ന്യൂസിലാൻഡിൽ ക്രൈസ്റ്റ് ചർച്ച് മസ്ജിദിൽ 2019 മാർച്ച് 15 വെള്ളിയാഴ്ച നിസ്കാരത്തിനിടെ വെള്ളക്കാരനായ വംശീയവാദി വെടിയുതിർത്തു 51 പേർ കൊല്ലപ്പെട്ടതിന്റെ വാർഷിക ദിനമാണ് അന്താരാഷ്‌ട്ര ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കുന്നത് .
2023 മാർച്ച് 15 ന് യു എൻ നിർദേശ പ്രകാരം 140 രാജ്യങ്ങളാണ് പ്രഥമ ദിനാചരണത്തിന്റെ ഭാഗമായത് . ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ- ഓപറേഷന് (ഒ ഐ സി) വേണ്ടി പാക്കിസ്ഥാൻ അവതരിപ്പിച്ച പ്രമേയം അംഗീകരിച്ചാണ് ഇസ്‌ലാമോ ഫോബിയാ വിരുദ്ധ ദിനമായി ആചരിക്കാൻ യു എൻ പൊതുസഭ സമവായത്തിലൂടെ തീരുമാനമെടുത്ത്, 60 ഒ ഐ സി അംഗരാജ്യങ്ങളും പ്രമേയം അംഗീകരിച്ചു.എന്നാൽ ഇന്ത്യയും ഫ്രാൻസും വിട്ടു നിന്നത് ഏറെ ഗൗരവത്തോടെ കാണണം.
2004ൽ സെക്രട്ടറി ജനറൽ ആയിരുന്ന കോഫീ അന്നന്റെ നേതൃത്വത്തിൽ ഇസ്‍ലാമോഫോബിയക്കെതിരായ ഗവേഷണ – നയ രൂപവത്കരണ ശ്രമങ്ങൾ യു.എൻ ആരംഭിച്ചിരുന്നു. ഇസ്ലാമിക പണ്ഡിതൻ ഹുസൈൻ നസ്ർ ഐക്യരാഷ്ട്ര സഭയിൽ ഇസ്ലാമോഫോബിയയെക്കുറിച്ച് നടത്തിയ പ്രഭാഷണം ഇന്നും പ്രസക്തമാണ്.
തീവ്രവാദത്തെയും ഭീകരവാദത്തെയും മതവുമായോ വംശീയ വിഭാഗങ്ങളുമായോ ദേശീയതയുമായോ ബന്ധിപ്പിക്കാൻ പാടില്ലെന്ന് പ്രമേയത്തിൽ അടിവരയിടുന്നു . “ലോകത്തു ഇസ്‌ലാം വിഭാഗത്തോടുള്ള എതിർപ്പ് പകർച്ചവ്യാധിയുടെ തലത്തിലേക്ക്’ വ്യാപിച്ചതായി യു എൻ പ്രത്യേക പ്രതിനിധിയുടെ റിപോർട്ടിൽ പറയുന്നുണ്ട് . മാത്രമല്ല ഈ ജന വിഭാഗങ്ങൾ ന്യൂനപക്ഷമായ രാജ്യങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും വിദ്യാഭ്യാസം ആരോഗ്യം തൊഴിൽ ആരാധനാ ക്രമങ്ങൾ തുടങ്ങി സമസ്ത മേഖലകളിലും വിവേചനവും ചൂഷണവും അനുഭവിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്ന യാഥാർഥ്യമാണ്.
ഓക്സ്ഫഡ് ഇംഗ്ലീഷ് നിഘണ്ടു പ്രകാരം ഇംഗ്ലീഷിൽ ഇസ്‍ലാമോഫോബിയ എന്ന പദം ആദ്യമായി രേഖപ്പെടുത്തിയത് 1923ൽ ‘ദി ജേണൽ ഓഫ് തിയോളജിക്കൽ സ്റ്റഡീസ്’ എന്ന ഗവേഷണ പ്രസിദ്ധീകരണത്തിലാണ്. എന്നാൽ അഗ്വേലി അഥവാ അബ്ദുൽ ഹാദി അൽ അഖീലി എന്ന സ്വീഡിഷ് പെയിന്ററാണ് ഈ വാക്കിന്റെ ഉപജ്ഞാതാവ്. 2001 സെപ്റ്റംബർ 11 ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷമാണ് ലോക വ്യാപകമായി ഇത് ഒരു പൊതുപ്രയോഗമായി മാറിയത്.
റണ്ണിമെഡ് ട്രസ്റ്റ് എന്ന ബ്രിട്ടീഷ് സംഘടന 1997 ൽ ഈ പദത്തെ “ഇസ്‌ലാമിനോടുള്ള വെറുപ്പ് അതിന്റെ ഫലമായി മുസ്ലിംകളോടുള്ള ഭയവും അനിഷ്ടവും. രാഷ്ട്രത്തിന്റെ സാമ്പത്തിക സാമുഹിക പൊതു ജീവിതത്തിൽ നിന്നും മുസ്ലിംകളെ അവഗണിച്ചുകൊണ്ട് അവരോട് പ്രകടിപ്പിക്കുന്ന വിവേചനം” ഇതിന്റെ ഒരു രീതിയാണെന്ന് വ്യക്തമാക്കുന്നു . ഇസ്‌ലാമിനെതിരെയുള്ള വിമർശനങ്ങളെ ഒരു പ്രത്യേക പ്രത്യയശാസ്ത്രമായി പോലും മാറ്റാനുള്ള ശ്രമം ആഗോളതലത്തിൽ നിന്നുണ്ടാകുന്നു എന്നത് ഞെട്ടിപ്പിക്കുന്ന യാഥാർഥ്യമാണ് .
“ലോകത്തെ ഇരുനൂറ് കോടി മുസ്‌ലിംകൾ മനുഷ്യത്വത്തിന്റെ മഹനീയമായ വൈവിധ്യം പ്രതിഫലിപ്പിക്കുന്നുവെങ്കിലും അവർ പലപ്പോഴും മത വിദ്വേഷത്തിനും മുൻവിധിയോടെയുള്ള ആക്രമണങ്ങൾക്കും വിധേയമാകുന്നു” എന്നാണു അന്താരാഷ്ട്ര ഇസ്ലാമോഫോബിയ വിരുദ്ധ ദിനം പ്രഖ്യാപിച്ചുകൊണ്ട് യു എൻ സെക്രട്ടറി ജനറൽ ടെഡ്രോസ് അദാനോ ഗബ്രിയേസസ് പറഞ്ഞത്. മുസ്ലിം സ്ത്രീകൾ പല രൂപത്തിൽ മൂന്നിരട്ടി വിവേചനത്തിന് ഇരയാകുന്നുണ്ടെന്നും . സംവാദവും മത സൗഹാർദ്ദവും പ്രോത്സാഹിപ്പിക്കുന്നതിന് ഒന്നിച്ച് പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള മത നേതാക്കളോട് യു.എൻ മേധാവി നന്ദി അറിയിച്ചു.
ഇത്രയധികം സമാധാനവും മാനുഷികതയും അവകാശങ്ങളും പഠിപ്പിക്കുന്ന മതത്തെ ഇത്രയധികം തെറ്റിദ്ധാരണക്കു കാരണമായതിനെക്കുറിച്ചുള്ള ചർച്ചകൾ ഉയർന്നു വരേണ്ടിയിരിക്കുന്നു. ഭീകരവാദികളും തീവ്ര വാദികളിലും പകുതിയോളം ഈ മതത്തിൽ പെട്ടവർ ഉൾപെടുകയോ സാഹചര്യങ്ങൾ അതിനിടവരുത്തുകയോ ചെയ്യുന്നത് കൊണ്ട് മാത്രമല്ല ഇസ്ലാമോഫോബിയ ഉയർന്നു വന്നതെന്ന് ഉറപ്പിച്ചു പറയാം. അതിൽ മറ്റു ചില കാരണങ്ങളും ഉണ്ട് . മറ്റു സംസ്കാരങ്ങളുമായി ഇസ്ലാമിന് ഒരു പൊതുമൂല്യവും അവകാശപ്പെടാനില്ലെന്നും പാശ്ചാത്യരുമായി താരതമ്യം ചെയ്യുമ്പോൾ അക്രമോല്സുക രാഷ്ട്രീയ പ്രത്യശാസ്ത്രപരമായ ഒരു കൂട്ടം മാത്രമാണ് ഇസ്ലാമെന്നുമാണ് ഇസ്ലാമോഫോബിയ ഉയർത്തുന്നവരുടെ മുൻവിധി.ഇത്രയധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു മതവും ലോകത്തിലില്ല .ലോക ജനസംഖ്യയുടെ 24.9 ശതമാനം പ്രതിനിധാനം ചെയ്യുന്ന ഇസ്‌ലാം, ക്രിസ്തുമതം കഴിഞ്ഞാൽ ലോകത്തെ രണ്ടാമത്തെ മതമാണ്. ദിവസം അഞ്ചു നേരം ആരാധനയുടെയും ആഴ്ചയിൽ ഒരു ദിവസം കൃത്യമായി ആരാധനാലയത്തിൽ ഒരുമിച്ചു കൂടുകയും വർഷത്തിലൊരിക്കൽ ലോകം മുഴുവൻ ഒരിടത്തു സംഗമിക്കുകയും വർഷത്തിൽ ഒരു മാസം വൃതമനുഷ്ഠിക്കുകയും ചെയ്യുന്ന ഇത്രയധികം കെട്ടുറപ്പുള്ള പകരം വെക്കാനില്ലാത്ത വേദ ഗ്രന്ഥവുമുള്ള ഒരു മതത്തെ ഇത്രയധികം ദുർവ്യാഖ്യാനങ്ങൾക്കു വിധേയമാക്കിയത് എന്തുകൊണ്ടെന്ന് ഈ ദിനം ചർച്ച ചെയ്യണം.
ഇന്ത്യയിൽ അടുത്ത കാലത്ത് സർക്കാറിന് സമർപ്പിക്കപ്പെട്ട സച്ചാർ സമിതി റിപ്പോർട്ട് പ്രകാരം വിവിധ സർക്കാർ മേഖലകളിലും സാമൂഹ്യ രംഗത്തും മുസ്ലിംകളുടെ പ്രാതിനിധ്യം എത്രയോ ചെറുതാണന്നും പശ്ചിമ ബംഗാളിൽ മുസ്ലിംകൾ 27 ശതമാനമുണ്ടെങ്കിലും സർക്കാർ മേഖലയിൽ അവരുടെ തൊഴിൽ പ്രാതിനിധ്യം വെറും 3 ശതമാനമാണ് എന്നും പറയുന്നു .ലോക സമസ്താ സുഖിനോ ഭവന്തു എന്ന മഹദ് സന്ദേശം ലോകത്തിനു സംഭാവന ചെയ്ത നമ്മുടെ രാജ്യത്തു നിന്നും 2007 മുതൽ 2021 വരെയുള്ള കാലഘട്ടത്തില്‍ ട്വിറ്ററില്‍ വന്ന ഇസ്‌ലാമോഫോബിക്ക് ട്വീറ്റുകളില്‍
ഭൂരിപക്ഷവും ഇന്ത്യയിൽ നിന്നായിരുന്നു എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു .കഴിഞ്ഞ ദിവസം പാർലമെന്റ് പാസ്സാക്കിയ പൗരത്വ നിയമത്തിൽ ,രാജ്യത്തെ
എല്ലാ പൗരന്മാരും സമന്മാരാണന്ന ഭരണഘടന ഉറപ്പു നൽകുന്ന രാജ്യത്ത് അഭയാര്ഥികളായോ നുഴഞ്ഞു കയറ്റക്കാരായോ മറ്റു രാജ്യത്തെ പൗരന്മാർ നമ്മുടെ രാജ്യത്തേക്ക് കടന്നു വരുമ്പോൾ അവർ സമന്മാരല്ലെന്നും അവരിൽ ഇസ്‌ലാം മത വിശ്വാസികൾക്ക് മാത്രം പൗരത്വം നൽകേണ്ടതില്ലെന്നും മറ്റിതര വിഭാഗങ്ങൾക്ക് പൗരത്വം കൊടുക്കണമെന്നും ഭരണകൂടം പറയുന്നത് ഇസ്ലാമോ ഫോബിയയോ ?അതോ ?…ഭരണകൂട ഒത്താശയോടെ പൗരത്വ നിയമത്തിന്റെ മറവിൽ
ഭൂരിപക്ഷത്തിന്റെ ബലത്തിൽ രാജ്യത്തെ പൗരമാരെ വോട്ടു ബാങ്കിന്റെയും, പാർട്ടി വളർത്തലിനും വേണ്ടി വംശീയ വിവേചനം നടത്തുന്നത് ഭാവിയിൽ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കും . .
ലോകത്തെ അന്നദാദാക്കളിൽ മുൻപന്തിയിലുള്ള ഇസ്ലാമിക രാഷ്ട്രങ്ങളിലെ ഭരണ സംവിധാനങ്ങളും വിദേശീയരെ ഉൾപ്പടെ അവർ സംരക്ഷണ വലയത്തിലുൾപ്പെടുത്തി
തീറ്റി പോറ്റുന്നതും ഒന്നും ഇസ്ലാമോഫോബിയ ഉയർത്തുന്നവർ കാണുന്നില്ലേ?.അവിടെ ഇസ്‌ലാം നിഷിദ്ധമാക്കിയ ഭക്ഷണം പോലും മറ്റു രാജ്യങ്ങളിലെ ഇതര മതസ്ഥർ കൈവശം വെക്കുന്നതിനോ കഴിക്കുന്നതിനോ തടസ്സങ്ങളൊന്നുമില്ലെന്നിരിക്കെ, കോടികൾ മുടക്കി രാജ്യത്തിന്റെ കണ്ണായ ഭാഗങ്ങളിൽ ആരാധനാലയങ്ങൾ ഉൾപ്പടെ പണിതു നൽകി നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വരുത്തി രാഷ്ട്രത്തിനു സമർപ്പിക്കുമ്പോഴും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തു സ്വാഭാവികമായി എല്ലാവരും കഴിക്കുന്ന ഭക്ഷണത്തിന്റെ പേരിൽ പോലും കൊലപാതകം ഉൾപ്പടെ അരങ്ങേറുന്നു .മാത്രമല്ല മുസ്ലിം ആരാധനാലയങ്ങളിൽ പൊളിച്ചുമാറ്റലിനായുള്ള സർവ്വേകൾ തുടരുന്നു .
ഇസ്‌ലാം സമാധാനത്തിന്റെയും കെട്ടുറപ്പിന്റെയും ശാസ്ത്രബോധത്തിന്റെയും കരുണയുടെയും മതമാണ് മറ്റു മതങ്ങളെ സഹോദര സമുദായം എന്നാണു വിളിക്കുന്നത് .അതിന്റെ നേതാവ് ലോക മാതൃക മുഹമ്മദ് നബി (സ .അ )ആണ്. “ഇസ്‌ലാമിനെ പേടിക്കുകയല്ല പഠിക്കുകയാണ് വേണ്ടത്.” അത്രമാത്രമേ ചുരുക്കി പറയാനാകൂ …