പാരീസ്: പാരീസ് ഒളിംപിക്സ് വനിത വിഭാഗം അമ്പെയ്ത്തിൽ ഇന്ത്യയുടെ ദീപിക കുമാരി പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. നെതർലൻഡ്സ് താരം ക്വിൻ്റി റോഫെനെ പരാജയപ്പെടുത്തിയാണ് ദീപിക അടുത്ത റൗണ്ടിന് യോഗ്യത നേടിയത്. 6-2 എന്ന പോയിന്റ് നിലയിലാണ് ഇന്ത്യൻ താരത്തിന്റെ വിജയം. ഓഗസ്റ്റ് മൂന്നിന് നടക്കുന്ന പ്രീക്വാർട്ടറിൽ ജർമ്മൻ താരം മിഷേൽ ക്രോപ്പൻ ദീപികയെ നേരിടും.
ആദ്യ സെറ്റ് സ്വന്തമാക്കിയാണ് ദീപിക തന്റെ വിജയത്തിലേക്ക് പോരാട്ടം തുടങ്ങിയത്. എങ്കിലും രണ്ടാം സെറ്റിൽ റോഫെൻ ശക്തമായി തിരിച്ചുവന്നു. ഇതോടെ ഇരുതാരങ്ങൾക്കും രണ്ട് പോയിന്റ് വീതമായി. തുടർന്നുള്ള രണ്ട് സെറ്റുകളും സ്വന്തമാക്കി ഇന്ത്യൻ താരം വിജയം നേടിയെടുത്തു.പാരിസ് ഒളിംപിക്സ് ആറാം ദിനം പുരോഗമിക്കുമ്പോൾ നിരവധി വിജയങ്ങളാണ് ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കിയത്.
ഇന്ന് നടന്ന ബാഡ്മിന്റണിൽ പി വി സിന്ധുവും ലക്ഷ്യ സെന്നും പ്രീക്വാർട്ടറിൽ കടന്നു. ടേബിൾ ടെന്നിസിൽ ശ്രീജ അകുലയാണ് പ്രീ ക്വാർട്ടറിലേക്ക് വിജയിച്ചത്. ഷൂട്ടിംഗിൽ സ്വപ്നിൽ കുസാലെ ഫൈനലിന് യോഗ്യത നേടി. ബോക്സിംഗിൽ ലവ്‍ലിന ബോര്‍ഗോഹെയ്ന്‍ ക്വാർട്ടറിലും പ്രവേശിച്ചു.