തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത നാശംവിതച്ച് അതിതീവ്ര മഴ രണ്ടു ദിവസംകൂടി തുടർന്നേക്കും. ബുധൻ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടും (അതിതീവ്ര മഴ) , തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും (അതിശക്ത മഴ) മറ്റു ജില്ലകളിൽ മഞ്ഞ അലർട്ടും (ശക്തമായ മഴ) ആണ്.
വ്യാഴം ഇടുക്കി, പാലക്കാട് ജില്ലകളിൽ റെഡ് അലർട്ടും എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ മഞ്ഞ അലർട്ടുമാണ്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യത. കേരള തീരത്തുനിന്ന് കടലിൽ പോകരുത്.
മലയോരമേഖലകളിലെ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ മാറിത്താമസിക്കണം. കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിലുള്ളവർ അവശ്യഘട്ടത്തിൽ മാറിത്താമസിക്കണം.
മീൻപിടിത്ത ഉപാധികൾ സുരക്ഷിതമാക്കണം.
മലയോരമേഖലയിലേക്ക് രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണം. 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ സജ്ജമാണ്. സഹായങ്ങൾക്ക് 1077, 1070 ടോൾ ഫ്രീ നമ്പരുകളിൽ വിളിക്കാം.”