്റിൻ്റെ മുന്നിലെത്തിയതും കറൻ്റ് പോയി !
സുരക്ഷയുടെ കാര്യത്തിൽ ഒരു തീരുമാനമായി. വേഗം ടെൻ്റിനകത്തേക്ക് മൊബൈൽ ടോർച്ച് വെളിച്ചത്തിൽ കയറി വാതിൽ സിപ്പിട്ടടച്ചു. അഞ്ചു മിനിറ്റിനുള്ളിൽ കറണ്ടുവന്നു. മൊബൈലുമെടുത്ത് രണ്ട് പേരും പുറത്തേക്ക്. ടോയ്ലറ്റിൽ ഒരാൾ കയറുമ്പോൾ മറ്റൊരാൾ കാവൽ നിന്ന് മരത്തിൻ്റെ നിഴലുപോലും പേടിപ്പെടുത്തുന്ന ഒളിയിടമാണറിഞ്ഞു…
നമ്മൾ കണ്ടില്ലങ്കിലും പുതിയ താമസക്കാരെത്തിയ വാർത്ത കാടുമുഴുവൻ അറിഞ്ഞുകാണും എന്നൊരു തോന്നൽ. പന്തം പോലത്തെ കണ്ണുകൾ മനസ്സിലോർത്തപ്പോൾ മരത്തിലേക്കും നോക്കിയില്ല..(ഇടയ്ക്കിടെ ശ്ശി .. ശ്ശി തോന്നുവർക്ക് ഈടെൻ്റിനകത്ത് സൗകര്യമില്ല.)
അത്യാവശ്യം ഒച്ചയും ബഹളവും അയൽ വാസികളിൽ നിന്നും കേട്ടതും ഇടയ്ക്കുള്ള ടെൻ്റായതും ധൈര്യം കൂട്ടി എന്ന് പറയാം. മഴയുടെ പുറപ്പാട് പുറത്ത് ആരംഭിച്ചു. രാത്രി 8.30 കഴിഞ്ഞതേയുള്ളു..പുറത്തേ ശബ്ദം അധികം എത്തിയില്ല.. ടെൻ്റിന് മുകളിൽ കൂടി മരത്തിലേക്ക് വാനരൻമാർ ചാടി നടക്കുന്ന ഒച്ചയുണ്ട്. പിന്നെ എന്തൊക്കെയുണ്ടാവുമോ എന്തോ? പരിസരത്തു കൂടി പതുങ്ങി ഇരതേടി നടക്കുന്ന ജീവികളെ സങ്കല്പിച്ചു. ടെൻ്റിൻ്റെ വടം കെട്ടിയിരിക്കുന്ന മൂലകളും .വാതിൽ ഒന്നുകൂടി പരിശോധിച്ച് ഷൂസും കുടയും എല്ലാം അകത്താക്കി..ആകാംക്ഷകൊണ്ട് ഉറക്കം വരില്ല..ഇടക്ക് വീണ്ടും വീണ്ടും കറണ്ടും പോയി .. ആന ട്രഞ്ച് കടക്കുകയാണോ? കാറ്റിൻ്റെ ചൂളം കുത്തൽ ! (ഇവിടെ ഇതുവരെ ടെൻ്റിന് വന്യജീവി ആക്രമണം ഉണ്ടായിട്ടില്ലന്ന് പറഞ്ഞു)
ഇവിടെയിരുന്ന് നാളെ യോഗമുണ്ടെങ്കിൽ കാണാം എന്നാർക്കും മെസ്സേജിടാൻ ധൈര്യം വന്നില്ല. അറം പറ്റരുതല്ലോ . ഒപ്പം മോളുണ്ട്. ഭാഗ്യം! BSNL ന് റേഞ്ചില്ല. ജിയോ യ്ക്ക് ഉണ്ട്!
കറൻ്റ് പോയതും ബാഗുമായി സ്ലീപിംഗ് ബാഗിൽ കയറി തൊട്ടുതൊട്ട് പുറത്തേ ശബ്ദങ്ങൾ ചെവിയോർത്ത് അകത്തേ സ്വിച്ച് ഓഫാക്കി ശബ്ദം താഴ്ത്തി ഞാൻ പറഞ്ഞു. കുരങ്ങൻമാർ നല്ലതാ. എന്തെങ്കിലും അപകടം വന്നാൽ സൂചന കിട്ടും. പഴയ ഉറക്കക്കഥകളിലെ സകലജീവികളും നിരയായി കടന്നു പോയി. എപ്പോഴോ ഉറങ്ങി.
ഉണർന്നപ്പോൾകറൻ്റ് വന്നിട്ടുണ്ട്. പുറത്ത് വെളിച്ചം. വെളുപ്പിനെ ഉണരുന്ന ശീലം . നേരം വെളുക്കാതെ പുറത്തിറങ്ങാൻ പറ്റില്ലല്ലോ. വീണ്ടും കണ്ണടച്ചു കിടന്നു..പുറത്ത് വർത്തമാനങ്ങൾ കേൾക്കുന്നു സമയം 6.45. ജനൽകർട്ടൻ മാറ്റി നോക്കി.. നല്ല വെളിച്ചം. 7.30 ന് കാടിനകത്ത് രണ്ടര കിലോമിറ്റർ നടക്കാൻ തയ്യാറുള്ളർ വരാൻ പറഞ്ഞിരുന്നു. വേഗം റെഡിയായിറങ്ങി. 12 പേരിൽ പത്ത് പേരും ഉണ്ട്. കൂട്ടത്തിലെ രണ്ട് കുട്ടികൾ ക്ഷീണിതരായിരുന്നു. മഴ പെയ്ത വഴിയിൽ രാത്രി സഞ്ചാരികളുടെ കാൽപ്പാടുകൾ ,നഖം കൊണ്ട് മാന്തിയ അടയാളങ്ങൾ ,ഒക്കെ നോക്കിയാണ് നടക്കുന്നത്. ഒരമ്മക്കരടിയും കുട്ടിയും പോയ കാലടികൾ , കാട്ടു പൂച്ചയുടേത്.. പിന്നൊരു ടൈഗർ കുറേ മാറി കാടിനകത്തേക്ക് നീണ്ടത്.. കാലടികൾ കണ്ട് തൃപ്തിപെട്ടു .
യാദൃച്ഛികമായി മൃഗങ്ങൾ മുന്നിൽ പെടാറുണ്ടെന്ന് ഗൈഡ് പറഞ്ഞു. .രണ്ട് പേർ മുന്നിൽ രണ്ട് പേർ പിറകിൽ ഒരാളിൻ്റെ പക്കൽ തോക്കുണ്ട്. പ്രകാശം വനത്തിൽ അരിച്ചിറങ്ങുന്നത് പൂരക്കാഴ്ച ശബ്ദമില്ലാതെ കാണതു പോലെയാണ്. വിവിധയിനം പക്ഷികൾ തലങ്ങു വിലങ്ങും ശബ്ദിച്ച് പറക്കുന്നത് പേര് പറഞ്ഞ് കാട്ടിത്തന്നു. രാവിലെ നാല് ആനകളുടെ ഒരു കൂട്ടം മേഞ്ഞു നടക്കുന്ന കാഴ്ചയും കിട്ടി. 9. ന് തിരിച്ചെത്തി. വീണ്ടു 10.30 ന് ഫോറസ്റ്റ് സഫാരി ..അവരുടെ ബസ്സിൽ ഗവി വരെ… കാഴ്ചകൾ കാണുന്നുള്ള സൗകര്യത്തിന് വേഗത കുറച്ചും നിർത്തിയുമാണ് നീങ്ങിയത്.. ഗവിയിൽ ജല വൈദ്യുത പദ്ധതികളും ബോട്ടിംഗും താമസവും യഥേഷ്ടം..പ്രൈവറ്റു ടൂറിസം പാർട്ടികളുമുണ്ട്. വനവിഭവങ്ങളുടെ ഒരു ഷോപ്പ് ഉണ്ട്. വാങ്ങാനും സമയം അനുവദിച്ചു.. കണ്ടാലും മതിയാവാത്ത പ്രകൃതിക്കാഴ്ചകൾ’ : ഇതാണോ ഇരുട്ടിൽ പേടിപ്പിക്കുന്നത് എന്നൊരു ആത്മനിന്ദ മനസ്സിൽ! 12.30 ന് തിരിച്ചെത്തി. ഫ്രഷ് ആയി പിന്നെ ഉച്ചഭക്ഷണം.. നാല് മണിക്ക് തേക്കടിയിൽ ബോട്ടിംഗ്.. പക്ഷ ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി. 6 മണിക്കെങ്കിലും വീടെത്തണം . (ഒരു ബോട്ടിംഗ് നടത്തിയിട്ട് അധികാലമായില്ല.)
ശബരിമല ഡ്യൂട്ടിക്കുള്ള പോലീസുകാർ എത്തിത്തുടങ്ങി. നല്ല ഭക്ഷണമാണ് എല്ലാ നേരവും കിട്ടിയത്. ചില അപ്ഡേഷനുകൾ അതിഥിക്കുറിപ്പിൽ നിർദ്ദേശിച്ച്, നന്ദി പറഞ്ഞിറങ്ങി.