🌻കാഞ്ഞിരപ്പള്ളി
കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ ഒരു പ്രധാന പട്ടണമാണ് കാഞ്ഞിരപ്പള്ളി. മലനാടിന്റെ റാണി, മലനാടിന്റെ കവാടം, ഹൈറേഞ്ചിന്റെ കവാടം എന്നും കാഞ്ഞിരപ്പള്ളി അറിയപ്പെടുന്നു. റബ്ബറാണ് ഇവിടുത്തെ പ്രധാന കൃഷി. സുറിയാനി കത്തോലിക്കരുടെ പ്രധാന കേന്ദ്രവുമാണിവിടം.
എലിക്കുളം, ചിറക്കടവ്, കൂട്ടിക്കൽ, എരുമേലി, കാഞ്ഞിരപ്പള്ളി, മണിമല, മുണ്ടക്കയം, പാറത്തോട് പഞ്ചായത്തുകൾ ചേർന്ന താലൂക്കിന്റെ ആസ്ഥാനമാണ് കാഞ്ഞിരപ്പള്ളി. മുൻകാലങ്ങളിൽ മീനച്ചിൽ മുതൽ പമ്പാനദി വരെ നീണ്ടുകിടന്ന നിബിഡവനപ്രദേശങ്ങളും ഈ താലൂക്കിന്റെ ഭാഗമായിരുന്നു.
പേരിന്റെ ഉദ്ഭവം
കാഞ്ഞിരപ്പള്ളി എന്ന പേര് ഇവിടങ്ങളിൽ ധാരാളമായി കണ്ടുവന്നിരുന്ന കാഞ്ഞിരമരത്തിൽനിന്ന് ഉദ്ഭവിച്ചതാണെന്ന് കരുതപ്പെടുന്നു.
🌻അക്കരപ്പള്ളി (കാഞ്ഞിരപ്പള്ളി പഴയ പള്ളി)
കാഞ്ഞിരപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന പുരാതന സിറോ മലബാർ കത്തോലിക്കാ ആരാധാനാലയമാണ് മർത്ത് മറിയം മേജർ ആർക്കിയെപിസ്കോപ്പൽ പഴയപള്ളി അഥവാ അക്കരപ്പള്ളി (St. Mary’s Ancient Pilgrim Church, Akkarappally, Kanjirappally).
എ. ഡി 1449ൽ കാഞ്ഞിരപ്പള്ളി പഴയപള്ളി (അക്കരപ്പള്ളി – സെന്റ് മേരീസ്) അരുവിത്തുറയിനിന്നും പിരിഞ്ഞു
സിറോ മലബാർ സഭ ഇതിന് മേജർ ആർക്കി എപ്പിസ്കോപ്പൽ പദവി നൽകിയിട്ടുണ്ട്. കേരളത്തിലെ പുരാതന ക്രൈസ്തവ ആരാധനാലയങ്ങളിൽ മുഖവാരം ഇല്ലാതെ നിലനിൽക്കുന്ന അപൂർവ്വം പള്ളികളിൽ ഒന്നാണ് ഇത് എന്നത് അക്കരപ്പള്ളിയുടെ വാസ്തുകാലാ പ്രാധാന്യം എടുത്തുപറയുന്നു. അതോടൊപ്പം നൂറ്റാണ്ടുകൾ പഴക്കമുള്ള ചുവർചിത്രങ്ങളുടെ ശേഖരവും ഈ പള്ളിയിൽ കാണാനാകും. ദശലക്ഷക്കണക്കിന് ആളുകൾ സന്ദർശിക്കുന്ന ഒരു മരിയൻ തീർഥാടന കേന്ദ്രമാണ് ഇപ്പോൾ ഈ പള്ളി. കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് കീഴിലുള്ള ഇവിടെ പ്രാചീന ക്രൈസ്തവകേന്ദ്രമായ ചായലിൽ (ഇന്നത്തെ നിലയ്ക്കൽ) നിന്നുള്ള പിന്തുടർച്ചയാണ് ആണ് ഉള്ളത് എന്ന് കാലങ്ങളായി വിശ്വസിച്ചു പോരുന്നു.കൊല്ലവർഷം 624 ൽ തെക്കുംകൂർ ഭരണാധികാരി ആയിരുന്ന ശ്രീ വീരകേരള പെരുമാൾ നൽകിയ പ്രദേശത്താണ് ഇത് പണികഴിപ്പിച്ചത്. സീറോ മലബാർ ആരാധനാക്രമങ്ങൾ ആണ് ഇവിടെ പിന്തുടർന്നു വരുന്നത്.
🌻അക്കരപ്പള്ളി സ്ഥാപന ചരിത്രം
പുരാതന കൽക്കുരിശ് (1641ൽ സ്ഥാപിതം)
മാർത്തോമാ ശ്ലീഹായാൽ സ്ഥാപിതമായി എന്ന് വിശ്വസിക്കപ്പെടുന്നതും നസ്രാണികളുടെ ഏഴരപ്പള്ളികളിൽ ഒന്നുമായ നിലയ്ക്കൽ അരപ്പള്ളിയിൽ നിന്നുള്ള നസ്രാണികളാലാണ് കാഞ്ഞിരപ്പള്ളിയിലെ പഴയപള്ളി സ്ഥാപിതമായത്.പഴയ ചെമ്പകശേരി രാജ്യത്തിൽ ഉൾപ്പെട്ട നിലയ്ക്കൽ മേഖലയിൽനിന്ന് എഡി 1319ൽ നസ്രാണികൾ കാഞ്ഞിരപ്പള്ളിയിലും പാഴൂർതടത്തിലുമെത്തി. ആരാധനാലയങ്ങൾക്ക് അരുവിത്തുറ പളളിയായിരുന്നു ആദ്യകാലത്ത് അവരുടെ ആശ്രയം. പിന്നീട് കാഞ്ഞിരപ്പള്ളിയിൽ വാസമുറപ്പിച്ച ക്രൈസ്തവരുടെ ആവശ്യം കേട്ട് എഡി 1449ൽ തെക്കുംകൂർ രാജാവ് പള്ളിയും അങ്ങാടിയും വയ്ക്കുന്നതിനു കരം ഒഴിവാക്കി ഭൂമി നൽകിയെന്ന രേഖകൾ ഉണ്ട്.
“ (അരുളി കല്പിക്കുകയെന്നാൽ നമ്മുടെ തൊമ്മി മാപ്പിള കണ്ടെന്നാൽ പയിനാപ്പള്ളി ചെട്ടിയാരോട് താങ്കൾക്ക് തോട്ടമുള്ള പടിഞ്ഞാറേ മുറിപ്പറമ്പിൽ പള്ളിയും അങ്ങാടിയും വെപ്പിച്ചു കൊള്ളുമാറ് വേക്ക് ഇത് കൊല്ലം 624-ാം ആണ്ട് മേടം ഞായർ 21-ാം തീയതി കാഞ്ഞിരപ്പള്ളി ഇടത്തിൽ ഇരുന്ന് രാജശ്രീ വീരകേരളപ്പെരുമാൾ,
ഇതു മേനോൻ കണ്ടെഴുത്ത്”)
മരത്തടികളാൽ പള്ളി നിർമിച്ച് 1449 സെപ്റ്റംബർ 8ന് ആദ്യമായി പള്ളിയിൽ ദിവ്യബലി അർപ്പിച്ച് പരിശുദ്ധ ദൈവമാതാവിന്റെ പിറവിത്തിരുനാൾ ആഘോഷിച്ചു. ഇപ്പോൾ എട്ടുനോമ്പു തിരുനാളിന്റെ പൊതിച്ചോർ വിതരണവും നേർച്ചക്കഞ്ഞി വിതരണവും പ്രശസ്തമാണ്. പഴയ പള്ളിയങ്കണത്തിലെ കരിങ്കൽ കുരിശ് 1614ൽ നിർമിച്ചതാണ്. കൽകുരിശിലുണ്ടായിരുന്ന പുരാലിഖിതപ്രകാരം കുളക്കാട് തെക്കേമുറി കത്തനാർ വികാരിയായിരുന്നപ്പോൾ കൊല്ലവർഷം 816 മീനം ഒന്നാം തീയതി കുരിശ് സ്ഥാപിച്ചു എന്ന വിവരം ലഭിക്കുന്നു.
🌻മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായി ഔദ്യോഗിക പ്രഖ്യാപനം
കാഞ്ഞിരപ്പള്ളി രൂപതയിലെ പുരാതന മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് പഴയപള്ളി (അക്കരപ്പള്ളി)ഇപ്പോൾ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം. പഴയപള്ളിയില്‍ നടന്ന ചടങ്ങില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒപ്പുവച്ച ഡിക്രി സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ വൈസ് ചാന്‍സലര്‍ റവ.ഡോ. ഏബ്രഹാം കാവില്‍പുരയിടവും മലയാളം പരിഭാഷ രൂപത ചാന്‍സലര്‍ റവ.ഡോ. കുര്യന്‍ താമരശേരിയും വായിച്ചു. തുടര്‍ന്ന് മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന് ഔദ്യോഗിക പ്രഖ്യാപന ഡിക്രി കൈമാറിയിരുന്നു മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയമായി ഉയര്‍ത്തപ്പെട്ട സെന്റ് മേരീസ് അക്കരപ്പള്ളിയുടെ വികാരിയെ ആര്‍ച്ച് പ്രീസ്റ്റായി പ്രഖ്യാപിക്കുന്ന കല്‍പന റവ.ഡോ. ഏബ്രഹാം കാവില്‍പുരയിടം വായിച്ചു. പ്രഥമ ആര്‍ച്ച് പ്രീസ്റ്റ് ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍ ഇത് മേജര്‍ ആര്‍ച്ച്ബിഷപ്പില്‍നിന്ന് ഏറ്റുവാങ്ങി. മാര്‍ ജോസ് പുളിക്കല്‍ മേജര്‍ ആര്‍ച്ച്ബിഷപ്പിനെയും മറ്റു പിതാക്കന്മാരെയും പ്രതിനിധികളെയും സ്വാഗതം ചെയ്തു. നിലയ്ക്കല്‍നിന്നെത്തിയ വിശ്വാസീ സമൂഹത്തിന്റെ വിശ്വാസദാര്‍ഢ്യ മാതൃക അനുസ്മരണീയമാണ്.
കാഞ്ഞിരപ്പള്ളിയിലെ വിശ്വാസികള്‍ക്ക് പരിശുദ്ധ മാതാവിന്റെ അമലോത്ഭവ തിരുനാള്‍ദിനത്തില്‍ ഈ അനുഗ്രഹം യാഥാര്‍ഥ്യമായതില്‍ അഭിമാനിക്കാമെന്നും തലമുറകളുടെ പൈതൃകമുള്ള പവിത്രമായ ദേവാലയമാണ് പഴയപള്ളിയെന്നും മാര്‍ ജോസ് പുളിക്കല്‍ ഉദ്‌ബോധിപ്പിച്ചു.
സഭയാകുന്ന നൗകയില്‍ വിശ്വാസത്തില്‍ അടിയുറച്ച് സ്വര്‍ഗമാകുന്ന അക്കരയ്ക്ക് യാത്രചെയ്യുന്നവരായ വിശ്വാസികള്‍ക്ക് പരിശുദ്ധ അമ്മയോടുള്ള പ്രാര്‍ഥന തുണയാണെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധ കുര്‍ബാന മധ്യേ സന്ദേശത്തില്‍ പറഞ്ഞു.
🌻 എട്ടുനോമ്പ്
അക്കരപ്പള്ളിയിലും മതാവിന്റെ മറ്റു പുരാതന ദേവാലയങ്ങളിലും അമ്മയുടെ പിറവി തിരുനാളിനോട് അനുബന്ധിച്ച് ആചരിക്കുന്ന നോമ്പാണ്. ഇത് സ്ത്രീകളുടെ പ്രത്യേകിച്ച് കന്യകളുടെ ഉപവാസമാണ്.
പരിശുദ്ധ മറിയത്തിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ചുള്ള നോമ്പ് ആണിത്. സെപ്തംബർ ഒന്നു മുതൽ എട്ടു വരെയുള്ള തിയതികളിലാണ് എട്ട് നോമ്പ് അനുഷ്ടിക്കുന്നത്. പരിശുദ്ധ അമ്മയോടുള്ള ബഹുമാനവും, ഭക്തിയും, വണക്കവും വർദ്ധിപ്പിക്കാൻ സുറിയാനി ക്രൈസ്തവർ ഈ നോമ്പ് വിശിഷ്യാ ആചരിച്ചു പോന്നു.
ആദിമകാലം മുതലെ പരിശുദ്ധ മറിയത്തിന് നമ്മുടെ ആരാധനയിലും ജീവിതത്തിലും അഭേദ്യവും അതുല്യവുമായ സ്ഥാനമാണു കല്പിച്ചു നൽകിയിട്ടുള്ളത്. രക്ഷകന്റെ അമ്മയായും, സഭയുടെ മാതാവായും നിത്യകന്യകയായും നാമവളെ വാഴ്ത്തുന്നു.
🌻എട്ടുനോമ്പിന്റെ ആരംഭത്തിനു പിന്നിലെ ചരിത്രം
ടിപ്പുവിന്റെ പടയോട്ടകാലത്ത് അമുസ്ലീങ്ങളായവർ അക്രമിക്കപ്പെടുകയും അവരുടെ ആരാധനാലയങ്ങൾ കൊള്ളയടിക്കപ്പെടുകയും ചെയ്തിരുന്നു. മലബാർ ടിപ്പു കീഴടക്കിയപ്പോൾ ഉണ്ടായ മതമർദ്ദനം സഹിക്കാനാവാതെ ഹിന്ദുക്കളും ക്രിസ്ത്യാനികളുമായ ഒട്ടേറെപ്പേർ തിരുവിതാംകൂറിൽ അഭയം തേടി. ടിപ്പുവിന് തിരുവിതാംകൂറിനോട് ശത്രുത ഉണ്ടാവാൻ ഇതു കാരണമായി. 1789-ൽ തിരുവിതാംകൂർ കീഴടക്കുക എന്ന ലക്ഷ്യത്തോടെ ടിപ്പു പടപ്പുറപ്പാടു നടത്തി. വിവരം അറിഞ്ഞ തിരുവിതാംകൂറിലെ സുറിയാനി ക്രിസ്ത്യാനികൾ ദൈവാലയങ്ങളിൽ ഒരുമിച്ചുകൂടുകയും ടിപ്പുവിന്റെ ആക്രമണത്തിൽനിന്നും തങ്ങളെ രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുകയും ചെയ്തുകൊണ്ടിരുന്നു.
ടിപ്പുവിന്റെ സൈന്യം; കീഴടക്കുന്ന പ്രദേശങ്ങളിലെ സ്ത്രീകളുടെ മാനം കവരുന്ന കാര്യത്തിൽ കുപ്രസിദ്ധി നേടിയിരുന്നു. കൊടുങ്ങല്ലൂർ കോട്ടയും, ആയ്ക്കോട്ടയും, ആലങ്ങാടും, പറവൂരും കീഴടക്കി മൈസൂർ സൈന്യം ആലുവാപ്പുഴ വരെ എത്തി. ഈ വിവരം അറിഞ്ഞ സുറിയാനി ക്രിസ്ത്യാനികളായ സ്ത്രീകൾ തങ്ങളുടെ ചാരിത്ര്യം സംരക്ഷിക്കപ്പെടുന്നതിനായി പരിശുദ്ധമാതാവിന്റെ പ്രത്യേക മാധ്യസ്ഥം യാചിച്ചു കൊണ്ട് കഠിനമായി ഉപവാസം അനുഷ്ഠിക്കാൻ തുടങ്ങി. ഈ സമയത്ത് കാലവർഷം ശക്തമാവുകയും പെരിയാർ കരകവിഞ്ഞൊഴുകുകയും ചെയ്തു. ഇത് ടിപ്പുവിന്റെ സൈനികനീക്കത്തെ തടഞ്ഞു. തുടർന്ന് മടങ്ങിപ്പോയ ടിപ്പു ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടതോടെ തിരുവിതാംകൂറിലെ ക്രിസ്ത്യാനികൾക്ക് ആശ്വാസമായി. പരിശുദ്ധ മറിയത്തിന്റെ മധ്യസ്ഥതയിൽ തങ്ങൾക്കു ലഭിച്ച പ്രത്യേക അനുഗ്രഹത്തിന്റെ സ്മരണയ്ക്കായി അന്നുമുതൽ എട്ടു നോമ്പ് അനുഷ്ഠിക്കുന്നത് സുറിയാനി ക്രൈസ്തവരുടെ പതിവായിതീർന്നു.
കത്തോലിക്കാ, യാക്കോബായ ഭേദമില്ലാതെ ഇന്നും സുറിയാനി ക്രിസ്ത്യാനികൾക്കിടയിൽ എട്ടു നോമ്പ് അതീവ ഭക്തി പുരസരം അനുഷ്ഠിച്ചു പോരുന്നു. സുറിയാനി ക്രൈസ്തവ സ്ത്രീകൾ ഈ നോമ്പിനു നൽകുന്ന പ്രാധാന്യം ചരിത്രത്തോട് ചേർന്നു നിൽക്കുന്നു. അതനുസരിച്ച്
പോട്ടുഗീസ്സുകാരുടെ അധാർമ്മിക ബന്ധങ്ങളിൽ ഉൾപ്പെടാതിരിക്കാൻ കൊടുങ്ങല്ലൂരിലെ സ്ത്രീകൾ ആരംഭിച്ചതാണ് എട്ടുനോമ്പ് എന്നൊരു പാരമ്പര്യവും ഉണ്ട്.
ഈ നോമ്പ് ദിനങ്ങളിൽ പള്ളികളിൽ പാർത്തുകൊണ്ട് പ്രാർത്ഥനയിൽ കഴിയുന്നതിനെ കുപ്രസിദ്ധമായ ഉദയം പേരൂർ സൂനഹദോസ് വിലക്കി.
കാഞ്ഞിരപ്പള്ളി അക്കരപ്പള്ളി, മണർകാട് പള്ളി, നാഗപ്പുഴപ്പള്ളി തുടങ്ങിയ ദൈവാലയങ്ങളിലെ എട്ടുനോമ്പാചരണവും മാതാവിന്റെ തിരുനാളും പ്രസിദ്ധങ്ങളാണ്.ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 8 വരെയാണ് അക്കരപ്പള്ളിയിൽ തിരുന്നാൾ ആഘോഷിക്കുന്നത്.
അക്കരയമ്മ എന്നറിയപ്പെടുന്ന കാഞ്ഞിരപ്പള്ളി അക്കര പ്പള്ളിയിലെ മാതാവിന് നമ്മുടെ പ്രാർത്ഥനകൾ സമർപ്പിക്കാം