Saturday, November 23, 2024
Homeകേരളംകൺഫ്യൂഷൻ വേണ്ട; ഗിയറില്ലാത്ത മോട്ടോർ സൈക്കിൾ ഡ്രൈവിങ് ടെസ്റ്റ് രീതിയിൽ മാറ്റമില്ല, അറിയിപ്പ്.

കൺഫ്യൂഷൻ വേണ്ട; ഗിയറില്ലാത്ത മോട്ടോർ സൈക്കിൾ ഡ്രൈവിങ് ടെസ്റ്റ് രീതിയിൽ മാറ്റമില്ല, അറിയിപ്പ്.

ഗിയറില്ലാത്ത മോട്ടോർ സൈക്കിൾ ഡ്രൈവിങ് ടെസ്റ്റ് രീതിയിൽ മാറ്റമില്ലെന്ന് ഗതാഗത വകുപ്പ്. റോഡ് സുരക്ഷയെ മുൻനിർത്തി മോട്ടോർ വാഹന വകുപ്പ് ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങൾ സംബന്ധിച്ചു പുറപ്പെടുവിച്ച 4/2024 -ാം നമ്പർ സർക്കുലറിലെ നിർദേശങ്ങളിൽ ഗിയറില്ലാത്ത മോട്ടോർ സൈക്കിൾ (Motor Cycle without gear) ടെസ്റ്റിൽ ഒരുവിധ മാറ്റവും വരുത്തിയിട്ടില്ലെന്നും അത്തരത്തിലുള്ള തെറ്റിദ്ധാരണകൾ പൊതുജനങ്ങളിൽ നിലനിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഇതു സംബന്ധിച്ചു വിശദീകരണം നൽകുന്നതെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.

എംവിഡിയുടെ പ്രധാന എട്ട് നിര്‍ദേശങ്ങള്‍.

1. കൈ കൊണ്ട് പ്രവർത്തിപ്പിക്കുന്ന ഗിയർ ഷിഫ്റ്റിംഗ് സംവിധാനം മോട്ടോർ സൈക്കിളുകളിൽ നിന്നും അപ്രത്യക്ഷമായതിനാലും അത്തരം വാഹനങ്ങളിൽ പരിശീലനം ലഭിച്ചവർക്ക് കാലുകൊണ്ട് ഗിയർ സെലക്ഷൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും മനസ്സിലാക്കുന്നു. ആയതിനാൽ മോട്ടോർ സൈക്കിൾ വിത്ത് ഗിയർ എന്ന വിഭാഗത്തിന് ഇനി മുതൽ കാൽപാദം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ സംവിധാനമുള്ളതും 95 സിസിക്ക് മുകളിൽ എഞ്ചിൻ കപ്പാസിറ്റിയുള്ളതുമായ മോട്ടോർ സൈക്കിൾ മാത്രമേ ടെസ്റ്റിന് ഉപയോഗിക്കാനാവൂ.

2. ഡ്രൈവിംഗ് പരിശീലനത്തിന് ഉപയോഗിക്കുന്ന പല വാഹനങ്ങളും കാലപ്പഴക്കമുള്ളതും പുതിയ വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായതിനാൽ ഡ്രൈവിംഗ് സ്കൂൾ ലൈസൻസിൽ ചേർക്കുന്ന വാഹനങ്ങളുടെ പ്രായം 15 വർഷമായി നിജപ്പെടുത്തും. ഇത്തരം പഴയ വാഹനങ്ങൾ 1-5-2024ൻപായി മാറ്റി 15 വർഷത്തിൽ കുറവ് കാലപ്പഴക്കമുള്ള വാഹനങ്ങൾ ലൈസൻസിൽ ചേർക്കേണ്ടതുമാണ്.
3. നിലവിൽ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് നേടുന്നതിനുള്ള കേന്ദ്ര മോട്ടോർ വാഹന ചട്ടപ്രകാരമുള്ള നിബന്ധനങ്ങൾ ഓട്ടോമാറ്റിക് / ഇലക്ട്രിക്കൽ വാഹനങ്ങളിൽ ടെസ്റ്റ് നടത്തുമ്പോൾ പരിശോധിക്കാൻ കഴിയില്ല. മാത്രമല്ല ഓട്ടോമാറ്റിക് ഗിയർ ഉള്ള വാഹനങ്ങൾ ഓടിക്കുന്നവർക്ക് മാന്വൽ ഗിയർ വാഹനങ്ങൾ ഓടിക്കുന്നതിന്ന് സാധിക്കുകയില്ല. ആയതിനാൽ ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിൻ്റെ ടെസ്റ്റിന് ഓട്ടോമാറ്റിക് / ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ല.

4. മോട്ടോർ സൈക്കിൾ വിഭാഗത്തിലെ പാർട്ട് 2 റോഡ് ടെസ്റ്റ് വാഹന ഗതാഗതമുള്ള റോഡിൽ തന്നെ നടത്താൻ നിർദ്ദേശം നൽകുന്നു.

5. ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിലെ പാർട്ട് 1 (ഗ്രൗണ്ട് ടെസ്റ്റ് ) ആംഗുലാർ പാർക്കിങ്ങ് ,പാരലൽ പാർക്കിങ്ങ് ,സിഗ്സാഗ് ഡ്രൈവിങ്ങ് ,ഗ്രേഡിയൻ്റ് ടെസ്റ്റ് എന്നിവ ഉൾപെടുത്തി പരിഷ്കരിക്കും.

6. പ്രതിദിനം ഒരു എം വി ഐ യും എ എം വി ഐ ഉം ചേർന്ന് ഡ്രൈവിംഗ് ടെസ്റ്റ് നടത്തേണ്ട എണ്ണം 30 ആയി നിജപ്പെടുത്തി.

7. ഡ്രൈവിങ്ങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന സ്കൂളിൻ്റെ എൽ എം വി വാഹനങ്ങളിൽ ടെസ്റ്റ് റെക്കോർഡ് ചെയ്യുന്നതിന് ഡാഷ് ബോർഡ് ക്യാമറയും, വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസും ഉടമ വാങ്ങി ഘടിപ്പിക്കണം. ടെസ്റ്റ് റെക്കോർഡ് ചെയ്ത് മെമ്മറി കാർഡ് ഓഫീസിലെ കമ്പൂട്ടറിൽ കോപ്പി ചെയ്ത് 3 മാസം വരെ സൂക്ഷിക്കേണ്ടതാണ്.

8. എൽ എം വി ടെസ്റ്റ് കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റ് ട്രാക്കിൽ നടക്കുന്ന സ്ഥലങ്ങളിൽ ആംഗുലാർ പാർക്കിംഗ്, പാരലൽ പാർക്കിംഗ്,സിഗ്സാഗ് ഡ്രൈവിംഗ്, ഗ്രേഡിയൻ്റ് ടെസ്റ്റ് എന്നിവ പ്രത്യേകം പരിശോധിക്കണം.

RELATED ARTICLES

Most Popular

Recent Comments