സിദ്ധാർത്ഥ് ഒരു തുടർക്കഥയാകുമോ ?
കാടകത്തിൻ്റെ വന്യതകളിലേക്ക് വളരെ തനിമയോടെ ഇറങ്ങിച്ചെല്ലുക, വന്യജീവികളുടെ വിവിധ രൂപങ്ങളെ അവയുടെ സ്വാഭാവികമായ ആവാസ വ്യവസ്ഥയിൽ രേഖപ്പെടുത്തുന്ന ഫോട്ടോഗ്രാഫിയിൽ അടിക്കുറിപ്പിടുക, അതിൽ ആകൃഷ്ടനാവുക, എന്നെങ്കിലുമൊരിക്കൽ ഒരംഗീകാരം ലഭിക്കുക.. അങ്ങനെയൊരു മോഹം ഉള്ളിൽ വച്ച് താലോലിച്ച് പ്രാവർത്തികമാക്കുക ! സാധാരണ ഒരു വിദ്യാർത്ഥിയിൽ നിന്നും തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകളും ആഗ്രഹങ്ങളും കഴിവുകളും ഒക്കെ ഉള്ള വെറും ഇരുപത് വയസ്സ് മാത്രം പ്രായമുള്ള കോളേജിലും ഹോസ്റ്റലിലും ഒക്കെ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധനേടിയ ഒരു പാവം കുട്ടിയുടെ ചിത്രമാണ് നമ്മുടെയൊക്കെ ഉള്ളിൽ പരക്കെ കേട്ട വാർത്തകളിൽ നിന്നും ആ കുട്ടിയുടെ മാതാപിതാക്കളിൽ നിന്നും കേട്ടറിഞ്ഞ വിവരങ്ങളിൽ നിന്നും ഒക്കെ സിദ്ധാർത്ഥ് എന്ന പയ്യൻ.
യൂണിവേഴ്സിറ്റി ഫോട്ടോഗ്രാഫറും, ഫ്രോഗ് സർവെയറും , കോളേജിലും ഹോസ്റ്റലിലുമൊക്കെ പാറി നടന്ന് എല്ലാ കാര്യങ്ങളിലും ഇൻവോൾവ് ആയി അത്രയും ഊർജ്ജസ്വലതയോടെ പെരുമാറിയിരുന്ന കുട്ടി ? “എനിക്ക് കുറച്ചു കാര്യങ്ങൾ കൂടി ചെയ്തു തീർക്കാനുണ്ട് ,സമയം തികയുന്നില്ല അമ്മേ …യെന്ന് വിശേഷം ചോദിച്ചപ്പോൾ അമ്മയോട് പരിഭവം പറഞ്ഞ കുട്ടി, വാലന്റൈൻസ് ഡേയിൽ സീനിയർ വിദ്യാർത്ഥികൾക്കൊപ്പം ആടിപ്പാടി പ്രണയദിനം ആഹ്ളാദപൂർവ്വം പങ്കുവച്ച കുട്ടി.. തൊട്ടടുത്ത നാലു ദിവസങ്ങൾക്കകം എങ്ങും കേട്ട് കേൾവിപോലുമില്ലാത്ത അത്രയുംപൈശാചികമായ അനുഭവങ്ങളിലൂടെ കടന്നുപോയി സ്വന്തം മരണം ഒരു ശുചിമുറിയിൽ നിന്നും ഏറ്റുവാങ്ങിയത് എന്തിന്?
ആ ചോദ്യത്തിന് ഒരു മുഴക്കമുണ്ട് . അങ്ങ് ചക്രവാളങ്ങളോളം പ്രതിധ്വനിക്കുന്ന പ്രകമ്പനം? നേരിന്റെ മുഖങ്ങളെ ചുട്ടുകരിക്കുന്ന വൈദ്യുതി തരംഗങ്ങൾ അതിലടങ്ങിയിട്ടുണ്ട്. അവിടേക്കാണ് നീതിയുടെ, ന്യായത്തിന്റെ വായുസഞ്ചാരം നിർബ്ബന്ധമായും നിറഞ്ഞു കവിയേണ്ടത്.
വാലന്റൈൻസ് ഡേ കഴിഞ്ഞുള്ള ആ ഹോസ്റ്റൽ അന്തരീക്ഷമാണ്, നേരിയ ചലനങ്ങൾ പോലുമാണ് സത്യത്തിന്റെ കഥകൾ കൈമാറേണ്ടത്.
ദുരൂഹ മരണങ്ങൾ നിശ്ശബ്ദമായും വയലൻ്റ് ആയും നാം കേട്ടറിഞ്ഞതിനും തിരക്കിയറിഞ്ഞതിനും തേടിപ്പിടിച്ചതിനും അന്വേഷിച്ചിറങ്ങുന്നതിനുമൊക്കെ അപ്പുറം സന്ദേഹത്തിന്റെ നിഴലുകളിൽനമ്മുടെ കൺമുന്നിലൂടെ കടന്നുപോകുമ്പോൾ എപ്പോഴും ഉന്നത തലങ്ങളിലെ ബന്ധപ്പെട്ടവരുടെ അന്വേഷണങ്ങളെയും വിധി ന്യായങ്ങളെയും ഒക്കെ കീഴ് മേൽ മറിച്ച് നമ്മൾ മനുഷ്യന്മാരുടെ മനസ്സിൽ കുറച്ചു സംശയങ്ങൾ ബാക്കിയാവും. ഉള്ളുകൊണ്ടെങ്കിലും കുറച്ചു ചോദ്യങ്ങൾ അവർ സ്വയം ചോദിക്കും . ഉത്തരം കണ്ടെത്തും. ന്യായങ്ങൾ നിരത്തും.. കുറച്ചുപേർക്കെങ്കിലും വിധിയെഴുതും. ശിക്ഷകൾ അളന്നു കുറിച്ച്
തിട്ടപ്പെടുത്തും. അങ്ങനെ സ്വയം സമാധാനിക്കും.
എന്നാൽ ഇവിടെ ഒരു അമ്മയുടെയും അച്ഛന്റെയും തീരാനൊമ്പരത്തിന് , വെറും ഇരുപത് വയസ്സ് മാത്രം പ്രായമുള്ള തികച്ചും ആകസ്മികമായി നടന്ന സ്വന്തം മകൻ്റെ ആത്മഹത്യയെന്നോ കൊലപാതകമെന്നോ വ്യക്തതയില്ലാത്ത മരണത്തിന്, നീതി തേടിയുള്ള അവരുടെ പരക്കം പാച്ചിലിന് ഒക്കെ പിന്നിൽ മനുഷ്യ മനസ്സാക്ഷിയെ നടുക്കുന്ന ഒട്ടനവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒറ്റചങ്കുപോലെ ഒപ്പം നടന്നവർ, ആ അമ്മ ഒരുമിച്ച് ഊട്ടിയവർ, മകനോടൊപ്പം ഉറങ്ങിയ അവൻ്റെ ഉറ്റ ചങ്ങാതിമാർ ഒക്കെ ചേർന്ന് അവനെ ചതിക്കുമെന്ന് ആ അമ്മയും മകനും ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമോ ? അവസാന നിമിഷങ്ങളിലും ആ കുട്ടിയെ നീറ്റിച്ചിട്ടുണ്ടാവുക !ചങ്ക് പറിച്ചു കൊടുത്ത ചങ്ങാതിമാരുടെ നിഷ്കരുണമായ പെരുമാറ്റങ്ങൾ ആയിരുന്നിരിക്കില്ലേ ,? ശരീരത്തിനേറ്റ പ്രഹരങ്ങളേക്കാൾ ആ ഹൃദയത്തിനേറ്റ മുറിവിന്റെ ആഘാതം മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ആർക്കും
മനസ്സിലാക്കാൻ സാധിക്കും.
മരിച്ചവരും കൊന്നവരും ഒക്കെ നമുക്ക് ഒരുപോലെ വേണ്ടപ്പെട്ടവരാണ് .പക്ഷേ… അപ്പോഴും തമ്മിൽ ദഹിക്കാത്ത ഒരു ചോദ്യമുണ്ട് !ഇത്രയും വൈരാഗ്യം, പക, മൃഗീയത, അസൂയ ഒക്കെ കുട്ടികളെ നിങ്ങളിൽ എങ്ങനെ ഉടലെടുത്തു. സ്വന്തം സഹോദരങ്ങൾ പോലും ഇല്ലാത്തവരാണോ നിങ്ങൾ ? അച്ഛനമ്മമാരും നല്ല ഗൃഹാന്തരീക്ഷവും ഇല്ലാത്തവരാണോ ?.. ഒരേ മനസ്സും ഒരേ വിയർപ്പും ഒരേ രക്തവുമായി ചങ്ങാതിമാർ കൂട്ടുകൂടി നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു.
കഷ്ടം..ഹാ!… ഒപ്പം കണ്ടുനിന്ന ചങ്ക് ചങ്ങാതിമാരെ… സഹപാഠികളെ …നിങ്ങൾ ഒറ്റക്കെട്ടായി ചങ്ക് പറിഞ്ഞ് ഒന്നു കൂകി വിളിച്ചിരുന്നെങ്കിൽ! ഒന്ന് അലറി കരഞ്ഞിരുന്നെങ്കിൽ …(നെഞ്ച് വിരിച്ചു നിൽക്കേണ്ട നാളത്തെ തലമുറയുടെ ധൈര്യമൊക്കെ എവിടെയാണ് ചോർന്നു പോയത് മക്കളെ ?.)..
ആ ഒരു ജീവൻ ഇന്നീ ഭൂമിയിൽ ഉണ്ടാകുമായിരുന്നു. ഒരു വീടിന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ അങ്ങ് ആകാശത്തോളം മുളയ്ക്കുമായിരുന്നു.
ഭാവിയുടെ നിലയ്ക്കാത്ത സ്വപ്നങ്ങളും പ്രതീക്ഷകളും നെഞ്ചിലേറ്റി എനിക്ക് പഠിക്കണം എന്ന ഒറ്റ ചിന്തയുമായി ക്യാമ്പസുകളിൽ ചെന്നെത്തുന്ന, ഹോസ്റ്റലുകളിൽ താമസിക്കുന്ന കുട്ടികളുടെ ഓരോ ചലനങ്ങളും വീക്ഷിക്കാനുള്ള അതാത് സെക്ഷനുകളിലെ ചുമതലക്കാരും ,അവരെ നല്ല മൂല്യ ഗുണങ്ങളും വ്യക്തിത്വബോധവുമുള്ള യുവതിയുവാക്കളായി വാർത്തെടുത്ത് നാടിന്റെ അഭിമാനമാക്കി തീർക്കേണ്ട ഗുരുസ്ഥാനീയരും ഇന്നിൽ എവിടെ മറഞ്ഞു പോയി ?
സ്ഥാനമാനങ്ങളെ, സ്വന്തമിരിപ്പിടങ്ങളെ രക്ഷിക്കാൻ വേണ്ടി ഉള്ളിലെ എല്ലാ മൂല്യങ്ങളും വലിച്ചെറിഞ്ഞ് അന്ധരും,മൂകരും,ബധിരരുമായി രക്ഷകർ തന്നെ മാറിക്കഴിയുമ്പോൾ ഒരു കാമ്പസ് ഒറ്റക്കെട്ടായി നീതിക്ക് വേണ്ടി പോരാടേണ്ടിടത്ത് നിശ്ശബ്ദത വളരുന്നതിൽ അതിശയോക്തി കലരാനില്ല.
ഒരു കാര്യം സത്യം.. ആ അമ്മയുടെയും അച്ഛന്റെയും വേദന ഏറ്റുവാങ്ങിയ, ക്രൂരമർദ്ദനത്തിനും ആൾക്കൂട്ടവിചാരണയ്ക്കും അപമാനത്തിനും ഇരയായി വെള്ളം പോലും ഇറക്കാൻ പറ്റാത്ത അവസ്ഥയിൽ ഒരുപാട് നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ ആ കുട്ടിയുടെ നിസ്സഹായത ഹൃദയത്തെ പൊള്ളിച്ച മക്കളുള്ള ആരും ആഗ്രഹിക്കും ..ഉള്ളുകൊണ്ടെങ്കിലും അലറിവിളിക്കും ..മുഖം നോക്കാതെയുള്ള ആ മകൻ്റെ നീതിക്കും ന്യായത്തിനും വേണ്ടി.
“ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട”..
മാതാപിതാ ഗുരു ദൈവം എന്ന് പഠിപ്പിച്ച വിദ്യാലയങ്ങളേയും ഗുരുക്കന്മാരേയും ഓർത്തുകൊണ്ട്…
“സത്യമേവ ജയതേ”…
വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം.. നന്ദി, സ്നേഹം.