കൊച്ചി: എറണാകുളത്ത് നടക്കുന്ന 66-ാമത് സംസ്ഥാന സ്കൂൾ കായികമേള അഞ്ചാം ദിനം പിന്നിട്ടു. പോയിൻ്റ് പട്ടികയിൽ തിരുവനന്തപുരം ജില്ലയുടെ തേരോട്ടം തുടരുന്നു. 1776 പോയിൻ്റുകളുമായാണ് തിരുവനന്തപുരം ജില്ല മുന്നേറുന്നത്. രണ്ടാം സ്ഥാനത്തുള്ള തൃശൂർ ജില്ലയ്ക്ക് 708 പോയിൻ്റുകളും മൂന്നാം സ്ഥാനത്തുള്ള കണ്ണൂർ ജില്ലയ്ക്ക് 618 പോയിൻ്റുകളാണ്. കഴിഞ്ഞ തവണത്തെ ജേതാക്കളായ പാലക്കാട് ജില്ല നാലാം സ്ഥാനത്താണ്. മികച്ച സ്കൂളുകളുടെ പട്ടികയിൽ 78 പോയിൻ്റുകളുമായി തിരുവനന്തപുരം സെൻ്റ് ജോസഫ്സ് എച്ച്എസ്എസ് ആണ്. ഇതുവരെ 31 അത്‍ലറ്റിക്സ് ഇനങ്ങളും 474 ഗെയിംസ് ഇനങ്ങളും പൂര്‍ത്തിയായി.
കായികമേളയിൽ എറണാകുളത്തിൻ്റെ കെഎ അൻസാഫ് വേഗരാജാവും ആർ ശ്രേയ വേഗറാണിയുമായി. സീനിയർ ബോയ്സ് 100 മീറ്ററിൽ 10.806 സെക്കൻഡിലാണ് അൻസ്വാഫ് ഓടിക്കയറിയത്. ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ വിഭാഗത്തിലാണ് ആർ ശ്രേയയുടെ നേട്ടം. 12.54 സെക്കൻഡുകളിലാണ് ആർ ശ്രേയ ഓടിക്കയറിയത്. ആലപ്പുഴ സെൻ്റ് ജോസറ് ജിഎച്ച്എസ്എസിലെ വിദ്യാർഥിയാണ് ശ്രേയ.
നീന്തൽക്കുളത്തിൽ നിന്ന് മാത്രം തിരുവനന്തപുരം ജില്ലയുടെ കുട്ടികൾ കോരിയെടുത്തത് 190 മെഡലുകൾ. അവയിൽ 74 എണ്ണത്തിനും സ്വർണത്തിളക്കം. ജില്ലയുടെ സ്‌കോർ ബോർഡിൽ നീന്തൽത്താരങ്ങൾ എഴുതിച്ചേർത്തത് 654 പോയിന്റുകൾ. തുണ്ടത്തിൽ എംവിഎച്ച്എസ്എസിലെ എസ് അഭിനവും മോംഗം തീർഥു സാം ദേവും നേടിയ ഹാട്രിക് റെക്കോർഡ് നേട്ടം തിരുവനന്തപുരത്തിന്റെ തിളക്കമേറ്റി.
103 ഇനങ്ങളിലായിരുന്നു നീന്തൽ മത്സരങ്ങൾ. 74 സ്വർണം, 56 വെള്ളി, 5 വെങ്കലം എന്നിങ്ങനെയാണ് തിരുവനന്തപുരത്തിന്റെ മെഡൽ നേട്ടം. തുണ്ടത്തിൽ സ്‌കൂളിലെ താരങ്ങൾ 27 സ്വർണം നേടി. രണ്ടാം സ്ഥാനത്തുള്ള എറണാകുളത്തിന് 162 പോയിന്റാണുള്ളത്. 13 സ്വർണം, 21 വെള്ളി, 12 വെങ്കലം എന്നിങ്ങനെയാണ് മെഡൽനില. കോട്ടയത്തിനാണ് മൂന്നാം സ്ഥാനം. 90 പോയിന്റ്. എട്ട് സ്വർണം, 10 വെള്ളി, ആറ് വെങ്കലം എന്നിങ്ങനെ മെഡലുകൾ നേടി.
സംസ്ഥാന സ്‌കൂൾ കായികമേളയിൽ കരാട്ടേ മത്സരയിനത്തിൽ 19 വയസ്സിൽ താഴെയുള്ള കുട്ടികളുടെ 44 കിലോഗ്രാം വിഭാഗത്തിൽ ഫിദ ഹാജത്തും 36 കിലോഗ്രാം വിഭാഗത്തിൽ ഫെമിദ ഹാജത്തും കട്ടാമിയിൽ (കരാട്ടേവേദി) ഇടിച്ചിട്ടത് സ്വർണം. പ്ലസ്ടു വിദ്യാർഥിയായ ഫിദ ഹാജത്ത് തുടർച്ചയായി നാലാം തവണയാണ് സംസ്ഥാനതലത്തിൽ സ്വർണത്തിൽ മുത്തമിടുന്നത്. എതിരാളിക്ക് ഒരു സ്‌കോർ പോലും നൽകാതെയുള്ള പ്രതിരോധത്തിലൂടെയാണ് ഫിദ വിജയം നേടിയത്.
2023 ദേശീയ സ്‌കൂൾ കായികമേളയിലെ വെങ്കല മെഡൽ ജേതാവും ഏറ്റവും പ്രായം കുറഞ്ഞ താരവുമായിരുന്നു ഫിദ. 2018ൽ സർക്കാർ കരാട്ടേയെ സ്‌കൂൾ കായികമേളയിൽ ഉൾപ്പെടുത്തിയതു മുതൽ എല്ലാ സംസ്ഥാന കായിക മേളയിലും ഈ മിടുക്കി ആദ്യ സ്ഥാനത്ത് എത്തിയിരുന്നു. കരാട്ടേയിൽ മാത്രമല്ല കോഴിക്കോട് സംഘടിപ്പിച്ച 20-ാമത് സംസ്ഥാന ഭാരോദ്വഹന മത്സരത്തിലും സബ് ജൂനിയർ വിഭാഗത്തിൽ വെള്ളി മെഡൽ ജേതാവു കൂടിയായിരുന്നു ഈ മിടുക്കി.