IPL-ല്‍നിന്ന് ലോകകപ്പിലേക്ക്; കുഞ്ഞന്‍ ടീമുകളുടെ വരവ് വെറുംവരവാകില്ല, ഇന്ത്യയുടെ ആദ്യസംഘം യു.എസിൽ. ക്രിക്കറ്റ് കണ്ണുകളടയ്ക്കാൻ വരട്ടെ, ചെപ്പോക്കിലെ ഐ.പി.എൽ. ഫൈനലിൽനിന്ന് ആ കണ്ണുകൾ അമേരിക്കയിലേക്കും വെസ്റ്റ് ഇൻഡീസിലേക്കും തുറന്നിരിക്കട്ടെ. ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ പിച്ചിൽക്കുത്തി പന്തുയരാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. അമേരിക്കയിലെ ഡള്ളാസിൽ ജൂൺ രണ്ടിന് അമേരിക്കയും കാനഡയും ഏറ്റുമുട്ടുന്നതോടെ 55 മത്സരങ്ങൾക്ക് മണിമുഴങ്ങും.2009-ൽ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് നാലുവിക്കറ്റിന് ജയിച്ച നെതർലൻഡ്സ്, 2016-ൽ വെസ്റ്റ് ഇൻഡീസിനെ ആറു റൺസിന് തോൽപ്പിച്ച് വളർന്നുവലുതായ അഫ്ഗാനിസ്താൻ, 2022-ൽ ശ്രീലങ്കയെ ആദ്യറൗണ്ടിൽ 55 റൺസിന് നാണംകെടുത്തി ജയിച്ച നമീബിയ… അങ്ങനെ ഞെട്ടലുകളുടെ തോരണങ്ങൾ തന്നെയുണ്ട്. ഇത്തവണയും അങ്ങനെ ചില ഞെട്ടലുകൾ പ്രതീക്ഷിക്കാം.
ആദ്യമായാണ് നേപ്പാൾ ടി20 ലോകകപ്പിന് യോഗ്യതനേടുന്നത്. ഏഷ്യൻ യോഗ്യതാ മത്സരങ്ങളിൽ സിങ്കപ്പൂരിനെയും മലേഷ്യയെയും തോൽപ്പിച്ച അവർ ഒമാനോട് തോറ്റു. പക്ഷേ, നോക്കൗട്ടിൽ കടന്നു. അപരാജിതരായിരുന്ന യു.എ.ഇ.യെ നോക്കൗട്ടിൽ പരാജയപ്പെടുത്തി ഫൈനലിൽ കയറിയെങ്കിലും സൂപ്പർ ഓവറിൽ ഒമാനോട് പരാജയപ്പെട്ടു. പക്ഷേ, ലോകകപ്പിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചു. 21-ാം വയസ്സിൽ നേപ്പാളിനെ നയിക്കുന്നത് ബാറ്റിങ് ഓൾറൗണ്ടറായ രോഹിതാണ്. ഇന്ത്യയുടെ യുവരാജ് സിങ്ങിന്റെ ഒരു ഓവറിൽ ആറു സിക്സ് എന്ന റെക്കോഡിനൊപ്പമെത്തിയ ഓൾറൗണ്ടർ ദീപേന്ദ്ര സിങ്ങും അവരുടെ ബാറ്റിങ് കരുത്താണ്.
അമേരിക്ക ; ആതിഥേയരെന്നനിലയിൽ ലോകകപ്പിലേക്ക് യോഗ്യതനേടിയതാണ് അമേരിക്ക. ക്രിക്കറ്റിലെതന്നെ അവരുടെ ആദ്യ ലോകകപ്പാണിത്. ഈ മാസംനടന്ന മൂന്ന് ടി20 മത്സരപരമ്പരയിൽ ബംഗ്ലാദേശിനെതിരേ 2-1 ജയം സ്വന്തമാക്കിയാണ് അമേരിക്ക വരവറിയിച്ചത്. വിക്കറ്റ് കീപ്പർ ഓപ്പണർ മോണാങ്ക് പട്ടേലാണ് നായകൻ.
പപ്പുവ ന്യൂഗിനിയ ; പപ്പുവ ന്യൂഗിനിയക്കിത് രണ്ടാം ലോകകപ്പാണ്. 2021-ലെ ലോകകപ്പ് കളിച്ച 10 പേരും ടീമിലുണ്ട്. കിഴക്കൻ ഏഷ്യ-പസഫിക് മേഖല ഫൈനലിൽ കടന്നതോടെയാണ് പപ്പുവ ന്യൂഗിനിയ ലോകകപ്പിലേക്ക് യോഗ്യതനേടിയത്. സിംബാബ്‌വേയുടെ വിക്കറ്റ് കീപ്പറായിരുന്ന തതേന്ദ തയ്ബുവാണ് കോച്ച്.
യുഗാൺഡ ; ആദ്യമായാണ് അവർ ലോകകപ്പ് കളിക്കാനെത്തുന്നത്. ആഫ്രിക്കൻ യോഗ്യതാറൗണ്ടിൽ സിംബാബ്‌വേയെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ചുകൊണ്ടാണ് യോഗ്യതനേടിയത്. കെനിയ, നൈജീരിയ അടക്കം ഏഴു ടീമുകൾ മാറ്റുരച്ച ആഫ്രിക്കൻ റൗണ്ടിൽ രണ്ടാമതായാണ് ഫിനിഷ് ചെയ്തത്.
കാനഡ ; ഇടംകൈയൻ സ്പിന്നറും ഓൾറൗണ്ടറുമായ സാദ് ബിൻ സഫറാണ് ആദ്യമായി ലോകകപ്പ് കളിക്കാനെത്തുന്ന കാനഡയുടെ ക്യാപ്റ്റൻ. ടോപ് ഓർഡർ ബാറ്റർ ആരോൺ ജോൺസണും ഇടംകൈയൻ പേസർ കലീം സനയുമാണ് പിന്നെയുള്ള കരുത്ത്.
നമീബിയ ; ടൂർണമെന്റ് തുടങ്ങുംമുന്നേ ആകെയൊന്ന് ഞെട്ടിച്ച ടീമാണ് നമീബിയ. ടി20-യിൽ ഈ വർഷം ആദ്യം അതിവേഗ സെഞ്ചുറികുറിച്ച അവരുടെ മുൻനായകൻ ലോഫ്റ്റി ഏറ്റണെ പുറത്തിരുത്തിക്കൊണ്ടായിരുന്നു അത്. നേപ്പാളിനെതിരേ 33 പന്തിൽനിന്നായിരുന്നു ലോഫ്റ്റിയുടെ സെഞ്ചുറി. ഓൾറൗണ്ടർ ജെറാർഡ് ഇറാസ്മസ് ആണ് നമീബിയയുടെ ക്യാപ്റ്റൻ. ആഫ്രിക്കൻ യോഗ്യതാറൗണ്ടിൽ അപരാജിതരായിരുന്നു നമീബിയ.
ഒമാൻ ; ടോപ്പ് ഓർഡർ ബാറ്ററും സ്പിൻ ഓൾറൗണ്ടറുമായ അക്കിബ് ഇല്യാസ് ആണ് ഒമാന്റെ നായകൻ. 2021 ലോകകപ്പ് കളിച്ച എട്ടുപേരുൾപ്പെടെ അടുത്തിടെനടന്ന എ.സി.സി. പ്രീമിയർ കപ്പിൽ കളിച്ച ഒട്ടുമിക്കതാരങ്ങളും ടീമിലുണ്ട്.
വെസ്റ്റ് ഇൻഡീസിലെ ആറ് സ്റ്റേഡിയങ്ങളും അമേരിക്കയിലെ മൂന്ന് സ്റ്റേഡിയങ്ങളുമാണ് ലോകകപ്പിന്റെ വേദി. ഇരുപത് ടീമുകളാണ് ഇത്തവണ ലോകകപ്പിനുള്ളത്. അഞ്ചു ടീമുകൾ വീതമുള്ള നാലു ഗ്രൂപ്പുകളാക്കി തിരിച്ചിട്ടുണ്ട്. ഗ്രൂപ്പ് മത്സരങ്ങളിൽ ആദ്യരണ്ടു സ്ഥാനങ്ങളിൽ വരുന്നവർ സൂപ്പർ എട്ടിലേക്ക് യോഗ്യതനേടും. അതിനുശേഷം സെമിഫൈനൽ, ഫൈനൽ എന്നിങ്ങനെയാണ് ടൂർണമെന്റ്.
ഇന്ത്യയുടെ ആദ്യ സംഘം ന്യൂയോര്‍ക്കിലെത്തി
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ആദ്യസംഘം ന്യൂയോർക്കിലെത്തി. നായകൻ രോഹിത് ശർമ, പരിശീലകൻ രാഹുൽ ദ്രാവിഡ് അടക്കമുള്ളവരാണ് തിങ്കളാഴ്ച ന്യൂയോർക്കിലെത്തിയത്. താരങ്ങളുടെ യാത്രാ വീഡിയോ ബി.സി.സി.ഐ. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു.രവീന്ദ്ര ജഡേജ, ജസ്‍പ്രീത് ബുംറ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ശിവം ദുബെ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, അക്സർ പട്ടേൽ, ശുഭ്മാൻ ഗിൽ, ഖലീൽ അഹമ്മദ് എന്നിവരാണ് സംഘത്തിലുള്ളത്.
മലയാളിതാരം സഞ്ജു സാംസൺ, യുസ്‌വേന്ദ്ര ചാഹൽ, ആവേശ് കുമാർ, യശസ്വി ജയ്സ്വാൾ എന്നിവരടങ്ങുന്ന സംഘം ഉടനെ ടീമിനൊപ്പം ചേരും. ഇപ്പോൾ ലണ്ടനിലുള്ള ഹാർദിക് പാണ്ഡ്യ നേരിട്ട് ന്യൂയോർക്കിലേക്കെത്തും.
ജൂൺ ഒന്നിന് ബംഗ്ലാദേശുമായുള്ള പരിശീലന മത്സരത്തിനുമുമ്പ് വിരാട് കോലിയും ടീമിനൊപ്പം ചേരും. എന്നാൽ, ഈ മത്സരത്തിൽ കോലി കളിക്കുമോയെന്ന് ബി.സി.സി.ഐ. വ്യക്തമാക്കിയിട്ടില്ല. എ ഗ്രൂപ്പിലാണ് ഇന്ത്യ. ജൂൺ അഞ്ചിന് ആദ്യമത്സരത്തിൽ അയർലൻഡിനെ നേരിടും. യു.എസ്., കാനഡ, പാകിസ്താൻ എന്നിവരാണ് മറ്റുടീമുകൾ.