കൊച്ചി: ടിപി ചന്ദ്രശേഖരൻ കൊലപാതക കേസിലെ പ്രതികളുടെ ശിക്ഷാവിധി ഉയർത്തുന്നതിൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും. ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരൻ നമ്പ്യാർ, ഡോ കൗസർ എടപ്പഗത്ത് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വാദം കേൾക്കുന്നത്. കേസിലെ ശിക്ഷാവിധി ശരിവെച്ച സാഹചര്യത്തിൽ എല്ലാ പ്രതികളും ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും. ആറാം പ്രതി ഒഴികെയുള്ളവർക്ക് വധഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ.
ഈ സാഹചര്യത്തിലാണ് ഒന്നു മുതൽ അഞ്ച് വരെയും ഏഴും പ്രതികളുടെ ശിക്ഷവിധി ഉയർത്തുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തിയ കെ കെ കൃഷ്ണൻ, ജ്യോതിബാബു എന്നിവരുടെയും ശിക്ഷയിലും ഹൈക്കോടതി തീരുമാനമെടുക്കും. രണ്ട് പ്രതികളും കഴിഞ്ഞ ദിവസം കോഴിക്കോട് വിചാരണ കോടതിയിൽ കീഴടങ്ങിയിരുന്നു.
ഇവരെയും ഹൈക്കോടതിയിൽ ഹാജരാക്കും. പ്രതികളുടെ വിശദീകരണവും ശിക്ഷാവിധിയിന്മേൽ അഭിഭാഷകരുടെ വാദവും കേൾക്കും. പ്രതികൾ കഴിഞ്ഞിരുന്ന ജയിലുകളിലെ പ്രൊബേഷണറി ഓഫീസർമാരുടെ റിപ്പോർട്ടും ഡിവിഷൻ ബെഞ്ച് പരിഗണിക്കും. തുടർന്നാവും ശിക്ഷാവിധിയിൽ ഹൈക്കോടതി തീരുമാനമെടുക്കുക.