ആകുല വിമുക്ത ജീവിതം (മത്താ. 6:25 – 34)
“ഇന്നുള്ളതും നാളെ തീയിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കിൽ, അല്പ വിശ്വാസിളെ നിങ്ങളെ എത്ര അധികം?”
(വാ.30).
അനാവശ്യമായ ആകുല ചിന്തകളുമായി ജീവിക്കുന്നവരെ അല്പം ഹാസ്യാത്മകമായി ചിത്രീകരിക്കുന്ന ഒരു കുറിപ്പു വായിച്ചതോർക്കുന്നു. ഒരു മനുഷ്യൻ, വലിയ ഒരു ഭാണ്ഡക്കെട്ടും ചുമന്ന് ഒരു മല കയറുകയായിരുന്നു. വളരെ ക്ഷീണിച്ച അയാൾ, ഒരു വൃക്ഷത്തണലിൽ വിശ്രമിപ്പാനിരുന്നു. അതിലേ വന്ന ഒരു വയോധികൻ, ഭാണ്ഡത്തിൽ എന്താണ് എന്നന്വേഷിച്ചു.
” ഇതു മുഴുവൻ എന്റെ ദുഃഖങ്ങളും ദുരിതങ്ങളുമാണ് “,
അയാൾ പറഞ്ഞു. “ഭാണ്ഡംഒന്നു തുറന്നു കാണിക്കാമോ?”, വയോധികൻ ആവശ്യപ്പെട്ടു. ഭാണ്ഡം തുറന്ന് ഒരു വലിയ കെട്ടെടുത്തു കാണിച്ചു കൊണ്ട് അയാൾ
പറഞ്ഞു: “ഇതെന്റെ കഴിഞ്ഞ കാല അനുഭവങ്ങളിൽ നിന്നും ഞാൻ ശേഖരിച്ചുവെച്ച ദു:ഖങ്ങളും ദുരിതങ്ങളും ആണ്”. എന്തിനാണു കഴിഞ്ഞ കാല ദു:ഖങ്ങളും ദുരിതങ്ങളും ചുമന്നു കൊണ്ടു നടക്കുന്നത് എന്നു ചോദിച്ചു കൊണ്ട്, വയോധികൻ ആ കെട്ട് വലിച്ചെറിഞ്ഞു.
അടുത്ത കെട്ട് എന്താണെന്ന വയോധികന്റെ ചോദ്യത്തിന്: “ഇതെല്ലാം ഭാവിയിൽ ഞാൻ അനുഭവിച്ചേക്കാവുന്ന ദുഃഖങ്ങളും ദുരിതങ്ങളുമാണ്”, അയാൾ പറഞ്ഞു. “വെറുതേ എന്തിനാണു ഭാവിയിൽ സംഭവിച്ചേക്കാവുന്നതെന്നു താങ്കൾ കരുതുന്ന ദുഃഖങ്ങളും ദുരിതങ്ങളും ചുമന്നുകൊണ്ടു നടക്കുന്നത് ” എന്നു ചോദിച്ച്, വയോധികൻ ആ കെട്ടും വലിച്ചെറിഞ്ഞു.
“ഇനിയും താങ്കൾക്കു ഭാരം കൂടാതെ മല കയറാം” എന്നു പറഞ്ഞ് വയോധികൻ മുമ്പോട്ടു നീങ്ങി. ഒപ്പം അയാളും ഭാണ്ഡവും ഭാരവും ഇല്ലാതെ മല കയറാൻ ആരംഭിച്ചു. ഇതൊരു ഭാവനയാണെങ്കിലും, വളരെയേറെ പ്രസക്തമായ ഒന്നാണ്.
നിസ്സാരമായ കാര്യങ്ങളെക്കുറിച്ച് ആകുലപ്പെട്ടു സമയവും ആരോഗ്യവും മനോസ്വസ്ഥതയും നഷ്ടപ്പെടുത്തുന്നവർ അനേകരാണ്. ലഭിക്കാതെ പോയതിനേക്കുറിച്ചുള്ള വ്യഥ, നഷ്ടപ്പെട്ടതു തിരിച്ചു പിടിക്കാൻ കഴിയത്തതിലുള്ള ദുഃഖം, നാളെ എന്തു സംഭവിക്കുമെന്ന ചിന്താകുലം; ഇത്തരം അനാവശ്യ ചിന്തകളാണ്, പലപ്പോഴും മനുഷ്യരെ തളർത്തുന്നത്. ആറിന്റെ അക്കരെ തുടലിൽ പൂട്ടിയിട്ടിരിക്കുന്ന പട്ടിയെ കണ്ട്, ആറ്റിലെ വെള്ളം പറ്റുകയും, പട്ടി തുടൽ പൊട്ടിക്കയും ചെയ്താലോ എന്നു ഭയന്ന്, ഒലക്കുട ചവുട്ടിപ്പൊളിച്ചു മുളവടി കൈയ്യിൽ
എടുത്ത നമ്പൂതിരിയേപ്പോലെയാണു നമ്മിൽ പലരും? ധ്യാനഭാഗത്തു സൂചിപ്പിച്ചിരിക്കുന്നതു പോലെ, ദൈവം നല്ലവനാണെന്നും, തന്റെ മക്കൾക്കുവേണ്ടി കരുതുന്നവനാണെന്നും ഉള്ള ധൈരവും ഉറപ്പും ഉള്ളവർക്കു മാത്രമേ, ആകുല വിമുക്ത ജീവിതം നയിക്കാനാകൂ. ആഴത്തിലുള്ള ദൈവ വിശ്വാസം
വളർത്തിയെടുക്കുന്നവർക്കേ അതിനു കഴിയൂ. ദൈവം അതിനു നമ്മെ സഹായിക്കട്ടെ?
ചിന്തയ്ക്ക്: തങ്ങളുടെ ചിന്താകുലങ്ങളും ഭാരങ്ങളും ദൈവത്തിൽ ഇറക്കി വയ്ക്കുന്നവർക്കു മാത്രമേ, ഭാരരഹിതരായി ജീവിക്കാനാകൂ!