Thursday, December 26, 2024
Homeസ്പെഷ്യൽതത്ത്വമസി (ലേഖനം) ✍സൂര്യഗായത്രി

തത്ത്വമസി (ലേഖനം) ✍സൂര്യഗായത്രി

സൂര്യഗായത്രി

ആരാണ് ഈശ്വരൻ?

വിവിധ ചിന്താസരിണികളിൽ കൂടി പ്രപഞ്ചാത്ഭുതങ്ങളെ കണ്ണുമിഴിച്ച് നോക്കി തുടങ്ങിയ കാലം മുതൽ മനുഷ്യനെ അലട്ടുന്ന ഉത്തരം കിട്ടാത്ത ചോദ്യം. അഥവാ ഉത്തരം കിട്ടിയാലും നമുക്ക് ബോധ്യമാകാത്ത ചോദ്യം. ഈ ഈശ്വരനെ അന്വേഷിക്കുന്നതിൽ ഭാരതീയ തത്ത്വശാസ്ത്രം വഹിച്ച പങ്ക് എന്ത്? എന്താണ് ഭാരതദർശനം ലോകത്തിനു കൊടുത്ത സംഭാവന ?
വേദങ്ങൾ തുടങ്ങിയ കാലം മുതൽ ഭാരതദർശനത്തിൻ്റെ സൂചനകൾ പ്രകടമാണ്. വേദകാലഘട്ടങ്ങളിൽ ഭാരതീയ ചിന്തക്ക് ബാഹ്യസ്വാധീനങ്ങളാന്നും തന്നെ ഉണ്ടായിരുന്നില്ല. മാത്രമല്ല ഭാരതീയതത്വചിന്ത മഹത്തായ പലതരം മതത്തിനെയും ലോകത്തിന് സംഭാവന ചെയ്തു. വൈദികത്തിലധിഷ്ഠിതമായ ബ്രാഹ്മണ്യ ചിന്താധാരകൾ, വേദാന്തത്തിലധിഷ്ഠിതമായി ലോകത്താകമാനം നിലയുറപ്പിച്ച ബുദ്ധമത തത്വങ്ങൾ, കൂടാതെ മറ്റനേകം ദർശനസംഹിതകൾക്ക് ഭാരതം രൂപം കൊടുത്തു. ആധുനികമായ ഗവേഷണങ്ങളെ ഉദ്വേഗത്തോടെ മുന്നോട്ടു നയിക്കാൻ ഭാരതത്തിന് കഴിഞ്ഞുവെങ്കിലും പ്രാരംഭകാല ഭാരതത്തെക്കുറിച്ചുള്ള അറിവുകൾ ഇന്നും അപര്യാപ്തമാണ്. ഉദാഹരണത്തിന് ബുദ്ധകാലഘട്ടം കഴിഞ്ഞിട്ടുള്ള കുറെ നാളത്തെ കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അപര്യാപ്തവും അജ്ഞവുമാണ്. ഒരു പക്ഷേ അത് ആര്യന്മാരുടെ വരവോടെ ബുദ്ധമതത്തിനു സംഭവിച്ച വിശ്വാസത്തിലെ മാറ്റവും വിനാശവുമാകാം. കാരണങ്ങളെന്തു തന്നെയായാലും വൈദികമതഘടന നിലവിൽ വന്നതിനുശേഷം ചാതുർവർണ്യത്തിൻ്റെ അടിസ്ഥാനത്തിൽ മനുഷ്യർ വിഭജിക്കപ്പെട്ടു. ഈശ്വരനെക്കുറിച്ചറിയുവാനുള്ള അന്വേഷണം ഒരു പ്രത്യേക ജാതിവിഭാഗത്തിൻ്റെ മാത്രം കുത്തകയായി മാറി. വേദാന്ത ഗുരുവായ ശങ്കരൻ പോലും ഈ ജാതീയതയുടെ വേലിക്കെട്ടിൽ തളയ്ക്കപ്പെട്ടതാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളുംകൊണ്ട് ഒരു വിഭാഗം മനുഷ്യൻ്റെ അന്വേഷണങ്ങൾക്ക് തടയിടുകയും ഓരോ ജീവിവർഗ്ഗത്തിനോടും ഏകമായി ചേർന്നിരിക്കുന്ന ഈശ്വരശക്തിയെക്കുറിച്ചുള്ള ജിജ്ഞാസയ്ക്ക് വിവിധങ്ങളായ ദൈവിക സങ്കൽപ്പങ്ങളിൽക്കൂടി പൂർണ്ണത വരുത്തുവാൻ ശ്രമിക്കുകയും ചെയ്തു. തന്നെയുമല്ല പുരാണങ്ങളും ഇതിഹാസങ്ങളും കൊണ്ട് മനുഷ്യൻ്റെ ചിന്താശേഷിയെ തടങ്കലിലാക്കുകയും ചെയ്തു.

മനുഷ്യൻ വെറും മൃഗം എന്ന ബോധത്തിൽ നിന്നുയർന്നപ്പോൾ ചുറ്റും നിൽക്കുന്ന ശാക്തികമായ ചൈതന്യത്തെ അറിയുവാൻ തുടങ്ങി. അതുകൊണ്ടുതന്നെ ജിജ്ഞാസുവായ മനുഷ്യനെ ഈ വിശദീകരണങ്ങളിൽ തളച്ചിടുവാൻ ആവുകയില്ലായിരുന്നു. ദൃശ്യമായ ഈ പ്രപഞ്ചത്തിനപ്പുറം ഇവയെ നിയന്ത്രിക്കുന്ന ഒരു വലിയ ശക്തി മറഞ്ഞു കിടക്കുന്നു എന്നവന് മനസ്സിലായി. അവൻ ചുറ്റുപാടുകളെയും പ്രകൃതിയെയും നിരീക്ഷിക്കുവാൻ തുടങ്ങി. വിശ്വാസങ്ങളെ ശാസ്ത്രവുമായി കൂട്ടിയിണക്കിക്കൊണ്ട് വേദാന്തത്തിൻ്റെ സഹായത്തോടെ അവൻ തൻ്റെ അന്വേഷണം തുടർന്നു. നിരന്തരം പ്രകൃതിയുമായുള്ള സംവദിക്കലുകളിൽ അവന് ഉത്തരംകിട്ടാതെ അവനെ ഭ്രമിപ്പിച്ചു കൊണ്ടിരുന്ന പല ചോദ്യങ്ങൾക്കും ക്രമേണ ഉപനിഷത്തുകളുടെ രൂപത്തിൽ പ്രപഞ്ചശക്തി അവനോടു സംവദിക്കുവാൻ തുടങ്ങി. പ്രധാനപ്പെട്ട നാല് ഉപനിഷത്ത് വാക്യങ്ങൾ നമുക്കെടുക്കാം. അയമാത്മ ബ്രഹ്മ, ‘പ്രജ്ഞാനം ബ്രഹ്മ, അഹം ബ്രഹ്മാസ്മി, തത്വമസി’ ഇവയിൽ മൂന്നെണ്ണവും ബ്രഹ്മത്തെക്കുറിച്ച് പ്രതിപാദിക്കുന്നവയാണ്. എന്താണ് ബ്രഹ്മം എന്ന ചോദ്യത്തിൽ തുടങ്ങി വിവിധതലങ്ങളിലുള്ള അന്വേഷണമാണ് ഇവയിൽ നടക്കുന്നത്.

എന്താണ് ബ്രഹ്മം? അഥവാ ഈശ്വരൻ? അത് ബൃഹത്തായതാണ്. അതിന് അതിർവരമ്പുകൾ നിശ്ചയിക്കുവാനാവില്ല. അതിൻ്റെ പ്രവൃത്തികൾ നൈരന്തര്യമായി തുടർന്നു കൊണ്ടേയിരിക്കുന്നു. അതെങ്ങനെ എന്നറിയുവാനായി മനുഷ്യൻ ഉത്സുകനായി. അവൻ തൻ്റെ ഇന്ദ്രിയങ്ങളോടു സഹായമഭ്യർത്ഥിച്ചു. കണ്ണും കാതും വായും മൂക്കും ചെവിയും തൊലിയുമൊക്കെ അവന് വഴികാട്ടികളായി. എന്നാൽ ഇവർതന്നെയുണ്ടാക്കുന്ന ഏകാഗ്രതയില്ലായ്മയിൽ ഈ ഇന്ദ്രിയങ്ങൾ തന്നെ അവന് ശത്രുക്കളായി മാറി.. അപ്പോൾ ബുദ്ധി അവനെ ഉപദേശിച്ചു. ചിന്തകൾക്ക് കടിഞ്ഞാണിടുവാൻ. ചിന്തകൾ മനസ്സിൻ്റെ സൃഷ്ടിയാണെന്നിരിക്കേ അജ്ഞാതമായി മനുഷ്യശരീരത്തിലെവിടെയോ ഇരുന്ന് ഒളിച്ചുകളി നടത്തുന്ന മനസ്സിനെ കണ്ടുപിടിക്കലായി പിന്നെ മനുഷ്യൻ്റെ ശ്രമം. അങ്ങനെ മനുഷ്യൻ ധ്യാനിക്കുവാൻ തുടങ്ങി. അഴിച്ചുവിട്ട കുതിരയെപ്പോലെ ചിന്തകൾ കഴിഞ്ഞാണില്ലാതെ കുതിച്ചുവെങ്കിലും ക്രമേണ നിരന്തരമായ സ്വാംശീകരിക്കലിലൂടെ മനുഷ്യൻ ചിന്തകൾക്ക് കടഞ്ഞാണിട്ടു. അപ്പോൾ അവനിലെ സത്യബോധമുണർന്നു അവൻ ഇപ്രകാരം ചിന്തിച്ചു. ആരാണു ഞാൻ? ഞാൻ എന്ന വ്യക്തി എങ്ങനെയാണുണ്ടായത്. അവൻ്റെ ആധാരചക്രങ്ങളോരോന്നും ഉണർന്നു തുടങ്ങി. അവൻ്റെ ചിന്തകൾ പ്രകൃതിയിലേക്കും പഞ്ചഭൂതങ്ങളിലേക്കും തിരിഞ്ഞു. പഞ്ചഭൂതങ്ങളിൽ നിന്നുരുത്തിരിഞ്ഞ പഞ്ചകോശങ്ങളിലക്ക് അവൻ്റെ ചിന്തകളെത്തി. ശരീരം എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിനുള്ള ഉത്തരം അവിടെ ലഭിച്ചു.. വീണ്ടും മനസ്സിനെക്കുറിച്ച് അവൻ അന്വേഷണം തുടർന്നു. കാരണം ഉള്ളിൻ്റെ ഉള്ളിൽ, ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴും സദാ പ്രപഞ്ച പുരുഷനോടു സംവദിക്കുന്ന ബോധത്തിലേക്ക് മനസ്സ് അവനെയെത്തിച്ചു. നിരന്തരമായ പാകപ്പെടലുകളിൽക്കൂടി മരണഭയം എന്ന മായ ഇല്ലാതെയായപ്പോൾ അവനിലെ ഉണർന്ന ബോധം അവനോടുതന്നെ പറഞ്ഞു.
‘തത്വമസി ”അത്, നീ തന്നെയാകുന്നു”.

ഭാരതീയ ദർശനത്തിൻ്റെ ആദ്യന്തികമായ ലക്ഷ്യം യുക്തിയ്ക്കെന്നപോലെ ധാർമികതയ്ക്കുമപ്പുറമാണ്. ജീവിതസാക്ഷാത്കാരത്തിലേക്ക് മനുഷ്യനെ എത്തിക്കുന്നിടത്താണ് അത് അവസാനിക്കുന്നത്. അണ്ഡാകൃതിയിലുള്ള ചലനത്തിലെ തരംഗാകൃതിയിലുള്ള ചലനങ്ങളുമായി സംഗമിക്കുന്നിടത്ത് ഈ അന്വേഷണം അവസാനിക്കുന്നു. അതാകട്ടെ ഒരിക്കലും അവസാനമില്ലാതെ തുടരുകയും ചെയ്യുന്നു.

ഏറ്റവും മഹാനായ കാളിദാസൻ ജീവിത സാക്ഷാത്കാരത്തെ കുറിച്ച് ഇപ്രകാരം പറയുന്നു. “സ്വയം നിരാകരിച്ചുകൊണ്ട് ഈ ലോകത്തെ സ്വന്തമാക്കുന്നവർ ” എന്ന്. അത് ശരീരമനോബുദ്ധികൾക്കപ്പുറമുള്ള പ്രപഞ്ച ബിന്ദുവിലേക്കുള്ള കേന്ദ്രീകരണമാണ്. അതുകൊണ്ടാണല്ലോ ആഷാഢമാസത്തിലെ മേഘങ്ങളുടെ കൈവശം പ്രണയിനിക്കുള്ള ദൂത് വിരഹിയായ യക്ഷൻ വിശ്വാസപൂർവ്വം കൊടുത്തുവിടുന്നത്. അനന്തമായ സമസ്യകൾ തുടർന്നുകൊണ്ടേയിരിക്കുമ്പോഴും മനുഷ്യൻ്റെ തീരാത്ത വിജ്ഞാന ദാഹത്തിന് ആത്മശാന്തിയേകാൻ ഞാനും പറയട്ടെ തത്വമസി. അത് നീ തന്നെയാകുന്നു.🙏

✍സൂര്യഗായത്രി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments