ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും സസ്‌പെന്‍സ് നിറഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് പൊരുതി തോറ്റ് മുംബൈ ഇന്ത്യന്‍സ്. നാല് വിക്കറ്റിനാണ് ചെന്നൈ വിജയിച്ചത്. മുംബൈക്ക് വേണ്ടി മൂന്ന് വിക്കറ്റ് നേടി മത്സരത്തിന്റെ ഗതി തന്നെ മാറ്റി മറിച്ച മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍ ഐപിഎല്‍ അരങ്ങേറ്റത്തില്‍ തന്നെ തിളങ്ങി. റിതുരാജ് ഗെയ്ക് വാദ്, ദീപക് ഹൂഡ, ശിവം ദുബെ എന്നീ പ്രമുഖ വിക്കറ്റുകളാണ് വിഘ്‌നേഷ് എറിഞ്ഞിട്ടത്. 156 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈക്ക് അവസാന ഓവറിലാണ് വിജയിക്കാനായത്. അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെ ചെന്നൈ വിജയലക്ഷ്യം മറികടന്നു. മലയാളി താരം വിഘ്‌നേഷ് പുത്തൂരിന്റെ ബൗളിങ്ങിലെ മിന്നും പ്രകടനമാണ് മത്സരം അവസാന ഓവര്‍ വരെ നീളാന്‍ കാരണമായത്.
മുംബൈ നായകന്‍ നായകന്‍ രോഹിത് ശര്‍മ്മക്ക് പകരക്കാരനായി ഇംപാക്ട് പ്ലെയറുടെ റോളിലാണ് വിഘ്‌നേഷ് പുത്തൂര്‍ പന്തെറിയാന്‍ എത്തിയത്. അത്ര സുരക്ഷിതമല്ലാത്ത സ്‌കോറില്‍ വേഗത്തിലുള്ള പരാജയമായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ എട്ടാം ഓവറില്‍ പന്തെറിയാന്‍ എത്തിയ വിഘ്‌നേഷ് 26 ബോളില്‍ നിന്ന് 56 റണ്‍സുമായി നില്‍ക്കവെ റിതുരാജ് ഗെയ്ക് വാദിനെ പുറത്താക്കി. പിന്നാലെ ഏഴ് ബോളില്‍ നിന്ന് ഒന്‍പത് റണ്‍സുമായി ക്രീസില്‍ നിന്ന് ശിവം ദുബെയയാണ് പുറത്താക്കിയത്. അഞ്ച് ബോളില്‍ നിന്ന് മൂന്ന് റണ്‍സെടുത്ത ദീപക് ഹൂഡയായിരുന്നു വിഘ്‌നേഷിന്റെ സ്പിന്നില്‍ മൂന്നാമതായി പുറത്തായത്.
ഓപ്പണറായി എത്തി ചെന്നൈയുടെ വിജയം ഉറപ്പിച്ച സിക്‌സര്‍ അടിക്കുന്നത് വരെ പുറത്താകാതെ നിന്ന് രചിന്‍ രവീന്ദ്രയുടെ പ്രകടനമാണ് ചെന്നൈയുടെ വിജയത്തിന് നിര്‍ണായകമായത്. 45 പന്തില്‍ 65 റണ്‍സാണ് രചിന്‍ രവീന്ദ്ര സ്വന്തം പേരില്‍ കുറിച്ചത്. മത്സരം അവസാനിക്കാനിരിക്കെ രവീന്ദ്ര ജഡേജ റണ്ണൌട്ടായപ്പോള്‍ മഹേന്ദ്ര സിംഗ് ധോണി ക്രീസിലെത്തി.
അക്ഷരാര്‍ഥത്തില്‍ ഗ്യാലറിയാകെ ഇളകി മറിയുകയായിരുന്നു. ചെപ്പോക്ക് സ്റ്റേഡിയം ധോനിയുടെ വരവില്‍ ആര്‍ത്തിരമ്പി. രണ്ട് പന്ത് നേരിട്ടെങ്കില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ റണ്‍സ് നേടാനായില്ല. മത്സരം അവസാന ഓവറിലേക്ക് എത്തിയിരുന്നു. നാല് റണ്‍സ് മാത്രമാണ് വിജയത്തിനായി വേണ്ടത്. അവാസന ഓവറിലെ ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തി രചിന്‍ രവീന്ദ്ര ചെന്നൈക്ക് ഐപിഎല്‍ 2025-സീസണിലെ ആദ്യവിജയം സമ്മാനിച്ചു.