തിരുവനന്തപുരം: നെയ്യാറ്റിന്‍കര പ്ലാമൂട്ടുകടയില്‍ ബൈക്കിലെത്തി സ്‌കൂട്ടര്‍ യാത്രക്കാരിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത കേസില്‍ മുഖ്യപ്രതിയും പിടിയിലായി. വെഞ്ഞാറമൂട് സ്വദേശി മുഹമ്മദ് ഷാനെയാണ് പോലീസ് പിടികൂടിയത്. കേസിലെ മറ്റൊരുപ്രതി പെരുമാതുറ സ്വദേശി അഭിന്‍ കഴിഞ്ഞമാസം തന്നെ അറസ്റ്റിലായിരുന്നു.
മാര്‍ച്ച് 18-ന് പ്ലാമൂട്ടുകട പൊഴിയൂര്‍ റോഡിലാണ് ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗസംഘം സ്‌കൂട്ടര്‍ യാത്രക്കാരിയുടെ മാല കവര്‍ന്നത്. ഡ്രൈവിങ് സ്‌കൂള്‍ അധ്യാപികയായ ലിജി ദാസ് ആണ് പട്ടാപ്പകല്‍ കവര്‍ച്ചയ്ക്കിരയായത്.
ഡ്രൈവിങ് സ്‌കൂളില്‍നിന്ന് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ലിജിദാസ്. ഇതിനിടെയാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം ലിജിദാസിനെ ആക്രമിച്ച് ആറരപവന്റെ സ്വര്‍ണമാല പൊട്ടിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
കേസില്‍ ആദ്യം പിടിയിലായ അഭിനാണ് ബൈക്ക് ഓടിച്ചിരുന്നത്. മുഖ്യപ്രതിയായ ഷാന്‍ ആണ് ലിജിദാസിനെ മര്‍ദിച്ച് തള്ളിയിട്ട് സ്വര്‍ണമാല പൊട്ടിച്ചത്. സംഭവത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന ഇയാള്‍ അവിടെയും ബൈക്ക് മോഷണവും മാല മോഷണവും നടത്തിയിരുന്നു. ഇതിനുശേഷം തിരികെ തിരുവനന്തപുരം കല്ലറയില്‍ എത്തിയപ്പോഴാണ് പ്രതിയെ പോലീസ് പിടികൂടിയത്.