കേരളം വിധിയെഴുതി കഴിഞ്ഞപ്പോൾ ഫലം പ്രവചനാതീതമെന്ന് വിലയിരുത്തൽ. പോളിങ് ശതമാനം കുറഞ്ഞതാണ് പ്രധാന കാരണം. മറ്റ് തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് നാല് മണിക്കൂറിൽ അധികം വോട്ടിങ് പലയിടത്തും നീണ്ടു. ഇന്നലെ രാത്രി എട്ടേ കാലിന് വന്ന ഒടുവിലത്തെ വിവരം അനുസരിച്ച് 70.35 ശതമാനമാണ് പോളിങ്. കഴിഞ്ഞ തവണത്തേതിനേക്കാൾ പോളിങ് 7 ശതമാനം കുറവാണിത്. കണ്ണൂരിൽ കൂടിയ പോളിങും പത്തനംതിട്ടയിൽ കുറഞ്ഞ പോളിങും രേഖപ്പെടുത്തി.
തെക്കൻ കേരളത്തിലെ സ്റ്റാർ മണ്ഡലങ്ങളിലെല്ലാം പോളിങ് കുറഞ്ഞു. ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരം,ആറ്റിങ്ങൽ മണ്ഡലങ്ങളിലും,ദേശീയ ശ്രദ്ധയാകർഷിച്ച ആലപ്പുഴ മണ്ഡലത്തിലും പോളിംഗ് ശതമാനം കുറഞ്ഞു. കോൺഗ്രസിന് മുൻതൂക്കമുള്ള കോവളത്തും,കഴിഞ്ഞ തവണ ബിജെപി വോട്ടുയർത്തിയ നേമം നിയമസഭ മണ്ഡലത്തിലും കനത്ത പോളിങ് രേഖപ്പെടുത്തി. അരുവിക്കര,കാട്ടാക്കട മേഖലകളിലും പോളിങ് വർധിച്ചു. പോളിംഗ് ശതമാനത്തിലെ മാറ്റം ശക്തമായ അടിയൊഴുക്കുകൾ ഉണ്ടാക്കിയെന്നും,ജാതി സമവാക്യങ്ങൾക്ക് മാറ്റം ഉണ്ടാക്കിയെന്നുമാണ് വിലയിരുത്തൽ.
പത്തനംതിട്ട, കൊല്ലം, മാവേലിക്കര മണ്ഡലങ്ങളിലും പോളിങിൽ കാര്യമായ കുറവുണ്ടായി. പൊതുവേ തണുപ്പൻ മട്ടിലാണ് മധ്യകേരളവും തെരഞ്ഞെടുപ്പിനോട് പ്രതികരിച്ചത്. കോട്ടയത്ത് പോളിങിൽ വലിയ കുറവുണ്ടായത് ഇതിന് ഉദാഹരണം. തൃശൂരിലും ആലത്തൂരിലും വോട്ടെടുപ്പ് മന്ദഗതിയിലായിരുന്നു. പാലക്കാടും പോളിങിൽ ഗണ്യമായ കുറവുണ്ടായി. യുഡിഎഫിന്റെ ഉരുക്ക് കോട്ടയായ എറണാകുളത്തും ഇടുക്കിയിലും ചാലക്കുടിയിലും പ്രതീക്ഷിച്ച പോളിങുണ്ടായില്ല.
ജനവിധി പ്രവചനങ്ങൾക്ക് അപ്പുറമാകുന്ന സാഹചര്യമാണ് മലബാറിലെ പല മണ്ഡലങ്ങളിലും. കാസർഗോഡെ യുഡിഎഫ് കേന്ദ്രങ്ങളിൽ വോട്ടിങ് കുറഞ്ഞാതായാണ് വിലയിരുത്തുന്നത്. യുഡിഎഫിനും ബിജെപിയ്ക്കും സ്വാധീനമുള്ള കാസർഗോഡ് നിയമസഭാ മണ്ഡലത്തിൽ പോളിങ് കുറഞ്ഞു. കണ്ണൂരിൽ ധർമ്മടം, മട്ടന്നൂർ, തളിപ്പറമ്പ് നിയോജക മണ്ഡലങ്ങളിലെ കനത്ത പോളിംഗ് എൽഡിഎഫിന് പ്രതീക്ഷ നൽകുന്നു. എന്നാൽ UDF വോട് ചോർന്നിട്ടില്ല എന്നതാണ് കെ സുധാകരൻ ക്യാമ്പിന്റെ വിലയിരുത്തൽ.
പ്രചാരണം അതിരു വിട്ട വടകര മണ്ഡലത്തിൽ സ്ത്രീകളും യുവാക്കളും കൂടുതലായി പോളിങ് ബൂത്തിലെത്തി. മുസ്ലിം വിഭാഗവും വോട്ടെടുപ്പിൽ സജീവമായി എന്ന വിലയിരുത്തലിലാണ് മുന്നണികൾ. വയനാട്ടിൽ രാഹുൽ ഗാന്ധിക്കും മലപ്പുറത്ത് ET മുഹമ്മദ് ബഷീറിനും ഭീഷണി ഇല്ലെന്ന് ഉറപ്പിക്കുന്നുണ്ട് യുഡിഎഫ് ക്യാമ്പ്. എന്നാൽ പൊന്നാനിയിൽ അട്ടിമറി സാധ്യത തള്ളിക്കളയാൻ ആകില്ല. സമസ്ത നിലപാട് ഇവിടെ എങ്ങിനെ പ്രതിഫലിക്കും എന്നതാണ് നിർണായകം. കാന്തപുരം വിഭാഗം പ്രാദേശിക തലത്തിൽ LDF നു പിന്തുണ നൽകി എന്നും സൂചനയുണ്ട്.