Monday, January 6, 2025
Homeസ്പെഷ്യൽകുമാരസംഭവം സർഗ്ഗ 5ൽ പാർവ്വതിയുടെ കഠിന തപസ്സും ഫല പ്രാപ്തിയും... (ദർശനീകത. ഭാഗം...

കുമാരസംഭവം സർഗ്ഗ 5ൽ പാർവ്വതിയുടെ കഠിന തപസ്സും ഫല പ്രാപ്തിയും… (ദർശനീകത. ഭാഗം – 6)

ശ്യാമള ഹരിദാസ് .

ഭാരതത്തിന്റെ അമൃത സമാനമായ മഹിമ ആകണ്ഠമാസ്വദിച്ച് പരിധികളില്ലാത്ത ആനന്ദ ലഹരിയിൽ മധു മധുരമായി എഴുതിയ കവി ചക്രവർത്തിയാണ് മഹാകവി കാളിദാസൻ.

ഹിമവൽ സന്നിധിയിലേക്ക് മടങ്ങിയ പാർവ്വതി മനസ്സിലാക്കി ശിവ വിവാഹം അത്ര എളുപ്പമല്ല. സൗന്ദര്യം കൊണ്ട് ശിവപ്രീതി ലഭ്യമല്ലെന്നു മനസ്സിലാക്കിയ പാർവ്വതി ഘോരതപസ്സ് ആരംഭിച്ചു. പഞ്ചാഗ്നി മദ്ധ്യത്തിലുള്ള ആ ഘോരതപസ്സ് ഭഗവാന്റെ മനോലാഭത്തെ ലക്ഷ്യമാക്കിയുള്ളതായിരുന്നു. പാർവ്വതി ശിവ പ്രാപ്തിക്കുവേണ്ടി കഠിന തപസ്സനുഷ്ഠിച്ച് ആഗ്രഹസാഫല്യം നേടുന്നതാണ് ഇതിലെ കഥാതന്തു.

പാർവ്വതിയുടെ അതികഠിനമായ തപസ്സിൽ പോലും ശിവന്റെ മനസ്സലിഞ്ഞില്ല.താരകാസുരന്റെ ഉപദ്രവം കൊണ്ട് ഗതികെട്ട ദേവന്മാർ പരമേശ്വരന്റെ മുമ്പിൽ ആവലാതി ബോധിപ്പിച്ചു. പരാശക്തിയായ ദേവിയെ പിരിഞ്ഞ് ശിവൻ തുടരുന്ന കൊടും തപസ്സ് ദേവന്മാരെ അനാഥയാക്കിയിരിക്കുന്നു എന്നും ശിവനോട് മൗനവ്രതം വെടിഞ്ഞ് പാർവ്വതിയെ പരിണയിച്ച് കുമാരസംഭവം എന്ന മഹത്കൃത്യം സാധ്യമാക്കാനും പറയുന്നു.

താരകാസുര വധത്തിന്നായി കുമാരൻ ജനിക്കേണ്ട കാലമായെന്ന് ജ്ഞാനദൃഷ്ടിയിൽ കണ്ട ഭഗവാൻ ഒരു വൃദ്ധ ബ്രാഹ്മണന്റെ (സന്യാസി) വേഷത്തിൽ പാർവ്വതി തപസ്സനുഷ്ഠി ക്കുന്ന പർണ്ണശാല ലക്ഷ്യമാക്കി നടന്നു. പ്രായാധിക്യം കൊണ്ട് നടക്കാൻ പോലും കെൽപ്പില്ലാത്ത ആ ശിവയോഗിയെ കണ്ട പാർവ്വതിയുടെ തോഴിമാർ അദ്ദേഹത്തെ ആചരിച്ചിരുത്തി. അദ്ദേഹം തോഴിമാരോട് പറഞ്ഞു ഹിമവൽ പുത്രിയായ പാർവ്വതി ദേവി ശിവനെ മനസ്സിൽ ധ്യാനിച്ച് കഠിനവ്രതാനുഷ്ഠാനങ്ങളോടെ തപം ചെയ്യുകയാണെന്നറിഞ്ഞു വന്നതാണ് ഞാൻ. ആ കന്യകയുടെ തപോനിഷ്ഠാ വൈഭവം കാണാനും ദേവിയുമായി നേരിൽ സംസാരിക്കാനുമാണ് ഞാൻ വന്നതെന്നും അദ്ദേഹം പറഞ്ഞു. അവർ അദ്ദേഹത്തെ ദേവിയുടെ അടുക്കലേക്കു കൊണ്ടുപോയി. ആ സന്യാസി ദേവിയോട് പറഞ്ഞു ലോകം മുഴുവൻ കീർത്തി കേട്ടതാണ് ദേവിയുടെ തപസ്സ്. എന്തിനു വേണ്ടിയാണ് ദേവിയുടെ ഈ തപസ്സ് എന്നും അദ്ദേഹം ചോദിച്ചു. അപ്പോൾ പാർവ്വതിയുടെ തോഴിമാർ പറഞ്ഞു ശിവനെ ഭർത്താവായി കിട്ടാൻ വേണ്ടിയാണെന്ന്. അപ്പോൾ ആ വൃദ്ധ സന്യാസി അത്ഭുതപ്പെട്ടു. ലോകവാസികളും ഭൂലോകവാസികളും പാർവ്വതി പരിണയം ആഗ്രഹിക്കുമ്പോൾ കേവലമൊരു ചുടലവാസിയും, പ്രാകൃത വേഷധാരിയുമായ ശിവനുവേണ്ടിയുള്ള കാത്തിരിപ്പിനെ സന്യാസി കണക്കറ്റു പരിഹസിച്ചു. സ്വർണ്ണത്തേരുകൾ വേണ്ടെന്നു വെച്ച് ശിവന്റെ മുതുകാളയുടെ പുറത്തു കയറാനാണോ ഈ തപസ്സ്. അങ്ങിനെ ശിവനെ കുറിച്ച് എല്ലാ നിഷേധാത്മകവും മോശവുമായ കാര്യങ്ങൾ പാർവ്വതിയോട് പറഞ്ഞു.

അവൾ ചെവിപൊത്തിപിടിച്ച് കോപാകുലായായി അദ്ദേഹത്തോട് പറഞ്ഞു, ഹേ വൃദ്ധ സന്യാസി, പ്രപഞ്ച കർത്താവായ ശിവനെ തപസ്സു ചെയ്ത് പ്രാണൻ വെടിഞ്ഞാൽ പോലും ഈയുള്ളവൾക്ക് ആഹ്ലാദമായിരിക്കും. അവിവേകിയായ നിങ്ങളുടെ ഉപദേശം സ്വീകരിച്ചു ഞാൻ പിന്മാറുമെന്ന് കരുതേണ്ട എന്നും, ഭഗവാന് കൃപ തോന്നി എന്നെ പാണിഗ്രഹണം ചെയ്താലും ഇല്ലെങ്കിലും ഞാൻ ആജീവനാന്തം അദ്ദേഹത്തിന്റെ സ്മരണയിൽ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പാർവ്വതി പറഞ്ഞു. പിന്നേയും സന്യാസി ഓരോന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു. പാർവ്വതി രണ്ടു കൈകൊണ്ടും ചെവി
പൊത്തിപ്പിടിച്ചു തിരിഞ്ഞു നടക്കാൻ ഭാവിച്ചു. അങ്ങിനെ പലവിധത്തിലും പാർവ്വതിയെ പരീക്ഷിച്ചതിനുശേഷം ശേഷം ശിവൻ ദേവിക്ക് തന്നോടുള്ള ഭക്തിയും സ്നേഹവും എത്രത്തോളമുണ്ടെന്നു കണ്ടറിഞ്ഞ ശിവൻ സന്യാസി വേഷം വെടിഞ്ഞ് സാക്ഷാൽ ത്രിലോകനാഥനായ ഭഗവാൻ അതിസുന്ദരനും കോമളഗാത്രനുമായ രൂപത്തിൽ പാർവ്വതിക്കു മുമ്പിൽ പ്രത്യക്ഷനായി.

ആ സമയത്ത് പാർവ്വതി ക്കുണ്ടായ വികാരത്തെ വർണ്ണിക്കാൻ വാക്കുകളില്ലെന്നാണ്
കവി പറയുന്നത്. ആനന്ദവും ഉദ്വേഗവും കൊണ്ട് ദേവിയുടെ കണ്ണുകളൊക്കെ വിടർന്നു, ഹൃദയമൊക്കെ അനുഭൂ തികളാൽ തുടികൊട്ടി. ആ പർവ്വതപുത്രിയുടെ മാനസാരാമത്തിൽ ആയിരമായിരം മോഹന മയൂരങ്ങൾ ആനന്ദനൃത്തം ചെയ്തു. ഇളം കാറ്റിൽ പെട്ട് ഇളകുന്ന തളിരിലകൾ പോലെ അവളുടെ പൂവിളംമേനി മെല്ലെ വിറകൊണ്ടു. നിനച്ചിരിക്കാതെ വന്ന അസുലഭ ഭാഗ്യത്തിൽ മറന്ന് പാർവ്വതി നിമിഷങ്ങളോളം അങ്ങിനെ നിന്നു.

അഗാധദുഃഖം പേറിനടന്നിരുന്ന പാർവ്വതിയെ ആശ്വസിപ്പിച്ചുകൊണ്ട് ശിവൻ പറഞ്ഞു, ദേവീ നിന്റെ ശാപവചനങ്ങൾ ഓരോന്നും നമ്മുടെ പാദങ്ങളിൽ അർപ്പിച്ച ഭക്തിയുടെ നറുപുഷ്ങ്ങളാണ്. ശിവന്റെ പത്നിപദം പ്രാപിക്കുന്നതിന് പാർവ്വതി ഇനി തപസ്സനുഷ്ഠിക്കേണ്ടെന്നും താമസം വിനാ നിന്നെ ഞാൻ പാണിഗ്രഹണം ചെയ്യുന്നതാണെന്നും അറിയിച്ചു.

തന്നെ പാണിഗ്രഹണം ചെയ്യാനുള്ള ആഗ്രഹം അച്ഛനായ ഹിമാവാനേ അറിയിക്കു എന്ന് ദേവി തോഴിമാർ മുഖേന അറിയിച്ചു. ശിവൻ അതനുസരിച്ച് സപ്തർ ഷികളെ വിവാഹാലോചനുയുമായി ഹിമവാന്റെ അടുത്തേക്ക് പറഞ്ഞയച്ചു. ഹിമാവാന്റെ ചിരകാല അഭിലാഷമാണ് സപ്തർഷികൾ പറഞ്ഞ ത്. എന്നിട്ടും ഭാര്യ മേനയുടെ അഭിപ്രായം അറിയാൻ കാത്തു. ഭാര്യക്ക് പൂർണ്ണസമ്മതമാണെന്ന് അറിഞ്ഞ ശേഷമേ സപ്തർഷികൾക്ക് വിവാഹ വാഗ്ദാനം നൽകിയുള്ളു. മാദകമായ ഭാവങ്ങളുടെ നിസ്സാരതയേയും, ത്യാഗസുരഭിലമായ പ്രേമത്തിന്റെ സർവ്വാർത്ഥ സിദ്ധിയേയും കാളിദാസൻ ഈ കാവ്യത്തിൽ മധുര മനോഹരമായി വർണ്ണിച്ചിരിക്കുന്നു.

അടുത്ത ലക്കം ശിവപാർവ്വതി പരിണയം.

ശ്യാമള ഹരിദാസ് ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments