മുംബൈ: ഐപിഎൽ ട്വന്റി 20 2024 സീസണിൽ പ്ലേ ഓഫ് കാണാതെ ഔദ്യോഗികമായി പുറത്താകുന്ന ആദ്യ ടീമായി അഞ്ചു തവണ കിരീടം നേടിയ മുംബൈ ഇന്ത്യൻസ്.
ബുധനാഴ്ച സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് ലക്നോ സൂപ്പർ ജയന്റ്സ് പരാജയപ്പെട്ടതോടെയാണ് മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചത്. പുറത്താകലിനുശേഷം ടീമിലെ സീനിയർ കളിക്കാരായ രോഹിത് ശർമ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ് എന്നിവർ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്.
കഴിഞ്ഞ പത്തു വർഷം ടീമിനെ നയിച്ച രോഹിത് ശർമയെ മാറ്റി ഹാർദിക് പാണ്ഡ്യക്കു കീഴിലാണ് ഇത്തവണ മുംബൈ കളിക്കാനിറങ്ങിയത്. രോഹിത്തിനെ മാറ്റിയ മാനേജ്മെന്റ് തീരുമാനം ആരാധകരുടെ വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. ക്യാപ്റ്റനെന്ന നിലയിൽ ഹാർദിക്ക് തീർത്തും നിരാശപ്പെടുത്തി.
പാണ്ഡ്യയുടെ ക്യാപ്റ്റൻസി രീതികളിൽ ടീമിലെ മുതിർന്ന താരങ്ങൾക്ക് ഉൾപ്പെടെ കടുത്ത അതൃപ്തി ഉണ്ടായിരുന്നു. നിലവിൽ 12 മത്സരങ്ങളിൽ നാലു ജയം മാത്രമുള്ള മുംബൈ എട്ടു പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ്. ടീമിലെ വിവിധ പ്രശ്നങ്ങൾ ഇവർ ഒരുമിച്ചിരുന്നും ഒറ്റയ്ക്കൊറ്റക്കും ചർച്ച ചെയ്തതായാണു വിവരം.
ക്യാപ്റ്റനായുള്ള ഹാർദിക്കിന്റെ കടന്നുവരവ് ടീമിൽ പലവിധ പ്രശ്നങ്ങൾക്കു കാരണമായിട്ടുണ്ട്. ഡ്രസിംഗ് റൂമിൽ ഉൾപ്പെടെ ഇത് പ്രകടമായിരുന്നു.