പുരാതന രചയിതാവായ വേങ്ങര കുഞ്ഞിരാമൻ നായരെ പറ്റി കേൾക്കാത്തവർ വിരളമായിരിക്കും. അദ്ദേഹം ആദ്യമായി എഴുതിയ ചെറുകഥയാണ് “വാസനാ വികൃതി “.
വിദ്യാവിനോദിനി എന്ന മാസികയിലാണ് ആദ്യമായി ഇതു പ്രസിദ്ധീകരിച്ചത്. ഈ കഥയിൽ ആദ്യം മുതൽ അവസാനം വരെ ഹാസ്യരസം തുളുമ്പി നിൽക്കുന്നതാണ്.
ഒരു കള്ളന്റെ കഥയാണ് “വാസനാ വികൃതി “. ടീയാന്റെ പേര് ഇക്കണ്ടക്കുറുപ്പ് എന്നാണ്. അദ്ദേഹം നടത്തിയ രണ്ടു കളവുകളാണ് ഇതിലെ പ്രതിപാദ്യം.
പാരമ്പര്യ വശാൽ കള്ളന്മാരാണ് ഇക്കണ്ടക്കുറുപ്പിന്റെ പിൻതലമുറക്കാർ. മഹാ കള്ളനായ ഇക്കണ്ടക്കുറുപ്പിന്റെ നാലാം തലമുറക്കാരന്റെ കഥയാണ് “വാസനാ വികൃതി “. ഈ കഥയിലെ നായകൻ ഇക്കണ്ടക്കുറുപ്പാണ്.
രാജ്യശിക്ഷ അനുഭവിച്ചി ട്ടുള്ളതിൽ എന്നെ പോലെ ഭാഗ്യഹീനന്മാരായി മറ്റാരും ഉണ്ടാകില്ല എന്ന കഥാനായകന്റെ ആത്മഗതത്തോടെയാണ് ഈ ചെറുകഥ ആരംഭിക്കുന്നത്.
കഥാതന്തു.
കളവു നടത്തുന്നതിനിടെ അവിചാരിതമായി ഗൃഹനാഥൻ കൊല്ലപ്പെടുകയും വ്യക്തി രക്ഷ തേടി മദിരാശിയിലേക്ക് കടക്കുന്നതുമാണ് ഇതിലെ കഥാതന്തു.
തൃശ്ശിവപ്പേരൂർക്ക് സമീപം ഒരില്ലത്താണ് ആദ്യമായി കളവു നടത്തിയത്. ആ ഇല്ലത്തെ ഗൃഹനാഥന്റെ മകൻ തന്നെയാണ് അത് ഒറ്റികൊടുത്തത്. അവനാകട്ടെ ഒരു പാശി കളിക്കാരനായിരുന്നു. അതിൽ വളരെയേറെ കടം വരുത്തുകയും ആ കടം വീട്ടാൻ നിർവ്വാഹമില്ലാതാകയും ചെയ്തപ്പോൾ ടീയാൻ നമ്മുടെ കള്ളനെ ശരണം പ്രാപിച്ചു. കളവു നടത്തുമ്പോൾ അച്ഛൻ നമ്പൂതിരി ഉണരാതിരിക്കാൻ കറുപ്പ് കൂടിയ മരുന്ന് കുറേ അയാളുടെ മകന്റേൽ കൊടുത്തു. നാലിൽ ഒരു ഭാഗം മാത്രമേ കൊടുക്കാവു എന്ന് പ്രത്യേകം പറഞ്ഞിരുന്നു. അത് വൈകുന്നേരത്തെ പാലിൽ ഇട്ടു കൊടുക്കുവാനും പറഞ്ഞു. മകൻ അപ്രകാരം ചെയ്യുകയും ചെയ്തു.
അങ്ങിനെ കള്ളൻ അകത്തു കടക്കുകയും ഒതുക്കാവുന്നതെല്ലാം കള്ളൻ കായ്ക്കലാക്കി. നമ്പൂതിരിയുടെ തലക്കൽ ഒരു ആഭരണപ്പെട്ടി വച്ചിരുന്നു.
ആ പെട്ടി തട്ടിയെടുക്കാനായി അടുത്തു ചെന്നു. അദ്ദേഹം ഉണരുമോയെന്ന പേടിയുണ്ടായിരുന്നു. പക്ഷെ ഒരിക്കലും ഉണരാത്ത ഉറക്കമായിരുന്നല്ലോ അദ്ദേഹം ഉറങ്ങിയിരുന്നത്. ആ മകൻ കള്ളൻ കൊടുത്ത മരുന്ന് മുഴുവൻ പാലിലിട്ടു കൊടുത്തു.
കള്ളൻ എടുത്ത മുതലിൽ ആഭരണപ്പെട്ടി അവന്റെ പ്രണയിനിയായ കല്യാണിക്കുട്ടിക്ക് കൊടുത്തു. അവർ തമ്മിൽ അഗാധ പ്രേമമായിരുന്നു. അവൾ ആ പെട്ടിയിൽ നിന്നും ഒരു രത്നമോതിരം എടുത്ത് ഒരു ദിവസം രാത്രി കള്ളന്റെ കയ്യിലെ മോതിര വിരലിൽ ഇടുവിച്ചു. അന്നു മുതൽ അവന് ആ മോതിരത്തിനോട് വലിയ പ്രേമമായിരുന്നു. ആ മോതിരം കള്ളന്റെ കയ്യിൽ കുറച്ച് ലൂസായിരുന്നു. എന്നിരുന്നാലും അവൻ അത് കയ്യിൽ നിന്ന് ഊരുകയേ ഇല്ലായിരുന്നു.
നമ്പൂതിരിയുടെ വീട്ടിലെ കളവിൽ പോലീസുകാർക്ക് ഇക്കണ്ടക്കുറുപ്പിനെ സംശയം ഉണ്ടായിരുന്നു. ആ സമയത്ത് തന്നെ വേറെ മൂന്നു കളവുകളും നടന്നു. പോലീസുകാരുടെ അന്വേഷണം ഊർജ്ജിതമായി നടന്നു കൊണ്ടിരിക്കുന്നു.
ഇനി ഇവിടെ നിന്നാൽ ശരിയാകില്ല എന്ന് മനസ്സിലാക്കിയ കള്ളൻ മദിരാശിയിലേയ്ക്ക് പോയി. അവിടുത്തെ കാഴ്ചകളൊക്കെ കണ്ട് ഒരു മാസത്തോളം അവൻ രസിച്ചു നടന്നു. ഒരു ദിവസം ഗുജിലിത്തെരുവിൽ ചെന്നപ്പോൾ അതി സൗഭാഗ്യവതിയായ ഒരു സ്ത്രീ സാധനങ്ങൾ വാങ്ങാൻ വന്നിരുന്നു. അപ്പോൾ അവിടെ നല്ല തിരക്കായിരുന്നു.
ഇതിനിടയിൽ ഒരുത്തൻ പകുതി വായയും തുറന്ന് കറപറ്റിയ കോന്ത്രൻപല്ലും പുറത്തു കാട്ടി ആ സ്ത്രീയുടെ മുഖം നോക്കി നിന്നിരുന്നു. അവന്റെ നിൽപ് കണ്ടപ്പോൾ അവനെ ഒന്ന് പറ്റിക്കാം എന്ന് ഇക്കണ്ടക്കുറുപ്പ് നിശ്ചയിച്ചു.
ഇനി നല്ലവനാകാം എന്നുള്ള തീരുമാനമൊക്കെ തൽക്കാലം ഇക്കണ്ടക്കുറുപ്പ് മറന്നു.
ഉടനെ അയാൾ അവന്റെ അടുത്തേക്ക് നടക്കുകയും അയാളുടെ പോക്കറ്റിൽ കിടന്ന ഡയറി എടുക്കുകയും ചെയ്തു. അയവുള്ള മോതിരം അയാളുടെ പോക്കറ്റിൽ വീഴുകയും ചെയ്തു.
അങ്ങിനെ കള്ളൻ മടങ്ങി പോയി. കിടന്നുറങ്ങുമ്പോൾ അവൻ കല്യാണിക്കുട്ടിയെ സ്വപ്നം കണ്ടു. അപ്പോഴാണ് മോതിരത്തെ കുറിച്ച് ഓർമ്മ വന്നത്. നോക്കിയപ്പോൾ കയ്യിൽ മോതിരം കണ്ടില്ല. ടീയാന് വളരെ വിഷമമായി. എവിടെ പോയി എന്നത് ഒരു പിടിയും ഇല്ല.
കാലത്ത് എഴുന്നേറ്റ് തലേ ദിവസം പോയ വഴിയിലൂടെയെല്ലാം പോയി തിരഞ്ഞു നോക്കി. ഫലമുണ്ടായില്ല. അയാൾ പോലീസ് സ്റ്റേഷനിൽ പോയി കേസ്സ് കൊടുത്തു. എങ്ങിനെയെങ്കിലും അവരുടെ കയ്യിൽ കിട്ടിയാലോ എന്ന് വിചാരിച്ചാണ് അങ്ങിനെ ചെയ്തത്.
അന്നു ഉച്ചകഴിഞ്ഞപ്പോൾ ഒരു പോലീസുകാരൻ ഇക്കണ്ടക്കുറുപ്പിന്റെ താമസസ്ഥലത്തെത്തി. പോലീസുകാരൻ അയാളോട് ചോദിച്ചു ഈ മോതിരം എന്റെ കയ്യിൽ എങ്ങിനെ വന്നു എന്ന് നിനക്കറിയാമോ എന്നു ചോദിച്ചുകൊണ്ട് സ്തബ്ദനായി നിന്ന കള്ളനെ കയ്യിൽ വിലങ്ങു വെച്ച് കൊണ്ടുപോയി.
മോഷണ കേസിൽ പെട്ട് ആറുമാസം തടവിൽ കഴിഞ്ഞിരുന്ന കള്ളൻ പന്ത്രണ്ടടിയും കൊണ്ട് പുറത്തു വരുമ്പോൾ ഞാനെന്റെ തൊഴിലും താവഴിയും ഒന്നു മാറ്റി നോക്കട്ടെ എന്നു തീരുമാനിച്ചു കൊണ്ടാണ് കഥ അവസാനിക്കുന്നത്.
താൻ ചെയ്ത പാപങ്ങൾക്കൊക്കെ ഗംഗാസ്നാനവും, കാശി വിശ്വനാഥ ദർശനവും ചെയ്യാനും അയാൾ തീരുമാനിയ്ക്കുന്നു.
ഇതിൽ ഇക്കണ്ടക്കുറുപ്പ് പറയുന്നത് ഇരുപതു വയസ്സ് തികഞ്ഞപ്പോഴേയ്ക്കും എന്റെ സ്വഭാവവും പ്രകൃതവും അശേഷം മാറി എന്നും ചില്ലറ കളവു വിട്ട് വൻതരം കളവു നടത്താൻ മോഹം കൂടിയെന്നും പറയുന്നു. ടീയാൻ രണ്ടുവിധത്തിലാണ് കളവ് നടത്തിയിരുന്നത്. ഒന്ന് ദീവട്ടികൊള്ള മറ്റൊന്ന് ഒറ്റക്കുപോയി കക്കുക. അതിരസകരമായ ഒരു വർണ്ണനയിലൂടെയാണ് ” “വാസനാ വികൃതി ” രൂപം നൽകിയിരിക്കുന്നത്.
പത്രപ്രവർത്തകനും എഴുത്തുകാരനും ആയിരുന്ന കുഞ്ഞിരാമൻ നായർ മദ്രാസ് നിയമസഭയിൽ പ്രസംഗിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണായിരുന്നു അദ്ദേഹത്തിന്റെ മരണം. മലയാള ചെറുകഥയുടെ പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.