Wednesday, December 25, 2024
HomeUS Newsമയ്യഴിപ്പുഴയുടെ തീരങ്ങളിൽ: വായനയുടെ അരനൂറ്റാണ്ട് (ലേഖനം) ✍ഡോക്ടർ തോമസ് സ്കറിയ

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ: വായനയുടെ അരനൂറ്റാണ്ട് (ലേഖനം) ✍ഡോക്ടർ തോമസ് സ്കറിയ

ഡോക്ടർ തോമസ് സ്കറിയ ✍

ദാസനും ചന്ദ്രികയും, ആത്മാവുകൾ തുമ്പികളായി പാറിനടക്കുന്ന വെള്ളിയാങ്കല്ലും മലയാളികളുടെ വായനയിൽ ചേക്കേറിയിട്ട് അൻപതാണ്ടുകളാകുന്നു. എം.മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ പ്രസിദ്ധീകരിച്ചത് 1974 ഏപ്രിലിലാണ്. പാതാറിൽ കടലിനേയും പുഴയേയും കരയുമായി വേർതിരിക്കുന്ന വെളുത്ത മതിലോ അതിന്നരികിൽ അണിനിരന്നുനിന്നു പ്രകാശിക്കുന്ന വൈദ്യുതി വിളക്കുകളോ ഇല്ലാതിരുന്ന കാലത്തു നിന്നാരംഭിച്ച് മയ്യഴിക്ക് സ്വാതന്ത്ര്യം കിട്ടുന്നതുവരെയുള്ള കാലത്തിലെത്തി അവസാനിക്കുന്ന ഒരു നോവലാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ. പാതിരാവിനു മുമ്പു തന്നെ കരിന്തിരികത്തി കെട്ടു മയ്യഴി ഇരുട്ടിൽ ആണ്ടു കിടന്ന കാലം. സായിവും ബംഗ്ലാവും കുതിരയും കാറുമൊക്കെ മയ്യഴിയുടെ മക്കൾക്ക് കാഴ്ചയുടെ പൂതികളായിരുന്നു. സങ്കരവർഗ്ഗക്കാരും സങ്കരേതതരവർഗ്ഗക്കാരും അവിടെ ജീവിച്ചു പോന്നു. ഫ്രഞ്ചുകാരുടെ കൈയിൽ നിന്നും മയ്യഴിയെ മോചിപ്പിക്കണമെന്ന മോഹം മയ്യഴിയുടെ മക്കൾക്കുണ്ടായി . വിമോചന സമരം ഒടുവിൽ വിജയം കണ്ടു. ഈ പശ്ചാത്തലമാണ് നോവലിന്റെ ഇതിവൃത്തം രൂപപ്പെടുത്തിയിരിക്കുന്നത്. മുഖ്യകഥാപാത്രമായ ദാസനിൽ മുകുന്ദൻ അസ്തിത്വദുഃഖം അടിച്ചേല്പിച്ചുവെന്നും കടം കൊണ്ട തത്ത്വശാസ്ത്രം നോവലിന്റെ ഇതിവൃത്തത്തിനു മങ്ങലേല്‌പിച്ചുവെന്നും തനതായ ജീവിതവീക്ഷണം നോവലിസ്റ്റിനില്ലായെന്നുമൊക്കെയുള്ള വിമർശനം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും നോവൽ വായനക്കാർക്കിടയിൽ വ്യാപകമായി സ്വീകരിക്കപ്പെട്ടു. ഇന്നു തിരിഞ്ഞു നോക്കുമ്പോൾ മുകുന്ദൻ ആവിഷ്കരിക്കാനാഗ്രഹിച്ച അപമാനവീകരിക്കപ്പെട്ട മനുഷ്യജീവിതത്തിന്റെ പ്രസക്തി ഇറ്റാലോ കാൽവിനോയുടെ ഒരു നിരീക്ഷണത്തിൽ നിന്ന് കൂടുതൽ വ്യക്തമാകും.

സാഹിത്യം ഒരു സമൂഹത്തിന്റെ ആത്മാവബോധത്തിന്റെ (self-awareness) ഉപകരണങ്ങളിലൊന്നാണ്. തീർച്ചയായും ഒരേയൊരു ഉപകരണമല്ല, എന്നിരുന്നാലും ഒരു അവശ്യോപകരണമാണ്.കാരണം അതിന്റെ ഉദയം വിവിധതരത്തിലുള്ള അറിവുകൾ, വിവിധ സങ്കേതങ്ങൾ, വിവിധ രൂപത്തിലുള്ള വിമർശനാത്മകചിന്തകൾ എന്നിവയുടെ ഉത്ഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു. സാഹിത്യത്തിന് സാധ്യമായ രാഷ്ട്രീയ ഉപയോഗത്തെക്കുറിച്ച് രണ്ട് തെറ്റായ ചിന്താഗതികൾ ഉണ്ടെന്നാണ് ഇറ്റാലോ കാൽവിനോ കരുതുന്നത്. ആദ്യത്തേത്, രാഷ്ട്രീയം ഇതിനകം ഉൾക്കൊള്ളുന്ന ഒരു സത്യത്തിന് വേണ്ടി സാഹിത്യം ശബ്ദമുയർത്തണം എന്ന അവകാശവാദമാണ്; അതായത്, രാഷ്ട്രീയ മൂല്യങ്ങളുടെ ആകെത്തുക വിശ്വസിക്കുക എന്നതാണ് സാഹിത്യം സ്വയം പൊരുത്തപ്പെടേണ്ട പ്രാഥമിക കാര്യം. രാഷ്ട്രീയത്തിനായുള്ള അത്തരമൊരു പ്രബോധനപ്രവർത്തനം മോശം സാഹിത്യത്തിന്റെയും മോശം രാഷ്ട്രീയത്തിന്റെയും തലത്തിൽ മാത്രമേ സങ്കൽപ്പിക്കാൻ കഴിയൂ എന്ന് കാൽവിനോ കരുതുന്നു. ശാശ്വതമായ മനുഷ്യവികാരങ്ങളുടെ ഒരു ശേഖരമായി സാഹിത്യത്തെ കാണുന്നതും രാഷ്ട്രീയം അവഗണിക്കാൻ പ്രവണത കാണിക്കുന്നതുമായ ഒരു മനുഷ്യ ഭാഷയുടെ സത്യമായി സാഹിത്യത്തെ കാണുന്നതാണ് മറ്റൊരു വഴി. ഈ ആശയം പ്രത്യക്ഷത്തിൽ സാഹിത്യത്തിന് കൂടുതൽ സാധ്യത നൽകുന്നു. എന്നാൽ പ്രായോഗികമായി, പുതുമയുടെയും സ്വാഭാവികതയുടെയും പാതയിലൂടെ യുവാക്കളുടെ ആനന്ദം മുഖേന, മുമ്പേ അറിയാവുന്നവയെ സ്ഥിരീകരിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. നിഷ്കളങ്കവും അടിസ്ഥാനപരവുമായ രീതിയിൽ പ്രകോപിപ്പിക്കാനുള്ള ചുമതലയാണ് അത് നൽകുന്നത്. ഈ ചിന്താരീതിക്ക് പിന്നിൽ, സാഹിത്യം സ്ഥാപിതമൂല്യങ്ങളെ സംരക്ഷിക്കാൻ ഉത്തരവാദിയാണെന്ന ഒരു കൂട്ടം സങ്കൽപ്പമാണ് പ്രവർത്തിക്കുന്നത്. ഒരു നിശ്ചിത സത്യത്തിന്റെ നിക്ഷേപമെന്ന നിലയിൽ സാഹിത്യത്തെക്കുറിച്ചുള്ള ക്ലാസിക്കൽ, ചലനരഹിതമായ ആശയമാണത്. ഈ ധർമ്മം ഏറ്റെടുക്കാൻ സമ്മതിക്കുകയാണെങ്കിൽ, സാഹിത്യം സ്വയം സാന്ത്വനത്തിന്റെയും സംരക്ഷണത്തിന്റെയും പിന്നാക്കാവസ്ഥയുടെയും ഒരു പ്രവർത്തനത്തിൽ ഒതുങ്ങുന്നു. അത് നന്മയെക്കാൾ കൂടുതൽ ദോഷം ചെയ്യുമെന്ന് കാൽവിനോ വിശ്വസിക്കുന്നു.

സാഹിത്യത്തിന്റെ എല്ലാ രാഷ്ട്രീയ ഉപയോഗങ്ങളും തെറ്റാണെന്നാണോ ഇതിനർത്ഥം? അല്ല, രണ്ട് തെറ്റായ ഉപയോഗങ്ങൾ ഉള്ളതുപോലെ, രണ്ട് ശരിയായ ഉപയോഗങ്ങളും ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ശബ്ദമില്ലാത്തവയ്ക്ക് ശബ്ദം നൽകുമ്പോൾ, ഇതുവരെ പേരില്ലാത്തതിന് ഒരു പേര് നൽകുമ്പോൾ സാഹിത്യത്തിന് രാഷ്ട്രീയ ലക്ഷ്യം കൈവരുന്നു. രാഷ്ട്രീയത്തിന്റെ ഭാഷ സ്വീകരിക്കുന്നതിനോ ഒഴിവാക്കാൻ ശ്രമിക്കുന്നതിനോ സാഹിത്യം വിധേയമാകേണ്ടതില്ല. എല്ലാറ്റിനുമുപരിയായി രാഷ്ട്രീയം സാഹിത്യത്തിന് ആവശ്യമാണ്. കാൽവിനോ ഉദ്ദേശിക്കുന്നത്, മനുഷ്യന്റെ ബാഹ്യവും ആന്തരികവുമായ ലോകത്തിന്റെ വശങ്ങളും സാഹചര്യങ്ങളും ഭാഷകളും സാഹിത്യത്തിൽ വരണമെന്നാണ്. വ്യക്തികളിലും സമൂഹത്തിലും അടിച്ചമർത്തപ്പെട്ട പ്രവണതകൾ അത് ആവിഷ്കരിക്കണം. രാഷ്ട്രീയത്തിന്റെ ഭാഷയ്ക്ക് മനസ്സിലാകാത്ത കാര്യങ്ങൾ കേൾക്കാൻ കഴിയുന്ന ഒരു ചെവി പോലെയാണ് സാഹിത്യം, രാഷ്ട്രീയം മനസ്സിലാക്കുന്ന വർണ്ണരാജിക്കപ്പുറം കാണാൻ കഴിയുന്ന ഒരു കണ്ണ് പോലെയാണ് സാഹിത്യം . എഴുത്തുകാരൻ സ്വന്തം വഴി പിന്തുടരണം. യാദൃശ്ചികമായി യാതൊന്നും വിട്ടുകളയാതിരിക്കുക, തന്നിൽ നിന്ന് രക്ഷപ്പെടാൻ ഒന്നും അനുവദിക്കാത്ത വിധം സാഹിത്യവ്യാപാരത്തിൽ തന്റേതായ രീതി പ്രയോഗിക്കുക . സാമൂഹിക-രാഷ്ട്രീയ നിരീക്ഷകന്റെ ഉത്തരവാദിത്വമാണ് സാഹിത്യകാരന്റേത് എന്നു കരുതാതിരിക്കുക. എന്നാൽ സാഹിത്യത്തിന് ചെലുത്താൻ കഴിയുന്ന മറ്റൊരു തരത്തിലുള്ള സ്വാധീനം കൂടി ഉണ്ടെന്ന് കാൽവിനോ കരുതുന്നു, ഒരുപക്ഷേ നേരിട്ടുള്ളതല്ല, പക്ഷേ എഴുത്തുകാരന്റെ ഭാഗത്ത് നിന്നും മനഃപൂർവം ഉണ്ടാകേണ്ടതാണ്. വസ്‌തുതകളുടെ പരസ്പര ബന്ധത്തിന്റെ ,മാനസിക പ്രയത്‌നത്തിന്റെ ,ഭാവനയുടെ , ഭാഷയുടെ മാതൃകകൾ അടിച്ചേൽപ്പിക്കാനുള്ള കഴിവാണത്. അതേ സമയം സൗന്ദര്യാത്മകവും ധാർമ്മികവുമായ മൂല്യങ്ങളുടെ ഒരു മാതൃക സൃഷ്ടിക്കൽ ഏത് പ്രവർത്തന പദ്ധതിയിലും അനിവാര്യമാണ്.അത് രാഷ്ട്രീയ ജീവിതത്തിൽ അത്യന്താപേക്ഷിതമാണ്.

സാഹിത്യം നേടുന്ന ഏതൊരു ഫലവും രാഷ്ട്രീയഫലമാണ്. അത് കഠിനവും കർക്കശവും ആയിരിക്കുന്നിടത്തോളം, ലോകത്തിന്റെ ക്രമക്കേട് ഉൾക്കൊള്ളാൻ കഴിയുന്ന ദൃഢവും സങ്കീർണ്ണവുമായ ഒരു മാനസിക ക്രമം നിർമ്മിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും എല്ലാ പ്രായോഗിക പ്രവർത്തനങ്ങൾക്കും ഉറച്ച അടിത്തറയായി അതിനെ മാറ്റാവുന്നതാണ്. മറിച്ച് ഒരു രീതി ,സൂക്ഷ്മവും വഴക്കമുള്ളതുമായ ഒരു രീതി, സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന ആർക്കും അതിലും വിജയിക്കാം. രണ്ട് ശരിയായ ഉപയോഗങ്ങളെക്കുറിച്ച് സംസാരിച്ച കാൽവിനോയ്ക്ക് മൂന്നാമത്തേ ഒന്നിനെക്കൂടി തിരിച്ചറിയാൻ കഴിഞ്ഞു. അത് സാഹിത്യം സ്വയം പരിഗണിക്കുന്ന വിമർശനാത്മക രീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു കാലത്ത് സാഹിത്യം ലോകത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയായോ അല്ലെങ്കിൽ വികാരങ്ങളുടെ നേരിട്ടുള്ള പ്രകടനമായോ കണക്കാക്കപ്പെട്ടിരുന്നെങ്കിൽ, ഇന്ന് ആ കാഴ്ചപ്പാട് മാറിയിരിക്കുന്നു. സാഹിത്യം പോലെ രാഷ്ട്രീയവും എല്ലാറ്റിനുമുപരിയായി സ്വയം അറിയുകയും സ്വയം അവിശ്വസിക്കുകയും വേണം. നമ്മുടെ രോഗത്തെക്കുറിച്ചോ നമ്മുടെ മറഞ്ഞിരിക്കുന്ന ഉദ്ദേശ്യങ്ങളെക്കുറിച്ചോ ബോധവാന്മാരാകുമ്പോൾ, നാം അവയിൽ നിന്ന് രക്ഷപെടാൻ തുടങ്ങിയിരിക്കുന്നു. നമ്മുടെ ഉദ്ദേശ്യങ്ങളെ നാം സ്വീകരിക്കുകയും തുടർന്നുണ്ടാകുന്ന പ്രതിസന്ധികളെ അതിജീവിക്കുകയും ചെയ്യുന്ന രീതിയാണ് പ്രധാനം. നമ്മൾ ആയിരിക്കുന്ന രീതിയിൽ നിന്ന് വ്യത്യസ്തരാകാനുള്ള ഒരേയൊരു അവസരമാണത്. അതായത്, ഒരു പുതിയ വഴി കണ്ടുപിടിക്കാൻ തുടങ്ങുന്നതിനുള്ള ഒരേയൊരു മാർഗ്ഗം , അതാണ് സാഹിത്യത്തിന്റെ രാഷ്ട്രീയമായ ഉപയോഗം. അത് തിരിച്ചറിഞ്ഞ ഒരെഴുത്തുകാരനാണ് എം.മുകുന്ദൻ. ജീവിതത്തിലേക്കു വലിച്ച് എറിയപ്പെട്ട മനുഷ്യരുടെ മനസ്സ് കണ്ടെത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. മയ്യഴിയുടെ മക്കളുടെ ആത്മാവബോധത്തിന്റെ കഥയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിൽ അദ്ദേഹം പറയുന്നത്. ദാസന്റെ പിറവിക്കു മുമ്പും പിറവിക്കു ശേഷവും മയ്യഴിയുടെ മക്കൾ എന്ന പ്രയോഗം നോവലിസ്റ്റ് ആവർത്തിച്ചു ഉപയോഗിക്കുന്നു.

എം. മുകുന്ദൻ മലയാളത്തിലെ മികച്ച സ്ഥലചിത്രീകരണ നോവലിസ്റ്റുകളിൽ ഒരാളാണ്. ഭൂഭാഗത്തെ “വാക്കുകൾ കൊണ്ട് നിർമ്മിക്കുന്നവൻ “ എന്നു അദ്ദേഹത്തെ വിളിച്ചാൽ പോലും തെറ്റില്ല. ഇവിടെ മയ്യഴിയുടെ ഭൂപടത്തെ പുനരാലേഖനം ചെയ്യുകയാണ് നോവലിസ്റ്റ് . മയ്യഴിയുടെ മക്കളുടെ ജീവിതരീതികളെയും അവരുടെ മാനസിക-സാമൂഹിക-സാമ്പത്തിക യാഥാർത്ഥ്യങ്ങളെയും മയ്യഴിയുടെ ഗതാഗത രീതികൾ, കൃഷി, വീടുകൾ, റോഡുകൾ, പാതകൾ, ചുവരുകൾ, വിവാഹ ആചാരങ്ങൾ, ബന്ധുത്വ സമ്പ്രദായങ്ങൾ, പ്രാദേശികാചരണങ്ങൾ, പെരുന്നാളും തിറയും, തിറ കെട്ടും മന്ത്രവാദവും എല്ലാം നോവലിൽ വരച്ചിടുന്നു. ഇടവിട്ടു നാട്ടിയ മരക്കാലുകളിൽ എണ്ണവിളക്കുകൾ മുനിഞ്ഞു കത്തുന്ന മയ്യഴിയിലെ നിരത്തുകൾ . അതിലെ മയ്യഴിയുടെ മക്കൾ അനുസരണയുള്ള കുഞ്ഞാടുകളെ പോലെ നടന്നു . അവർ അദ്ധ്വാനിക്കുകയും തിന്നുകയും ഉറങ്ങുകയും മാത്രം ചെയ്യുന്ന വളർത്തുമൃഗങ്ങളായിരുന്നു. അങ്ങനെയിരിക്കെ ജീവബീജത്തിന്റെ നിറവും ക്രൗഞ്ച ദ്വീപിന്റെ നിശബ്ദതയുമാർന്ന ഒരു പ്രഭാതത്തിൽ ദാസൻ ജനിച്ചു . അപ്പോൾ ജന്മങ്ങൾക്കിടയിലെ ആത്മാക്കളുടെ വിശ്രമസ്ഥലമായ വെള്ളിയാങ്കല്ലിൽ നിന്ന് ഒരു തുമ്പി മയ്യഴിയിലേക്കു പറന്നു വന്നു. ദാസൻ വളർന്നു അവന് സ്കൂളിൽ പോകുവാൻ ധൃതിയായി. അറിവിനു വേണ്ടിയുള്ള അസഹ്യമായ ദാഹം. ഒരിക്കൽ അവൻ സ്കൂളിലേക്ക് നിരത്തിലൂടെ നടന്നു. നിരത്തുകളുടെ സംഗമസ്ഥലത്ത് എങ്ങോട്ട് പോകണം എന്നറിയാതെ അവൻ നിന്നു . ഒരു കൊല്ലം കടന്നുപോയി. ഇന്ന് എങ്ങോട്ട് പോകണമെന്നറിയാതെ ദാസനു നട്ടം തിരിയേണ്ടി വരില്ല. പിന്നെപ്പിന്നെ സ്കൂളിലേക്കു പോകുന്ന വഴി അവൻ കടപ്പുറത്തു ചെന്നു വെള്ളിയാങ്കല്ല് നോക്കി നിന്നു . അതിനു മുകളിൽ തുമ്പികളെ പോലെ പറന്നു കളിക്കുന്ന ആത്മാവുകൾ .

ഫ്രഞ്ച് അധീനതയിലായിരുന്നു അന്ന് മയ്യഴി . സായ്വ്മാരെ അവിടെ നിന്നോടിച്ച് മയ്യഴിയെ മണ്ണിന്റെ മക്കളുടേതാക്കണമെന്ന ആഗ്രഹം ദാസനുണ്ടായി. പോണ്ടിച്ചേരിയിലെ പഠിത്തം അവസാനിച്ചു നാട്ടിലെത്തിയ ദാസൻ ഫ്രാൻസിൽ പോകാനും സെക്രത്താരിയിലെ ഉദ്യോഗം സ്വീകരിക്കാനും തയ്യാറായില്ല. അതുകൊണ്ട് അവന്റെ അച്ഛന്റെയും അമ്മയുടെയും സന്തോഷത്തിന് ആയുസ്സുണ്ടായില്ല. ദാസൻ നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന് കുഞ്ഞനന്തൻ മാസ്റ്റർ പണ്ട് പറഞ്ഞത് അവർ അപ്പോൾ ഓർത്തിട്ടുണ്ടാവണം. ദാസനെ പഠിപ്പിക്കുവാൻ കഴിഞ്ഞത് മാസ്റ്റർ ഒരു ഭാഗ്യമായി കരുതി. അവനെ വായിക്കാൻ പ്രേരിപ്പിച്ചതും കുഞ്ഞനന്തൻ മാസ്റ്ററായിരുന്നു. മറ്റുള്ളവരുടെ വേദന പങ്കിടാൻ ദാസനു കഴിഞ്ഞു. പക്ഷേ, ദാസന്റെ വേദനയോ? മയ്യഴിയുടെ വേദന മാറുമ്പോൾ മാത്രം ദാസന്റെ വേദന മാറും. തൻറെ നാടിൻറെ സൗഭാഗ്യമാണ് ദാസന്റെ സൗഭാഗ്യം . മയ്യഴിയുടെ സ്വാതന്ത്ര്യമായിരുന്നു ദാസന്റെ ആഗ്രഹം. താൻ ജീവിക്കുന്നു എന്ന ചിന്തയിൽ കോരിത്തരിച്ച് അസ്തിത്വത്തെക്കുറിച്ച് ബോധവാനായി അതിന്റെ ആഹ്ലാദത്തിൽ ശ്വാസം മുട്ടിയാണ് മാസ്റ്റർ മരിച്ചത്. വെള്ളക്കാര് മയ്യഴി വിടുന്നതു കാണാനുള്ള യോഗം മാസ്റ്റർക്കുണ്ടായില്ല. കമ്മ്യൂണിസം ഹ്യൂമനിസമാണ് എന്നു വിശ്വസിച്ച ദാസൻ കലാപകാരികളെ നയിച്ചു. മയ്യഴി സ്വതന്ത്രമായി. ജയിൽ മുക്തനായ ദാസന് വീടു നഷ്ടപ്പെട്ടു. ദാസന്റെ കഥ മനുഷ്യവിധിയുടെ കഥയാണ്. മയ്യഴിയുടെ മക്കൾക്കു മുഴുവൻ അറിയാമായിരുന്നു ദാസന്റെയും ചന്ദ്രികയുടെയും കഥ. ചന്ദ്രികയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിലെ മനുഷ്യവിധിയുടെ മറ്റൊരുദാഹരണം.ദാസൻ ജയിലിലായിരുന്നപ്പോൾ അയാളെ വന്നു കാണുവാൻ ആർക്കും അധികാരമുണ്ടായിരുന്നില്ല.ആരുതന്നെ വന്നില്ലെങ്കിലും ചന്ദ്രിക വരുമായിരുന്നില്ലേ ? എന്ന് ദാസൻ ഓർക്കുന്നുണ്ട്.ജയിലിൽ ആയിരുന്നപ്പോൾ ദാസനു ചിന്തിക്കുവാൻ നിരവധി കാര്യങ്ങൾ ഉണ്ടായിരുന്നു.എന്നാൽ അവൾക്ക് ദാസനെ കുറിച്ച് മാത്രമേ ചിന്ത ഉണ്ടായിരുന്നുള്ളൂ. ദാസൻ നിർഭാഗ്യവാനായിരുന്നു.അയാളുമായി ബന്ധപ്പെടുന്നവരിലേക്ക് പോലും ദുരന്തം പടരുകയായിരുന്നു .ദാസൻ ഏതെങ്കിലും ഉയർന്ന ഉദ്യോഗം സ്വീകരിച്ച് അന്തസ്സോടെ ജീവിക്കുകയായിരിക്കും എന്ന് കരുതിയ ഭരതന് നിരാശയാണ് ഉണ്ടായത്. ജീവിത കാലം മുഴുവൻ കടലിൽ കിടന്നു കഷ്ടപ്പെട്ട അയാൾക്ക് തന്റെ മകൾ ചന്ദ്രികയെ ദാസന്റെ കയ്യിൽ ഏൽപ്പിക്കുവാൻ ധൈര്യമുണ്ടായില്ല. ദാസന് പിന്നിൽ ചന്ദ്രികയുടെ വീട് അടഞ്ഞു കിടന്നു .അവളുടെ വിവാഹ നിശ്ചയ വാർത്ത അറിഞ്ഞപ്പോൾ ചന്ദ്രികയെ നഷ്ടപ്പെടുന്ന നിമിഷത്തിൽ ഭൂമി പിളരുന്നതും സൂര്യൻ പൊട്ടിത്തെറിക്കുന്നതും കാണുവാൻ അയാൾ ആഗ്രഹിച്ചു.വെള്ളിയാങ്കല്ലിൽ കണ്ണ് നട്ടു കൊണ്ട് അവിടെ അരിപ്രാവുകളെ പോലെ വിഹരിക്കുന്ന മനുഷ്യാത്മാക്കളെ അയാൾക്ക് കാണാമായിരുന്നു.ദാസന് മാത്രം കാണാൻ കഴിയുന്ന ഒരു ലോകത്തിലേക്ക് ചന്ദ്രിക പോയി.ആത്മാവുകൾ തുമ്പികളെ പോലെ പാറി നടക്കുന്ന വെള്ളിയാങ്കല്ലിലേക്ക് .ദാസനും അവിടേക്ക് പോയി .അവിടെ പാറി നടക്കുന്ന തുമ്പികളിൽ ഒന്നായി ദാസനും മാറി.

യഥാർത്ഥത്തിൽ സ്വന്തമായ ഒരു ജീവിതം ദാസന് ഉണ്ടാകാതെ പോയതെന്തു കൊണ്ടാകാം എന്ന ചോദ്യം അവശേഷിക്കുന്നു. ദാസൻ ആഗ്രഹിച്ച സ്വാതന്ത്ര്യം അത് സ്പർശിക്കുന്ന എല്ലാറ്റിനെയും സ്വാധീനിക്കുന്ന ഒരു സ്വയം-പ്രചോദന ശക്തിയായി ‘പുനർനിർണ്ണയിക്കപ്പെടാം’ എന്നതാണ് സത്യം. എന്നാൽ അത് കേവലം ഒരു ആശയമായി, മാനസിക ഘടനയായി, സങ്കീർണ്ണമായ സാമൂഹിക യാഥാർത്ഥ്യങ്ങളെക്കുറിച്ച് ദാസന്റെ ചിന്തയെ സംഘടിപ്പിക്കാൻ സഹായിക്കുന്ന ഒരു ചട്ടക്കൂട്ടായി മാറിയില്ല. ദാസനെ കീഴടക്കിയ ശൂന്യതാബോധം ആധുനികതയുടെ സവിശേഷതയായിരുന്നു. ശുഭാപ്തിവിശ്വാസവും പാരമ്പര്യാനന്തര ചിന്തകൾ വളർത്തിയെടുക്കുന്ന അന്തർലീനമായ സംശയവും വ്യക്തിയെ നിരാശനാക്കി. ആധുനിക ജീവിതത്തെ വർഗ്ഗീകരിക്കുന്നതിന്റെയും ക്രമപ്പെടുത്തുന്നതിന്റെയും യുക്തിസഹമാക്കുന്നതിന്റെയും ഉദ്ദേശിക്കാത്ത പ്രത്യാഘാതങ്ങൾക്കൊപ്പം അവ സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ വെട്ടിമാറ്റി.ശാസ്ത്രവും സാങ്കേതികവിദ്യയും ജനാധിപത്യ രാഷ്ട്രീയവും പോലുള്ള നേട്ടങ്ങളിൽ ആധുനികതയെ കാണാൻ കഴിയുമെങ്കിലും, അത് ദൈനംദിന ജീവിതത്തിന്റെ പതിവുകളെയും ആഴത്തിൽ ബാധിച്ചു. ‘ഞാൻ ആരാണ്?’ എന്ന സ്വത്വ സംബന്ധിയായ ചോദ്യം ആധുനികതയിൽ ഉന്നയിക്കപ്പെട്ടു. ദാസനും സ്വത്വത്തെക്കുറിച്ചു ആകുലനാകുന്നു.അവന്റെ നിസ്സംഗതയുടെ കാരണം അവന്റെ ബോധമാണ്. അവന്റെ ജീവിതകാലം മുഴുവൻ അവൻ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിച്ചു. സ്വാതന്ത്ര്യം യാഥാർത്ഥ്യമല്ല എന്നവൻ ഒടുവിൽ തിരിച്ചറിഞ്ഞു. വീട്ടിലുള്ളവരെ വേദനിപ്പിച്ചതുപോലെ യാഥാർത്ഥ്യബോധം അവനെ വേദനിപ്പിക്കുന്നില്ല. അവൻ മറ്റൊരു ജീവിതം സ്വീകരിക്കുന്നു . മരണത്തിന്റെ സാധ്യത അവനെ ഉണർത്തി. ദാസൻ കാണിച്ച അത്ഭുതം സ്വാതന്ത്ര്യമല്ല, മരണമായിരുന്നു. അയാളുടെ വേദനയുടെ ഉറവിടം അയാളിൽത്തന്നെ അയാൾ കണ്ടു. അയാൾ അവധൂതനായിരുന്നു. ദാസനെ അന്വേഷിച്ചു വരുന്ന അച്ചു കടൽക്കരയിൽ അയാൾ എന്നും ഇരിക്കാറുള്ള സ്ഥലത്തെത്തി . ആ സ്ഥലം ഒഴിഞ്ഞു കിടന്നിരുന്നു. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ദാസന്റെ ജീവിതവിജയത്തിനുള്ള എണ്ണമറ്റ സാധ്യതകൾ സങ്കൽപ്പിക്കാവുന്നതാണ്. ദാസന്റെ ആഗ്രഹങ്ങളിൽ ഒരു ചെറിയ ശതമാനം മാത്രമേ സാക്ഷാത്കരിക്കപ്പെടുന്നുള്ളു.

ആധുനിക ആത്മനിഷ്ഠത, ജീവിതത്തിന്റെ യഥാർത്ഥ സങ്കീർണ്ണതയ്ക്കായി സാങ്കൽപ്പിക സാധ്യതകൾ സ്വീകരിച്ച്, വിഷാദത്തിനും ആകർഷണീയതയ്ക്കും ഇടയിൽ ആന്ദോളനം ചെയ്യുന്നു. ഈ സാധ്യതകൾ തിരിച്ചറിയാൻ ലോകം വിസമ്മതിക്കുമ്പോൾ വ്യക്തി മരണത്തെ സ്വീകരിക്കുന്നു.ദാസൻ മരണത്തെ സ്വീകരിച്ചു.ഒരു മനുഷ്യന്റെ യഥാർത്ഥ വിധിയിൽ പിടിമുറുക്കാൻ അയാളെ അനുവദിക്കുക, അതേ ദാസൻ ചെയ്തുള്ളു.അത്തരം വ്യക്തികളുടെ വിധി പ്രത്യേക സാമൂഹികമോ ചരിത്രപരമോ ആയ സാഹചര്യങ്ങളിൽ ചില മനുഷ്യരുടെ അവസ്ഥയാണ്. അവരുടെ ഏകാന്തതയ്‌ക്കപ്പുറവും മറ്റ്‌ മനുഷ്യരുടെ പൊതുജീവിതവും കലഹവും കൂട്ടുകെട്ടും പഴയതുപോലെ തന്നെ തുടരുന്നു. ഒറ്റവാക്കിൽ പറഞ്ഞാൽ, അവരുടെ ഏകാന്തത ഒരു പ്രത്യേക സാമൂഹിക വിധിയാണ്, ഒരു സാർവത്രിക അവസ്ഥയല്ല . ഒരു മനുഷ്യനെ അവന്റെ സ്വഭാവം കൊണ്ടോ ജീവിതസാഹചര്യങ്ങൾ കൊണ്ടോ പ്രതിഷ്ഠിച്ചേക്കാവുന്ന ഒരു പ്രത്യേക സാഹചര്യമാണ്. വെള്ളിയാങ്കല്ലിൽ നിന്നു വന്ന ആത്മാവാണ് ദാസൻ. അയാൾ വെള്ളിയാങ്കല്ലിലേക്ക് തന്നെ തിരിച്ചു പോകുന്നിടത്ത് നോവൽ അവസാനിക്കുന്നു. ആധുനിക നോവലിന് യഥാർത്ഥ “ആരംഭം” ഇല്ല, കാരണം അത് അനുമാനത്തിന്റെയും കൂട്ടുകെട്ടിന്റെയും ഒരു പ്രക്രിയയിലൂടെ ക്രമേണ സ്വയം പരിചിതമാകുന്ന അനുഭവത്തിന്റെ ഒഴുക്കിലേക്ക് നമ്മെ വീഴ്ത്തുന്നു; അതിന്റെ അവസാനം സാധാരണയായി “തുറന്നതോ” അവ്യക്തമോ ആണ്, ഇത് കഥാപാത്രങ്ങളുടെ അന്തിമ വിധിയെക്കുറിച്ച് വായനക്കാരനെ സംശയത്തിലാക്കുന്നു. ആഖ്യാന ഘടനയുടെയും ഐക്യത്തിന്റെയും കുറവ് നികത്താൻ, സൗന്ദര്യാത്മക ക്രമപ്പെടുത്തലിന്റെ ബദൽ രീതികൾ നോവലിസ്റ്റ് സ്വീകരിക്കുന്നു. ഇത്തരം നിഗമനങ്ങളെയെല്ലാം മയ്യഴിപ്പുഴയുടെ തീരങ്ങളിൽ തകർത്തു കളയുന്നു. നോവലിലൊരിടത്ത് കാലത്തിന്റെ സന്ദേശങ്ങൾ വിളിച്ചു പറഞ്ഞു കൊണ്ട് കടൽക്കാറ്റ് വീശിക്കൊണ്ടിരുന്നു എന്നു പറയുന്നുണ്ട്. അതുപോലെ കാലത്തിന്റെ സന്ദേശങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് അരനൂറ്റാണ്ടായി നോവൽ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ മലയാളികൾ വായിച്ചുകൊണ്ടേയിരിക്കുന്നു.

ഡോക്ടർ തോമസ് സ്കറിയ ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments