കടയ്ക്കൽ: ഉടമയെ ഭീഷണിപ്പെടുത്തി വർക് ഷോപ്പിൽ നിന്ന് ബുള്ളറ്റ് കടത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിലായി. പെരിങ്ങമ്മല ബ്ലോക്ക് നമ്പർ 107 ൽ നൗഫൽ (20), മടത്തറ കലയപുരം ബ്ലോക്ക് നമ്പർ 107 ൽ മുഹമ്മദ് ഇർഫാൻ ( 21 ), ചിതറ പള്ളിക്കുന്നുംപുറം എസ്.എൽ നിവാസിൽ സന്ദീപ് ലാൽ (28) എന്നിവരെയാണ് ചിതറ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 10ന് ചിതറ തുമ്പമൺതൊടി സ്വദേശി സജു നടത്തുന്ന വർക് ഷോപ്പിലെത്തിയ പ്രതികൾ ബലം പ്രയോഗിച്ച് ബുള്ളറ്റ് കടത്തുകയായിരുന്നു. ചിതറ സ്വദേശിയായ അക്ബർ അറ്റകുറ്റപ്പണിക്കായി നൽകിയതായിരുന്നു ബുള്ളറ്റ്. ടയർ പഞ്ചറായതിനാൽ പിക്അപ്പിലാണ് വാഹനം കടത്തിയത്. ചിതറ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നിരീക്ഷണ കാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
ബുള്ളറ്റും കസ്റ്റഡിയിലെടുത്തു. വാഹനം വാടകക്ക് എടുത്ത് ആടുകളെ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾക്കെതിരെ തമിഴ്നാട് പൊലീസിൽ കേസ് നിലവിലുള്ളതായി പൊലീസ് പറഞ്ഞു. ഈ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത് ഒരു മാസം മുമ്പാണ്. കടയ്ക്കൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സി.ഐ പി. ശ്രീജിത്ത്, എസ്.ഐ മാരായ സുധീഷ്, രശ്മി, സി.പി. ഒ മാരായ ലിജിൻ, ജിത്തു , ഫൈസൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.