കോട്ടയ്ക്കൽ.:-അന്തരിച്ച സിനിമ, സീരിയൽ നടൻ മേഘനാഥൻ അവസാന നാളുകളിൽ ചികിത്സ തേടിയത് കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ കാൻസർ വിഭാഗത്തിൽ. രോഗശമനത്തിനുള്ള ആയുർവേദ മരുന്നുകൾ 6 മാസത്തോളം പതിവായി കഴിച്ചു. മിക്ക ദിവസങ്ങളിലും ആര്യവൈദ്യശാലാ അധികൃതരെ ഫോണിൽ ബന്ധപ്പെട്ടു രോഗാവസ്ഥയെക്കുറിച്ച് ചർച്ച ചെയ്തു.
റിട്ട. റയിൽവേ ഉദ്യോഗസ്ഥനായ കെ.എം.എസ്. ഭട്ടതിരിപ്പാട് വഴിയാണ് മേഘനാഥൻ ധർമാശുപത്രിയോടു ചേർന്ന കാൻസർ വിഭാഗത്തിലെത്തിയത്. അലോപ്പതി ചികിത്സയ്ക്കൊപ്പം തന്നെ ആയുർവേദ മരുന്നുസേവയും തുടർന്നു. പിടികൂടിയ രോഗത്തിന്റെ കാഠിന്യം തിരിച്ചറിഞ്ഞ അദ്ദേഹം ചികിത്സാ നടപടികളുമായി വളരെ സഹകരിച്ചെന്നു കാൻസർ വിഭാഗത്തിന്റെ ചുമതലയുള്ള ഡോ.കെ.എം.മധു പറഞ്ഞു. ഏറെ ആകർഷമായ സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്.
സിനിമാ നടൻ എന്ന പരിവേഷം എടുത്തണിയാതെ കർഷകനായും തനി സാധാരണക്കാരനായും ജീവിച്ചു. അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ ആളുകളുടെ വെറുപ്പു സമ്പാദിച്ച നടനാണോ സ്നേഹനിധിയായ ഈ പാവം മനുഷ്യൻ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. പതിഞ്ഞ ശബ്ദത്തിലുള്ള കുശലാന്വേഷണം പോലും ഏറെ ഹൃദ്യം. മാസത്തിൽ ഒന്നൊ രണ്ടൊ തവണ ആശുപത്രിയിലെത്തുമായിരുന്നു., രോഗത്തിന്റെ തീവ്രതയിൽ തളരാത്ത മനസ്സും ശരീരവുമായി.