Sunday, November 17, 2024
Homeകേരളംകണ്ണീർപൂക്കൾകൊണ്ട് ആ കുഞ്ഞിന് യാത്രാമൊഴി;അമ്മ വലിച്ചെറിഞ്ഞുകൊന്ന നവജാതശിശുവിന്റെ മൃതദേഹം സംസ്കരിച്ചു.

കണ്ണീർപൂക്കൾകൊണ്ട് ആ കുഞ്ഞിന് യാത്രാമൊഴി;അമ്മ വലിച്ചെറിഞ്ഞുകൊന്ന നവജാതശിശുവിന്റെ മൃതദേഹം സംസ്കരിച്ചു.

കൊച്ചി: കണ്ടുനിന്നവരുടെ ​ഹൃദയം കീറിമുറിക്കുന്നതായിരുന്നു ആ കുഞ്ഞിന്റെ അന്ത്യയാത്ര. മരവിച്ച ആ കുഞ്ഞുശരീരം വഹിച്ച ആ ശവപ്പെട്ടിക്ക് ഭാരം കൂടുതലായി അനുഭവപ്പെട്ടിരിക്കണം. മണിക്കൂറുകൾ മാത്രം ഈ ഭൂമിയിൽ ജീവിക്കാൻ കഴിഞ്ഞ കുരുന്നിന് കണ്ണീർ പൂക്കൾകൊണ്ടല്ലാതെ എങ്ങനെ യാത്ര പറയും. താരാട്ടുപാട്ടുകളോ ഓമനപ്പേരുകളോ കേൾക്കാൻ കഴിയാതെ ജീവശ്വാസം ആവോളം നുകരാതെ ആ കുരുന്ന് ഈ ലോകത്തോട്‌ വിട പറഞ്ഞു. പനമ്പിള്ളി നഗറിലെ ഫ്ളാറ്റിൽനിന്ന് അമ്മ വലിച്ചെറിഞ്ഞുകൊന്ന നവജാതശിശുവിന്റെ മൃതദേഹം പോലീസിന്റെ നേതൃത്വത്തിൽ കൊച്ചി പുല്ലേപ്പടി ശ്മാശനത്തിലാണ് സംസ്കരിച്ചത്.

മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന്‌ പോലീസ് ആ കുരുന്നുശരീരം ഏറ്റുവാങ്ങി. വിടരും മുമ്പേ കൊഴിഞ്ഞ പൂവിന്റെ മൃതദേഹം വഹിച്ച ആ പെട്ടിയിൽ പൂക്കൾ വിതറി അവസാനയാത്രമൊഴി നൽകി. മേയര്‍ അനിൽ കുമാർ അടക്കമുള്ളവർ കുഞ്ഞിന് അന്ത്യാഞ്ജലി അർപ്പിച്ചു. ആ കുഞ്ഞുശവപ്പെട്ടിക്ക് സമീപത്തെ കിലുങ്ങുന്ന കളിപ്പാട്ടം ഹൃദയം ഭേദിക്കുന്ന കാഴ്ചയായിരുന്നു. ഒടുവിൽ പൂക്കൾ വിതറി ആ കളിപ്പാട്ടത്തിനൊപ്പം ആ കുരുന്നിനെ കുഴിയിലേക്ക് വച്ചപ്പോൾ വേദനയോടെ ഒരു പിടി മണ്ണ് വിതറി അവർ യാത്രയാക്കി.

വെള്ളിയാഴ്ച രാവിലെ വീട്ടിലെ ശൗചാലയത്തിൽ രഹസ്യമായി പ്രസവിച്ച യുവതി, കുഞ്ഞിനെ ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽനിന്ന് റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. യുവതി ഇപ്പോഴും സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലാണ്. ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. യുവതി ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെത്തിയാണ് മജിസ്‌ട്രേട്ട് റിമാൻഡ് നടപടികൾ സ്വീകരിച്ചത്.റിമാൻഡിലായെങ്കിലും യുവതിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഉടൻ കസ്റ്റഡിയിൽ വാങ്ങില്ലെന്ന് പോലീസ് അറിയിച്ചു. മൊഴിയെടുക്കാൻ സാധിക്കുമോ എന്നറിയാൻ ശനിയാഴ്ച പോലീസ് സംഘം ആശുപത്രിയിലെത്തിയിരുന്നു. പക്ഷേ, ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വിവരങ്ങൾ ശേഖരിക്കാതെ മടങ്ങി.

കുഞ്ഞിന്റെ രക്തസാംപിൾ ഡി.എൻ.എ. പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പെൺകുട്ടി പരാതി ഉന്നയിച്ചാൽ മാത്രമേ, ഗർഭിണിയാക്കിയ യുവാവിന്റെ ഡി.എൻ.എ. പരിശോധന നടത്തൂ. യുവതിയുടെ ആരോഗ്യം മെച്ചപ്പെട്ടതിനുശേഷം വിശദമായി മൊഴിയെടുക്കും. അതിനു ശേഷമേ യുവാവിലേക്കുള്ള അന്വേഷണത്തിലേക്ക് പോലീസ് കടക്കുകയുള്ളൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments