കോട്ടയം : പാറമ്പുഴ കൂട്ടക്കൊലക്കേസിൽ സുപ്രധാന ഇടപെടലുമായി ഹൈക്കോടതി. പ്രതി നരേന്ദ്രകുമാറിന് വിചാരണ കോടതി വിധിച്ചിരുന്ന വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. നേരത്തെ വിചാരണ കോടതി വധശിക്ഷയും ഇരട്ട ജീവപര്യന്തവും ഏഴുവർഷം തടവും പിഴയും ആയിരുന്നു നരേന്ദ്രകുമാറിന് ശിക്ഷ വിധിച്ചിരുന്നത്. ഇതിൽ വധശിക്ഷ ഒഴികെയുള്ള ബാക്കി ശിക്ഷകൾ പ്രതി അനുഭവിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കോട്ടയം പാറമ്പുഴയിൽ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് നരേന്ദ്രകുമാർ. 2015 മെയ് 16നായിരുന്നു നാടിനെ നടുക്കിയ ഈ കൊലപാതക പരമ്പര അരങ്ങേറിയത്. പാറമ്പുഴയിൽ ഡ്രൈ ക്ലീനിങ് സ്ഥാപനം നടത്തിവരികയായിരുന്ന തുരുത്തേൽ കവല മൂലേപറമ്പിൽ ലാലസൻ (71), ഭാര്യ പ്രസന്നകുമാരി (54), ഇവരുടെ മകൻ പ്രവീൺ ലാൽ (29) എന്നിവരെ പ്രതി നരേന്ദ്രകുമാർ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
കൊല്ലപ്പെട്ട ലാലസന്റെ ഉടമസ്ഥതയിലുള്ള ഡ്രൈ ക്ലീനിങ് സ്ഥാപനത്തിലെ തൊഴിലാളിയായിരുന്നു നരേന്ദ്രകുമാർ. പാറമ്പുഴയിലെ ഡ്രൈ ക്ലീനിങ് സ്ഥാപനത്തിൽ വച്ചാണ് മൂവരും കൊല്ലപ്പെട്ടത്. തുടർന്ന് ഒളിവിൽ പോയ നരേന്ദ്രകുമാറിനെ ഉത്തർപ്രദേശിലെ ഫിറോസാബാദിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി ആണ് പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നത്. നിലവിൽ ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ആണ് നരേന്ദ്രകുമാറിന്റെ വധശിക്ഷ റദ്ദാക്കിയത്.